ദുബായ്: സമാധാന ലക്ഷ്യങ്ങൾ മുൻനിർത്തികൊണ്ടുള്ള അറബ് ലോകത്തെ ആദ്യ ആണവോർജ നിർമാണ പ്ലാന്റെന്ന നേട്ടവുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. അൽ ദഫ്റയിൽ നിർമാണം പൂർത്തീകരിച്ച 'ബറക' ആണവോർജ പ്ലാന്റ് പ്രവർത്തന സജ്ജമായതായും വിജയകരമായി അത് പ്രവർത്തിപ്പിച്ചതായും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
അറബ് മേഖലയിലെ ശാസ്ത്രം അടിസ്ഥാനമാക്കിയുള്ള വഴികൾ മികച്ചതാണെന്നും അദ്ദേഹം ട്വിറ്റർ വഴി വ്യക്തമാക്കി. ഇതോടെ സമാധാന ലക്ഷ്യങ്ങളോടെയുള്ള ആണവോർജ നിർമാണ പ്ലാന്റ് പ്രവർത്തിപ്പിക്കുന്ന 33മത്തെ രാജ്യമായി മാറിയിരിക്കുകയാണ് യു.എ.ഇ. നിർമാണം പൂർത്തിയായി അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ആണവോർജ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്.
എമിറേറ്റ്സ് ന്യൂക്ലിയർ കോർപറേഷന് കീഴിലുള്ള നവാഹ് എനർജി കമ്പനിയാണ് 'ബറക' പ്ലാന്റിന്റെ പ്രവർത്തന മേൽനോട്ടം വഹിക്കുക. പ്ലാന്റ് ഉപയോഗിച്ച് നാല് ഊർജ സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാനാണ് യു.എ.ഇ ഉദ്ദേശിക്കുന്നത്. ഇത് രാജ്യത്തിന്റെ വൈദ്യുതി ആവശ്യങ്ങളെ അന്തരീക്ഷ മലിനീകരണവും മറ്റുമില്ലാതെ നിവൃത്തിക്കാൻ സഹായിക്കുമെന്നാണ് അനുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |