ലക്നൗ: വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനും കോടതി വ്യവഹാരങ്ങള്‍ക്കും അന്ത്യം കുറിച്ച് ഇന്ന്
അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിര്‍മാണത്തിനാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. 40 കിലോ വെള്ളി ശില പാകിയാണ് ക്ഷേത്ര നിര്‍മാണത്തിന് തുടക്കമായത്. ദേശീയ അന്തര്‍ദേശീയ മാദ്ധ്യമങ്ങളടക്കം വളരെ പ്രാധാന്യത്തോടെയാണ് ഈ സംഭവത്തെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്ഷേത്ര നിര്‍മ്മാണത്തിനായുള്ള തറക്കല്ലിട്ട് പ്രധാനമന്ത്രി മടങ്ങിയപ്പോള്‍ ചരിത്രത്തിലെ സുവര്‍ണ ലിപികളില്‍ എഴുതിചേര്‍ക്കാനാവുന്ന മൂന്ന് റിക്കാഡുകളും സ്വന്തമാക്കിയാണ് അദ്ദേഹം അയോദ്ധ്യ നഗരം വിട്ടത്.
നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നരേന്ദ്ര മോദി അയോദ്ധ്യ നഗരത്തില്‍ സന്ദര്‍ശനം നടത്തുന്നത്. 1992 ഒരു സമരത്തിന്റെ ഭാഗമായുള്ള യാത്രയിലാണ് അദ്ദേഹം ഈ നഗരത്തിലെത്തുന്നത്. അന്നത്തെ ബി ജെ പി പ്രസിഡന്റ് ഡോ. മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള 'തിരംഗ യാത്ര'യുടെ കണ്‍വീനറായിരുന്നു മോദി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഈ യാത്ര സംഘടിപ്പിച്ചത്. എന്നാല്‍ ഇന്നത്തെ ചടങ്ങോടെ നരേന്ദ്ര മോദി സ്വന്തമാക്കിയ റെക്കോഡുകള്‍ ഇനി പറയുന്നതാണ്.
1. രാം ജന്മഭൂമി സന്ദര്‍ശിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി. വര്‍ഷങ്ങളായി തര്‍ക്ക സ്ഥലമായിരുന്ന ഇവിടം. കോടതി ഉത്തരവോടെയാണ് തര്‍ക്കങ്ങളൊഴിഞ്ഞ് സമാധാനം കൈവന്നത്.
2. ഇന്ന് ശിലാസ്ഥാപനം നടത്തുന്നതിന് മുന്നോടിയായി, നരേന്ദ്ര മോദി അയോദ്ധ്യയിലെ ഹനുമാന്‍ ഗര്‍ഹിയിലും സന്ദര്‍ശനം നടത്തി അനുഗ്രഹം തേടിയിരുന്നു. ഹനുമാന്റെ അനുഗ്രഹം തേടി ഒരു പ്രധാനമന്ത്രി ഹനുമാന്‍ ഗര്‍ഹി സന്ദര്‍ശിച്ച ആദ്യ സംഭവമാണ് ഇന്നുണ്ടായത്. ഇതിനും അയോദ്ധ്യ സാക്ഷിയായി
3.രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിന്റെ പ്രതീകമായ ക്ഷേത്രത്തിന്റെ 'ഭൂമി പൂജന്‍' പരിപാടിയില്‍ പങ്കെടുത്ത ആദ്യത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറി. രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ രാഷ്ട്രീയ എതിര്‍പ്പിനെ അവഗണിച്ചാണ് അദ്ദേഹം ഈ പരിപാടിയില്‍ പങ്കെടുത്തത് എന്നതും പ്രത്യേകതയാണ്.
ഇതിനെല്ലാം പുറമേ മറ്റൊരു പ്രത്യേകത കൂടി ഇന്നത്തെ ദിവസത്തിനുണ്ട്. നീണ്ട 28 വര്‍ഷത്തിന് മുന്‍പ് അയോദ്ധ്യയില്‍ അന്നത്തെ ബി ജെ പി പ്രസിഡന്റ് ഡോ. മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള 'തിരംഗ യാത്ര'യുടെ കണ്‍വീനറായിരുന്നു മോദി അവസാനം എത്തിയത്. കാശ്മീരിന് പ്രത്യേക പദവി അനുവദിച്ച് നല്‍കുന്ന ഭരണഘടനയിലെ 370 അനുച്ഛേദം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്ന് ഈ യാത്ര സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 5ന് ഇന്ത്യന്‍ പാര്‍ലമെന്റ് നിയമഭേദഗതിയിലൂടെ 370 അനുച്ഛേദം പിന്‍വലിച്ചിരുന്നു. ഇതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് പ്രധാനമന്ത്രി അയോദ്ധ്യയില്‍ എത്തിയതെന്നതും മറ്റൊരു പ്രത്യേകതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |