ചെന്നെെ: ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യത്തെ കുറിച്ച് പ്രതീക്ഷയേകുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായ പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ചുവെന്നാണ് പുതിയ കണ്ടെത്തൽ. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അന്ന് ഇതേ നിരീക്ഷണം നടത്തിയ ചെന്നെെ സ്വദേശിയും ടെക്കിയുമായ ഷണ്‍മുഖ സുബ്രഹ്മണ്യനാണ് ഈ റിപ്പോർട്ടുകളും പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ സെപ്തംബര്‍ ഏഴിന് പുലര്‍ച്ചെയാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. അതിനു ശേഷം ലാന്‍ഡറുമായുള്ള ആശയ വിനിമയം പുനഃസ്ഥാപിക്കാന്‍ ഐ.എസ്.ആര്‍.ഒ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. എന്നാൽ അന്ന് തമിഴ്‌നാട് സ്വദേശിയായ ഷണ്‍മുഖ സുബ്രഹ്മണ്യനാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടെത്തിയതെന്നും നാസ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു.
ഇപ്പോഴും ഷൺമുഖ സുബ്രഹ്മണ്യം ചന്ദ്രയാൻ 2വിന്റെ നിരീക്ഷണത്തിലാണ്. തന്റെ ഏറ്റവും പുതിയ കണ്ടെത്തൽ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ചന്ദ്രനിൽ ഇറങ്ങിയ വിക്രം ലാൻഡറിൽ നിന്ന് പ്രഗ്യാൻ റോവർ പുറത്തിറങ്ങി ചന്ദ്രോപരിതലത്തിൽ സഞ്ചാരം നടത്തിയെന്നാണ് ഷൺമുഖം വ്യക്തമാക്കുന്നത്.
ചന്ദ്രയാൻ 2വിന്റെ പ്രഗ്യാൻ റോവർ ചന്ദ്രന്റെ ഉപരിതലത്തിൽ കേടുകൂടാതെ ഇരിക്കുന്നു. അത് വിക്രംലാൻഡറിൽ നിന്ന് ഏതാനും മീറ്റർ അകലെ സഞ്ചരിച്ചു. എന്നാൽ ഇടിച്ചിറങ്ങിയതിനാൽ പേലോഡുകൾ വിഘടിച്ചിരിക്കുകയാണ്.-സുബ്രഹ്മണ്യൻ ട്വിറ്ററിൽ കുറിച്ചു. റോവറിന്റെ ചലന ദൃശ്യങ്ങളുടെ വിശദാംശങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. റോവർ ലാൻഡറിൽ നിന്ന് പുറത്തിറങ്ങി. ഉപരിതലത്തിൽ നിന്ന് കുറച്ചുമീറ്റർ സഞ്ചരിച്ചതായും സുബ്രഹ്മണ്യം പറയുന്നു.
ചന്ദ്രയാൻ 2ന്റെ പ്രഗ്യാൻ റോവറിന്റെ ചലനങ്ങൾ അറിയാൻ നാസയുടെ ഐ എസ് ഐ എസ് 3 യു എസ് ജി എസ് 3സോഫ്റ്റ് വെയർ ഉപയോഗിച്ചു. തന്റെ കണ്ടെത്തലുകൾ നാസയുമായും, ഇസ്രോയുമായും പങ്കുവച്ചിട്ടുണ്ട്. അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്-സുബ്രഹ്മണ്യം വ്യക്തമാക്കി.
സുബ്രഹ്മണ്യൻ തങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നെന്നും ഇതുസംബന്ധിച്ച വിവരങ്ങൾ വിദഗ്ദ്ധർ വിശകലനം ചെയ്യുകയാണെന്നും ഇസ്രോ ചെയർമാൻ കെ ശിവൻ പറഞ്ഞു.
Chandrayaan2's Pragyan "ROVER" intact on Moon's surface & has rolled out few metres from the skeleton Vikram lander whose payloads got disintegrated due to rough landing | More details in below tweets @isro #Chandrayaan2 #VikramLander #PragyanRover (1/4) pic.twitter.com/iKSHntsK1f
— Shan (Shanmuga Subramanian) (@Ramanean) August 1, 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |