ഉഴമലയ്ക്കൽ: ഇന്നലെ രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ ആ അപകടം ഉണ്ടായത്. രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും റോഡിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല. വലിയ ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിക്കൂടിയപ്പോൾ കണ്ടത് റോഡിന് കുറുകേ കിടക്കുന്ന ഉണങ്ങിയ വൻ ആഞ്ഞിലി മരവും സമീപത്ത് ഒരു ബൈക്കുമായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് മരത്തിനടിൽ കാലുകൾ കണ്ടത്. നാട്ടുകാർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ആളെ പുറത്തെടുക്കാനായില്ല. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ഉഴമലയ്ക്കൽ കെ.എസ്.ഇ.ബി സെക്ഷനിലെ ജീവനക്കാരും ചേർന്ന് മരം വെട്ടിമാറ്റി ആളെ പുറത്തെടുത്തപ്പോഴാണ് തിരിച്ചറിയൽ കാർഡിൽ നിന്ന് ഉഴമലയ്ക്കൽ സ്വദേശി അജയകുമാറാണെന്ന് മനസിലായത്. ഉഴമലയ്ക്കൽ കുളപ്പട പുന്നമൂട് വിളാകം എ.കെ ഭവനിൽ ബാലകൃഷ്ണന്റെയും സരോജത്തിന്റെയും മൂത്ത മകനാണ് അജയകുമാർ. ഒരു സഹോദരനും സഹോദരിയും കൂടിയുണ്ട്. അജയകുമാറിന് കെ.എസ്.ഇ.ബിയിൽ മസ്ദൂറായി ജോലി കിട്ടിയിട്ട് അഞ്ച് വർഷമേ ആയിട്ടുള്ളൂ.ഏറെ പ്രാരാബ്ദങ്ങളുള്ള അജയകുമാർ സ്വന്തമായി വീടുവച്ച് താമസമായിട്ടും കുറച്ചു വർഷമേ ആകൂ. രാവിലെ പതിവുപോലെയാണ് അജയൻ ഭാര്യ കവിതയോടും മക്കൾ ആരതിയോടും ആദർശിനോടും യാത്ര പറഞ്ഞിറങ്ങിയത്. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഭാര്യയും മക്കളും ഈ വിവരം അറിഞ്ഞിട്ടില്ല. ഇവരോട് ദാരുണാന്ത്യത്തെപ്പറ്റി പറയാൻ ബന്ധുക്കൾക്കും അയൽക്കാർക്കും കഴിഞ്ഞിട്ടില്ല. അജയന് ചെറിയ അപകടം പറ്റിയെന്നു മാത്രമേ ഇവർക്കറിയൂ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് കൊവിഡ് ടെസ്റ്റും പോസ്റ്റ്മോർട്ടവും കഴിഞ്ഞ് ബോഡി എത്തുമ്പോൾ ഭാര്യയും മക്കളും എങ്ങനെ പ്രതികരിക്കുമെന്നറിയാതെ കുഴങ്ങുകയാണ് പ്രദേശ വാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |