യൂറോപ്യൻ ഫുട്ബാളിൽ കളിക്കാരോളം തന്നെ പ്രശസ്തരാണ് പരിശീലകരും.പല പ്രൊഫഷണൽ ക്ളബുകളും കളിക്കാരെ തിരഞ്ഞെടുക്കുന്നതിലും സൂക്ഷ്മത പുലർത്തുന്നത് കോച്ചുമാരെ തിരഞ്ഞെടുക്കുന്നതിലാണ്.പരിശീലകരുടെ പേരിൽ അറിയപ്പെടുന്ന ക്ളബുകളും കുറവല്ല.
മുൻ കാലങ്ങളിൽ പരിശീലകരുടെ മേന്മ അളന്നിരുന്നത് പ്രായത്തിലും പരിചയ സമ്പത്തിലുമാണ്. എന്നാൽ ഇൗ അടുത്ത കാലത്ത് യൂറോപ്പിലെ പ്രധാന ലീഗുകളിലേക്ക് ഒന്നു കണ്ണോടിക്കുമ്പോൾ പരിശീലക സ്ഥാനത്ത് ഇരിക്കുന്നവരിൽ പലരും ചെറുപ്പക്കാരാണ്. മിക്കവർക്കും അമ്പതിൽ താഴെയാണ് പ്രായം. ഇവരിൽ പലരും കളിക്കാരെന്ന നിലയിൽ തങ്ങളുടെ വിജയകരമായ കരിയറിന് ശേഷം പരിശീലകന്റെ കുപ്പായം തിരഞ്ഞെടുത്തവരുമാണ്.
അതേ സർ അലക്സ് ഫെർഗൂസന്റെയും ആർസീൻ വെംഗറുടെയുമൊക്കെ കാലം കഴിഞ്ഞിരിക്കുന്നു
. ഇത് സിനദിൻ സിദാന്റെയും പെപ് ഗ്വാർഡിയോളയുടെയും മൈക്കേൽ ആർട്ടേറ്റയുടെയുമൊക്കെ കാലമാണ്. ഇവരെല്ലാം അമ്പതിൽ താഴെ പ്രായമുള്ള മുൻ കളിക്കാരാണ്.കളി നിറുത്തിയ ക്ളബിനൊപ്പം ബി ടീമിന്റെ കോച്ചായോ സഹ പരിശീലകനോ ഒക്കെയായി തുടങ്ങിയ ഇവർ ഇപ്പോൾ എണ്ണം പറഞ്ഞ ക്ളബുകളുടെ തലവന്മാരായിക്കഴിഞ്ഞു.
യൂറോപ്യൻ ക്ളബ് ഫുട്ബാളിലെ ചെറുപ്പക്കാരും മുൻ താരങ്ങളുമായ പ്രധാന പരിശീലകരെ പരിചയപ്പെടാം
പെപ് ഗ്വാർഡിയോള
മാഞ്ചസ്റ്റർ സിറ്റി
49 വയസ്
ഇക്കാലത്തെ പരിശീലകരിൽ പ്രായം കുറവെങ്കിലും പരിചയ സമ്പത്ത് കൂടുതലുള്ളത് പെപ്പിനാണെന്ന് പറയേണ്ടിവരും.1988ൽ ബാഴ്സലോണയുടെ സി ടീമിനായി കളി തുടങ്ങിയതാണ് ഇൗ സ്പെയ്ൻകാരൻ.1990 മുതൽ 2001 വരെ ബാഴ്സ സീനിയർ ടീമിനായി കളിച്ചു.ബാഴ്സ വിട്ടശേഷം ഇറ്റലിയിലും ഖത്തറിലും മെക്സിക്കോയിലുമൊക്കെ കുറച്ചുകാലം കൂടി കളിക്കാരന്റെ കുപ്പായമണിഞ്ഞു.
2007-ൽ തന്റെ 36-ാം വയസിൽ ബാഴ്സലോണയുടെ ബി ടീമിന്റെ പരിശീലകനായി കോച്ചിംഗ് കരിയറിന് തുടക്കം.അടുത്തകൊല്ലം മെസിയും ചാവിയും ഇനിയെസ്റ്റയുമൊക്കെയടങ്ങുന്ന ബാഴ്സ സീനിയർ ടകമിന്റെ കോച്ചായി. പിന്നീടങ്ങോട്ട് അഞ്ചു സീസണുകളിൽ ചരിത്രമെഴുതിയ വിജയഗാഥ.മൂന്ന് സീസണുകളിൽ ബാഴ്സയെ സ്പാനിഷ് ലാ ലിഗ ചാമ്പ്യന്മാരാക്കി. രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളും.ക്ളബ് ലോകകപ്പും കിംഗ്സ് കപ്പും സൂപ്പർ കപ്പുമൊക്കെയായി 15 കിരീടങ്ങൾ ബാഴ്സയെ അണിയിച്ച ശേഷമാണ് 2012ൽ പടിയിറങ്ങിയത്.
അവിടെ നിന്ന് നേരേ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിൽ .മൂന്ന് തവണ ബയേണിനെ ബുണ്ടസ് ലീഗചാമ്പ്യൻന്മാരും ഒരു തവണ ക്ളബ് ലോകകപ്പ് ജേതാക്കളുമാക്കി. ആകെ ഏഴ് കിരീടങ്ങൾ. 2016ലാണ് ഇപ്പോഴത്തെ ക്ളബ് മാഞ്ചസ്റ്റർ സിറ്റിയിലേക്കെത്തിയത്. രണ്ട് തവണ ഇതിനോടകം സിറ്റിയെ പ്രിമിയർ ലീഗ് ജേതാക്കളാക്കിക്കഴിഞ്ഞു.എട്ട് ട്രോഫികളാണ് പെപ്പിന്റെ കാലയളവിൽ സിറ്റിയുടെ അലമാരയിലെത്തിയിരിക്കുന്നത്. ഇനിയെത്താനുള്ളത് ചാമ്പ്യൻസ് ലീഗ് കിരീടമാണ്. ഇക്കുറി പ്രീക്വാർട്ടറിൽ റയലിനെ നേരിടാൻ ഇരിക്കുകയാണ് പെപ്പും കൂട്ടരും.ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യൻസ് ലീഗ് കിരീടം കയ്യിലേന്താമെന്ന ഉറച്ച പ്രതീക്ഷയുമായി പെപ് കച്ചമുറുക്കുമ്പോൾ മറുവശത്ത് അങ്കത്തിനൊരുങ്ങുന്നത് സാക്ഷാൽ സിദാനാണ്.
സിനദിൻ സിദാൻ
റയൽ മാഡ്രിഡ്
48 വയസ്
ഫ്രാൻസിന് 2006 ലോകകപ്പ് നേടിക്കൊടുത്ത സൂപ്പർ ഹീറോ കോച്ചിന്റെ കോട്ടിട്ട് വന്നപ്പോഴും തകർപ്പനാണ്.1989ലാണ് കളിക്കാരനെന്ന നിലയിൽ സിദാന്റെ കരിയർ തുടങ്ങുന്നത്. ഫ്രഞ്ച് ക്ളബ് കാനിൽ നിന്ന് ബോർഡിക്സ് വഴി ഇറ്റാലിയൻ ക്ളബ് യുവന്റസിലേക്ക് എത്തിയത് 1996ൽ.2001 വരെ അവിടെത്തുടർന്നു.
യുവന്റസിൽ നിന്ന് റയൽ മാഡ്രിഡിലേക്ക് എത്തിയതാണ് സിദാന്റെ കരിയറിലെ വഴിത്തിരിവ്.2006ൽ കളിക്കുപ്പായം ഉൗരുന്നതുവരെ റയലിൽ തുടർന്ന സിദാൻ പതിയെ റയലിനെ ഒരു കുടുംബത്തെപ്പോലെ സ്നേഹിച്ചു തുടങ്ങി.കോച്ചിംഗ് ആഗ്രഹിച്ചപ്പോഴും റയൽ വഴിതുറന്നു. 2014ൽ റയലിന്റെ അക്കാഡമിയായ കാസ്റ്റില്ലയിൽ കോച്ചായി അരങ്ങേറ്റം.2016 സീസണിനിടയിൽ റാഫേൽ ബെനിറ്റ്സിനെ പിഴുതുമാറ്റിയപ്പോൾ സീനിയർ ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്നു.
റയൽ കോച്ചായി ആദ്യ സീസണിൽത്തന്നെ ചാമ്പ്യൻസ് ലീഗും ലാ ലിഗയും നേടിയെടുത്ത് ഞെട്ടിച്ചു. പിന്നെ തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗുകളിൽ കിരീടം നേടുന്ന ആദ്യ ക്ളബ്ബാക്കി റയലിനുവേണ്ടി ചരിത്രമെഴുതി. ഇൗ സീസണിൽ വീണ്ടും ലാ ലിഗ കിരീടം. മൂന്ന് സീസണുകൾ കൊണ്ട് 11 കിരീടങ്ങൾ റയലിലെത്തിച്ചുകഴിഞ്ഞു സിദാൻ.
മൈക്കേൽ ആർട്ടേറ്റ
ആഴ്സനൽ
38 വയസ്
1999ൽ ബാഴ്സലോണയുടെ സി ടീമിലൂടെ കളി തുടങ്ങിയ ആർട്ടേറ്റ കഴിഞ്ഞ വർഷമാണ് ആഴ്സനലിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റത്.രണ്ട് പതിറ്റാണ്ടിലേറെ ക്ളബിനെ പരിശീലിപ്പിച്ച ആർസീൻ വെംഗർക്ക് പകരക്കാരനായി വന്നേ ഉനേയ് എംറേയ്ക്ക് ക്ളച്ച് പിടിക്കാനാകാതെ വന്നതോടെയാണ് ആർട്ടേറ്റയ്ക്ക് നറുക്ക് വീണത്. ആദ്യ സീസണിൽത്തന്നെ എഫ്.എ കപ്പ് ജേതാക്കളാക്കാൻ ആർട്ടേറ്റയ്ക്ക് കഴിഞ്ഞു.
ബാഴ്ലോണയിൽ മൂന്ന് വർഷം ഉണ്ടായിരുന്നെങ്കിലും സി ടീമിലും ബി ടീമിലും ഒതുങ്ങാനായിരുന്നു ആർട്ടേറ്റയുടെ യോഗം.പാരീസ് എസ്.ജി ,റേഞ്ചേഴ്സ്. റയൽ സോസിഡാഡ് എന്നിങ്ങനെ ഒഴുകി 2005 എവർട്ടനിൽ സ്ഥിരമായി. ആറുകൊല്ലം അവിടെ കളിച്ച ശേഷമാണ് 2011ൽ ആഴ്സനലിലെത്തുന്നത്.
2016ൽ വിരമിച്ചശേഷം ആദ്യം ചെയ്തത് മാഞ്ചസ്റ്റർ സിറ്റിയിൽ പെപ് ഗ്വാർഡിയോളയുടെ അസിസ്റ്റന്റാവുകയായിരുന്നു. പെപ് ആശാന്റെ കീഴിൽ നന്നായി പണി പഠിച്ചു എന്ന് ഉറപ്പായപ്പോഴാണ് ആഴ്സനലിലേക്ക് വിളിയെത്തിയത്.
ഫ്രാങ്ക് ലംപാർഡ്
ചെൽസി
42 വയസ്
ഒന്നരപ്പതിറ്റാണ്ട് ചെൽസിക്ക് വേണ്ടി കളിച്ച് ക്ളബിന്റെ മുഖമായി മാറിയ താരമാണ് ലംപാർഡ്. 1995ൽ വെസ്റ്റ്ഹാമിലൂടെയാണ് ലംപാർഡിന്റെ കരിയർ തുടങ്ങുന്നത്.2001 ലാണ് ചെൽസിയിലെത്തുന്നത്. 2014വരെ അവിടത്തുടർന്നു. പിന്നെ ഒരു സീസൺ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും ഒരു സീസൺ ന്യൂയോർക്ക് സിറ്റിക്കുവേണ്ടിയും കളിച്ചശേഷം 2016ൽ വിരമിച്ചു.
2018-19 സീസണിലാണ് കോച്ചായി അരങ്ങേറിയത്. ആദ്യം അഭ്യാസം നടത്തിയത് ഡെർബി കൗണ്ടിയിൽ. കഴിഞ്ഞ സീസണിൽ ചെൽസി മുഖ്യകോച്ചായി .പ്രിമിയർ ലീഗിൽ ചെൽസിയെ നാലാമതെത്തിച്ചു. എഫ്. എ കപ്പിന്റെ ഫൈനലിൽ ആർട്ടേറ്റയുടെ ആഴ്സനലിനോട് തോൽക്കേണ്ടിവന്നു.
ഡീഗോ സിമയോണി
അത്‌ലറ്റിക്കോ മാഡ്രിഡ്
50 വയസ്
അർജന്റീന
ക്കാരനായ സിമയോണി തന്റെ 19 വർഷം നീണ്ട കളിക്കാരനെന്ന നിയിലെ കരിയറിൽ രണ്ട് കൊല്ലം മാത്രമാണ് സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിനായി കളിച്ചത്.എന്നാൽ അത്‌ലറ്റിക്കോയുടെ പരിശീലകനായി ഇത് പത്താം കൊല്ലമാണ്.
2006ൽ അർജന്റീനാ ക്ളബ് റേസിംഗിന് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിരമിച്ചത്. അതേകൊല്ലം അതേ ക്ളബിന്റെ പരിശീലകനായി അരങ്ങേറി.എസ്റ്റ്യുഡിയന്റ്സ്, റിവർപ്ളേറ്റ്,സാൻ ലോറെൻസോ ,കറ്റാനിയ തുടങ്ങിയ ക്ളബുകളിലൂടെ വീണ്ടും റേസിംഗിൽ എത്തി.2011ൽ അത്‌ലറ്റിക്കോയിൽ കോച്ചായെത്തി. അത്‌ലറ്റിക്കോയെ ഒാരോ തവണ ലാ ലിഗയിലും കിംഗ്സ് കപ്പിലും സ്പാനിഷ് സൂപ്പർ കപ്പിലും ജേതാക്കളാക്കി. രണ്ട് തവണ യൂറോപ്പ ലീഗ് ജേതാക്കളാക്കി. രണ്ട് ചാമ്പ്യൻസ് ലീഗുകളുടെ ഫൈനലിൽ കളിച്ചെങ്കിലും കിരീടം നേടാനായില്ല.റയലും ബാഴ്സയും അരങ്ങ് വാണിരുന്ന സ്പാനിഷ് ലീഗിൽ അത്‌ലറ്റിക്കോയെ ആരും ഭയക്കുന്ന എതിരാളികളാക്കി മാറ്റിയതാണ് സിമയോണിയുടെ മിടുക്ക്.
ആന്ദ്രേ പിർലോ
യുവന്റസ് അണ്ടർ-23
41 വയസ്
പരിശീലകക്കുപ്പായത്തിലേക്ക് ചുവടുമാറുന്ന മുൻ കാല താരങ്ങളിൽ ഒടുവിലത്തെയാളാണ് ആന്ദ്രേ പിർലോ. ഇറ്റലിക്ക് വേണ്ടിയും ഇന്റർ മിലാൻ.എ സി മിലാൻ,യുവന്റസ് തുടങ്ങിയ ക്ളബുകൾക്ക് വേണ്ടിയും 22 കൊല്ലത്തോളം പന്തുതട്ടിയ ഇൗ മിഡ്ഫീൽഡ് മാന്ത്രികൻ ഇക്കൊല്ലമാണ് യുവന്റസ് അണ്ടർ-23 ടീം കോച്ചായത്. ഭാവിയിൽ സീനിയർ ടീം പരിശീലകനാവാൻ തന്നെയാണ് പിർലോയുടെ പടപ്പുറപ്പാട്.
ഇവർ മാത്രമല്ല , കളിക്കുതായമഴിച്ചുവച്ച പലരും കോച്ചിന്റെ കോട്ട് എടുത്തിടാനുള്ള ഒരുക്കത്തിലാണ്. ഇവരിൽ ഏറ്റവും ശ്രദ്ധേയമായ പേര് മുൻ ബാഴ്സലോണ താരം ചാവി ഹെർണാണ്ടസിന്റേതാണ്. ഇപ്പോൾ ഖത്തർ ക്ളബ് അൽസാദിനെ പരിശീലിപ്പിക്കുന്ന ചാവിയെ ബാഴ്സ കോച്ചാക്കണമെന്ന് മെസി അടക്കമുള്ളവർ ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |