പ്രൊഫഷനോടുള്ള അടങ്ങാത്ത പ്രണയം ; അഭിഭാഷകവൃത്തിയിൽ മൂന്നര പതിറ്റാണ്ടിനോട് അടുക്കുമ്പോഴും തുടക്കക്കാരന്റെ അതേ ആവേശത്തോടെയാണ് അഡ്വ.കെ.എം.മുസ്തഫ ഓരോ ദിവസവും തുടങ്ങുന്നത്. പുതുതായെന്തെങ്കിലും നിത്യവും പഠിക്കാനുണ്ടെന്ന നോട്ടത്തോടെയാണ് അദ്ദേഹം കോടതിയിലേക്ക് കടക്കുന്നത്. സിവിൽ കേസുകളിൽ അഗ്രഗണ്യൻ എന്ന ഖ്യാതി നേടാനായത് ഈ അർപ്പണ മനോഭാവം കൊണ്ടുതന്നെ.
തിരിഞ്ഞു നോക്കുമ്പോൾ ഏറെ ചാരിതാർത്ഥ്യമുണ്ട് അഡ്വ.മുസ്തഫയ്ക്ക്. മനസാ അംഗീകരിക്കാത്ത ഒരു കേസും ഇക്കാലം വരെ ഏറ്റെടുത്തിട്ടില്ല. എന്നും പ്രതിഫലത്തേക്കാൾ മൂല്യം കല്പിക്കുന്നുണ്ട് കേസ് ജയിപ്പിച്ചെടുക്കുമ്പോഴുള്ള ആത്മസംതൃപ്തിയ്ക്ക്. പ്രതിഫലം വാങ്ങാതെ എത്രയോ കേസ്സുകൾ ഇതിനിടയ്ക്ക് ഏറ്റെടുത്തിട്ടുണ്ട്.കേസുകൾ തിരഞ്ഞെടുക്കുന്നതിൽ വ്യക്തതയാർന്ന നയമാണ്. അതിൽ നിന്നു തുടക്കംതൊട്ട് വ്യതിചലിച്ചിട്ടില്ല. ധാർമ്മികതയ്ക്ക് നിരക്കാത്തതു ചെയ്യില്ലെന്ന ശാഠ്യം തന്നെയാണ് അടിസ്ഥാനം. പൊതുവെ മാതാപിതാക്കൾ ജീവിച്ചിരിക്കെ സ്വത്ത് മക്കൾക്ക് ദാനമായി എഴുതിക്കൊടുക്കുന്നത് തീരെ കുറവാണ്. അങ്ങനെ പിടിച്ചുവാങ്ങാനായി മുന്നിലെത്തുന്നവരെ പിന്തിരിപ്പിച്ച് പറഞ്ഞയക്കാറാണ് പതിവെന്ന് അഡ്വ.മുസ്തഫ പറയുന്നു.
@ തുടക്കത്തിലേ പ്രിയം സിവിൽ കേസ്സുകളിൽ
പരിശീലനത്തിന്റെ തുടക്കം 1986-ൽ അഡ്വ.ജെയിംസ് ചാക്കോയുടെ കീഴിലായിരുന്നു. ആറു മാസം പിന്നിട്ടപ്പോഴായിരുന്നു അഡ്വ.ജെയിംസിന്റെ മരണം. തുടർന്ന് ഈ രംഗത്ത് പിടിച്ചുകയറാൻ തുണച്ചത് അഭിഭാഷകൻ കെ.സി.രവീന്ദ്രൻ നായർ. അദ്ദേഹത്തിന്റെ ഒട്ടേറെ കേസുകളിൽ ഹാജരായി. ആ അനുഭവസമ്പത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ബലത്തിൽ സ്വതന്ത്രമായി പ്രാക്ടീസ് തുടങ്ങാൻ ഉറപ്പിച്ചു. 1988 - ൽ എരഞ്ഞിപ്പാലത്ത് നെച്ചൂളി തറവാടിനോട് ചേർന്ന് സ്വന്തം ഒാഫീസ് തുറന്നു. മൂന്നു ജൂനിയർമാരുമായാണ് തുടക്കം. ഇതിനിടയ്ക്ക് നിരവധി പേർ ഈ ഓഫീസിൽ പരിശീലനം നേടി. പുറത്തിറങ്ങിയവരിൽ പേരെടുത്തവരും ഒട്ടേറെ. കെ.എം.മുഹമ്മദ് ഇക്ബാൽ, ശ്രീനേഷ്, റസൽ റഹ്മാൻ തുടങ്ങിയവർ ആ നിരയിലുൾപ്പെടും. ഇന്നിപ്പോൾ കോഴിക്കോട്ട് ഏറ്റവും കൂടുതൽ സിവിൽ കേസുകൾ കൈകാര്യം ചെയ്യുന്നവരിൽ ഒരാളാണ് അഡ്വ.മുസ്തഫ. ജയിച്ച കേസുകളുടെ എണ്ണമാണ് ഒരു അഭിഭാഷകന്റെ വിജയരഹസ്യമെന്ന് ഇദ്ദേഹം പറയുന്നു.മുക്കം മുസ്ളീം ഒാർഫനേജ്, കൊടുവള്ളി ഒാർഫനേജ് എന്നിവയുടെ നിയമോപദേഷ്ടാവ് കൂടിയാണ് അഡ്വ.മുസ്തഫ.
@ ഒഴിവാക്കാം നീതി നിഷേധം
പുതിയ കാലത്ത് നീതി അനിശ്ചിതമായി നിഷേധിക്കപ്പെടുന്നുവെന്ന് പറയാനാവില്ല. അദാലത്തുകൾ വഴി കോടതിയ്ക്ക് പുറത്തും ഒട്ടനവധി പല കേസുകളിൽ തീർപ്പാവുന്നുണ്ട്. ചെറിയ ഒരുപാട് കേസുകളാണ് ഇങ്ങനെ തീരുന്നത്. ഇതുവഴി കക്ഷികൾക്കുള്ള വലിയ നേട്ടം വൈകാതെ നീതി ലഭിക്കുന്നുവെന്നതു തന്നെ. വർഷങ്ങളായി കേസുമായി ചുറ്റിത്തിരിയേണ്ടതില്ല. അനാവശ്യ ചെലവുകൾ ഒഴിവാക്കാനാവുന്നുവെന്ന മെച്ചവുമുണ്ട്. ഓരോ വർഷവും ശരാശരി 30 ശതമാനം കേസുകളെങ്കിലും ഇങ്ങനെ പരിഹരിക്കപ്പെടുന്നുണ്ടെന്ന് അഡ്വ.മുസ്തഫ ചൂണ്ടിക്കാണിക്കുന്നു.
@ ലോക്കിൽ വീഴാതെ
കൊവിഡ് ലോക്ക് ഡൗൺ വന്നപ്പോഴും വെറുതെ അടങ്ങിയിരിക്കുകയായിരുന്നില്ല. അഭിഭാഷക ജീവിതത്തിനിടയിൽ ഇങ്ങനെ പൂർണ ബ്രേക്ക് കിട്ടിയ സമയം മുമ്പുണ്ടായിട്ടില്ല. പക്ഷേ, നല്ലൊരു പങ്ക് സമയവും കേസ്സുകളിൽ മുഴുകുകയായിരുന്നു. പഴയ കേസുകൾ പലതും പഠിച്ചു. ഇഷ്ടപ്പെട്ട പുസ്തകങ്ങളും കൂട്ടായുണ്ടായിരുന്നു.
@ വക്കീൽ മോഹം മനസ്സിൽ നിറച്ചത് വാപ്പ
സ് കൂൾ പഠനകാലത്ത് സയൻസും കണക്കുമായിരുന്നു മുസ്തഫയുടെ ഇഷ്ടവിഷയങ്ങൾ. പ്രീഡിഗ്രിയ്ക്ക് ഫസ്റ്റ് ഗ്രൂപ്പെടുത്ത് പഠിക്കണമെന്ന മോഹമായിരുന്നു. കോടതിയ്ക്കടുത്ത് കൊപ്ര വ്യാപാരിയായിരുന്ന വാപ്പ എ.പി.മൊയ്തീന്, മോനെ വക്കീലാക്കണമെന്ന വലിയ ആഗ്രഹം. ദിവസവും കുറേയേറെ വക്കീലൻമാരെ കാണുന്നതാണ്. പലരും പരിചയക്കാരായുമുണ്ട്. നീ പഠിച്ച് വക്കീലാവണമെന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുമുണ്ട് വാപ്പ. മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്കൂളിൽ നിന്ന് 1979-ൽ എസ്.എസ്.എൽ.സി ഫസ്റ്റ് ക്ലാസോടെ പാസ്സായി. പ്രീഡിഗ്രിയ്ക്ക് മലബാർ ക്രിസ്ത്യൻ കോളേജിൽ ചേർന്നത് ബയോളജി ഐച്ഛികവിഷയമായുള്ള സെക്കന്റ് ഗ്രൂപ്പിലാണ്. അതിനിടയിൽ വാപ്പയെ ആരോ പറഞ്ഞു ധരിപ്പിച്ചു, സെക്കന്റ് ഗ്രൂപ്പിന്റെ വഴിയിൽ പോയാൽ മോൻ വക്കീലാവില്ലെന്ന്. പിന്നെ വാപ്പ വിട്ടില്ല. നിർബന്ധിച്ച് ഹിസ്റ്ററി - ഇക്കണോമിക്സ് ഗ്രൂപ്പിലേക്ക് മാറ്റിച്ചേർത്തു. ചരിത്രത്തോട് കമ്പമില്ലെങ്കിലും ഇഷ്ടമുണ്ടാക്കി പഠിച്ചു. പ്രീഡിഗ്രി നല്ല മാർക്കോടെ പാസ്സായി. ഹിസ്റ്ററി - ഇക്കണോമിക്സ് ഡബിൾ മെയിനായുള്ള ഡിഗ്രിയ്ക്ക് ഡിസ്റ്റിംഗ്ഷനുണ്ടായിരുന്നു.
കോഴിക്കോട് ഗവ. ലോ കോളേജിൽ നിന്ന് രണ്ടാം റാങ്കോടെയാണ് എൽ.എൽ.ബി നേടിയത്. വാപ്പയുടെ വലിയ മോഹം സാക്ഷാത്കരിച്ചപ്പോഴേക്കും കാണാൻ അദ്ദേഹമുണ്ടായില്ലെന്നത് തീരാനൊമ്പരമാണ്. എൽ.എൽ.ബി ക്ക് മകൻ ചേർന്നപ്പോൾ തന്നെ വാപ്പയ്ക്ക് പകുതിയിലേറെ സമാധാനമായിരുന്നു.
ലോ കോളേജിൽ ഒന്നാം വർഷത്തിനിടയ്ക്കായിരുന്നു വാപ്പയുടെ വിയോഗം.
@ സാംസ്കാരിക രംഗത്തും സജീവം
വിദ്യാർത്ഥിയായിരിക്കെ കെ.എസ്.യു വിൽ സജീവമായിരുന്നു. ജില്ലാ കമ്മിറ്റിയിലുണ്ടായിരുന്നു. ഇന്ത്യൻ യൂത്ത് അസോസിയേഷനിലൂടെ പിന്നീട് സാംസ്കാരിക രംഗത്തായി ഊന്നൽ. സംഘടനയുടെ സെക്രട്ടറിയായിരുന്നപ്പോൾ പല പ്രമുഖരെയും നേരിട്ട് പരിചയപ്പെടാൻ അവസരം കൈവന്നു. കാലിക്കറ്റ് ബാർ അസോസിയേഷൻ ഭാരവാഹിയായിരുന്നു. റോട്ടറി ക്ലബ് മെമ്പറാണ്.
@ കുടുംബം
എ.പി.മൊയ്തീൻ കോയ - ഫാത്തിമബി ദമ്പതികളുടെ മക്കളിൽ മൂന്നാമനാണ് മുസ്തഫ. ഭാര്യ: ഷാജിദ. മൂത്ത മകൾ റെഷിൻ ഫാത്തിമ ബി.കോം, എ.സി.എ ബിരുദ ദാരണിയാണ്. രണ്ടാമത്തെ മകൾ നൗറിൻ ഫാത്തിമ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയർ.ഇളയ മകൾ ഡോ.ഫെറിൻ ഫാത്തിമ എം.ഡി.എസിനു പഠിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |