കൊട്ടാരക്കര: നെടുവത്തൂർ പൊങ്ങൻപാറ പ്ളാവിള ഭാഗത്തെ പന്ത്രണ്ട് കുടുംബങ്ങൾ ഇരുട്ടിലായിട്ട് മൂന്ന് ദിവസം. വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ നടപടിയായില്ല. ബുധനാഴ്ച വൈകിട്ടോടെയാണ് ഇവിടെ വൈദ്യുത ബന്ധം തകരാറിലായത്. ശക്തമായ കാറ്റിൽ മരക്കൊമ്പ് ഒടിഞ്ഞുവീണത് വൈദ്യുതി ലൈനിന് മുകളിലാണ്. വൈദ്യുത കമ്പി പൊട്ടിയതോടെ പ്രദേശം ഇരുട്ടിലായി. താലൂക്കിലെ വിവിധ ഭാഗങ്ങളിൽ മരം കടപുഴകി വീണും മറ്റും വ്യാപകമായി വൈദ്യുതി തടസമുണ്ടായി. വൈദ്യുതി ബോർഡ് ജീവനക്കാർ കഠിന പരിശ്രം നടത്തിയാണ് പലയിടത്തെയും വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്. ഇവിടെയും ജീവനക്കാർ എത്തുമെന്നാണ് ഇന്നലെ രാത്രിവരെയും പ്രദേശവാസികൾ പ്രതീക്ഷിച്ചത്. സമീപ പ്രദേശത്തെ തകരാർ പരിഹരിക്കാൻ എത്തിയ വൈദ്യുതി ബോർഡ് ജീവനക്കാരോട് ഇവിടുത്തെ പ്രശ്നം അറിയിച്ചെങ്കിലും തങ്ങൾക്ക് നിർദ്ദേശം കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് അവരും മടങ്ങിയതോടെ നാട്ടുകാർ ഇന്ന് പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. കുടിവെള്ള പ്രശ്നമുള്ള ഈ ഭാഗത്ത് മിക്ക വീടുകളിലും കുഴൽ കിണറിനെയാണ് ആശ്രയിക്കുന്നത്. വൈദ്യുതി ഇല്ലാതെ വന്നതോടെ കുടിവെള്ളവും മുട്ടി. മൊബൈൽ ഫോണുകളടക്കം ചാർജ്ജില്ലാതെ ഓഫായതിന്റെ ബുദ്ധിമുട്ടുകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |