ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജയ്ക്കായി പ്രധാമന്ത്രി ഉൾപ്പെടെ 175 പേരെ മാത്രമേ ചടങ്ങിൽ ക്ഷണിച്ചിട്ടുള്ളു. 175പേരിൽ 135 പേരും വിവിധ മതങ്ങളിലെ സന്ന്യാസി മഠങ്ങളിൽ നിന്നുള്ളവരാണ്. ക്ഷണം ലഭിച്ചവരിൽ മുസ്ലീം മതസ്ഥരായ മൂന്ന് പ്രമുഖരും ഉണ്ട്.
ഇക്ബാൽ അൻസാരി,സുഫർ ഫറൂഖി,മുഹമ്മദ് ഷരിഫ് എന്നിവരാണ് ആ പ്രമുഖരായ മുസ്ലീം നേതാക്കൾ. 2016 ൽ അന്തരിച്ച ഹാഷിം അൻസാരിയുടെ മകൻ ഇക്ബാൽ അൻസാരി (69) ആണ് ചടങ്ങിലേക്ക് ട്രസ്റ്റ് ഭാരവാഹികൾ ക്ഷണിച്ച ആദ്യ വ്യക്തി. കേസിൽ മുസ്ലീം വിഭാഗത്തിലെ ഏറ്റവും ആദ്യത്തെ കക്ഷികളിലൊരാളായിരുന്നു ഹാഷിം അൻസാരി. കൂടാതെ ബാബറി മസ്ജിദ് കേസിലെ പ്രധാന കക്ഷികൂടിയാണ് ഇക്ബാൽ അൻസാരി.
ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർമാൻ സഫർ ഫറൂഖിയെയാണ് ട്രസ്റ്റ് രണ്ടാമതായി ക്ഷണിച്ചത്. അയോദ്ധ്യ ജില്ലയിലെ അഞ്ച് ഏക്കർ സ്ഥലത്ത് പള്ളി നിർമാണത്തിന് ചുക്കാൻ പിടിക്കുന്ന 15 അംഗ ട്രസ്റ്റിന്റെ തലവനാണ് സുഫർ അഹമ്മദ് ഫാറൂഖി. സാമൂഹിക പ്രവർത്തകൻ മുഹമ്മദ് ഷരിഫിനെയും(80) ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 5,000 ഹിന്ദു, മുസ്ലീം ജനതകൾക്കായി ചടങ്ങുകൾ നടത്തിയ വ്യക്തിയാണ് അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രീയ സ്വയംസേവക സംഘം (ആർ.എസ്.എസ്) മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരാണ് ഭൂമി പൂജയിലെ പ്രധാന അതിഥികൾ.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചടങ്ങിലേക്ക് കൂടുതലാളുകളെ ക്ഷണിക്കാത്തതെന്ന് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.'പഴയ സാഹചര്യമായിരുന്നെങ്കിൽ തുടക്കം മുതൽ പ്രസ്ഥാനവുമായി സഹകരിച്ചിരുന്ന എല്ലാവർക്കും ചടങ്ങിൽ പങ്കെടുക്കാമായിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ വളരെ കുറച്ചുപേർക്ക് മാത്രമേ എത്താൻ സാധിക്കുകയുള്ളു' അദ്ദേഹം പറഞ്ഞു.
175 അതിഥികളിൽ 135 പേർ വിവിധ ആത്മീയ പാരമ്പര്യങ്ങളിൽ നിന്നുള്ളവരായിരിക്കുമെന്ന് ട്രസ്റ്റ് സ്ഥിരീകരിച്ചു. ഹിന്ദു മതനേതാക്കളെ കൂടാതെ ലഖ്നൗ സതാനി വഖഫ് ബോർഡ് ചെയർപേഴ്സൺ, സിഖ് പുരോഹിതൻമാർ, മറ്റ് മത നേതാക്കൾ എന്നിവരെ അയോദ്ധ്യയിലെ ഭൂമി പൂജയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |