ലണ്ടൻ : എക്കാലത്തെയും മികച്ച ജെയിംസ് ബോണ്ട് ആരാണ് ? ഉത്തരം മറ്റാരുമല്ല, ജെയിംസ് ബോണ്ടെന്ന ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്റിന് 1962 ൽ ആദ്യമായി അഭ്രപാളിയിൽ ജീവൻ നൽകിയ ഷോൺ കോണറി.! ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച ഏറ്റവും മികച്ച നടനാരാണെന്ന് കണ്ടെത്താനായി ബ്രിട്ടീഷ് മാഗസിനായി റേഡിയോ ടൈംസ് നടത്തിയ സർവേയിലാണ് എക്കാലത്തെയും മികച്ച ബോണ്ടായി ആയിരക്കണക്കിന് ആരാധകർ കോണറിയെ തിരഞ്ഞെടുത്തത്. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫിക്‌ഷണൽ കഥാപാത്രങ്ങളിൽ ഒരാളായ ബ്രിട്ടീഷ് ചാരൻ 007 എന്ന ജെയിംസ് ബോണ്ട് ബ്രിട്ടീഷുകാരനായ ഇയാൻ ഫ്ളെമിംഗിന്റെ തൂലികയിൽ നിന്നാണ് പിറന്നത്.
14,000 ത്തിലേറെ പേരാണ് ഫ്ലെമിംഗിന്റെ 007 സീക്രട്ട് ഏജന്റിനെ ഏറ്റവും ഭംഗിയായി സ്ക്രീനിൽ അവതരിപ്പിച്ചതെന്നറിയാൻ നടത്തിയ സർവേയിൽ പങ്കെടുത്തത്. മൂന്ന് റൗണ്ടുകളായാണ് സർവേ നടന്നത്. ആദ്യ റൗണ്ട് കോണറിയും ഇപ്പോഴത്തെ ബോണ്ട് ഡാനിയൽ ക്രെയ്ഗും തമ്മിലായിരുന്നു. 56 ശതമാനം വോട്ടാണ് കോണറിയ്ക്ക് ലഭിച്ചത്. ക്രെയ്ഗിന് ലഭിച്ചത് 43 ശതമാനം വോട്ടാണ്.
രണ്ടാമത്തെ റൗണ്ടിൽ 76 ശതമാനം വോട്ടോടെ ജോർജ് ലേസെൻബിയെ പിന്തള്ളി പിയേഴ്സ് ബ്രോസ്‌നൻ വിജയിച്ചു. 24 ശതമാനം മാത്രം വോട്ടാണ് ജോർജിന് ലഭിച്ചത്. മൂന്നാമത്തെ റൗണ്ട് റോജർ മൂറും തിമോത്തി ഡാൾട്ടനും തമ്മിലായിരുന്നു. 49 ശതമാനം വോട്ടോടെ തിമോത്തി ഡാൾട്ടൻ മുന്നിലെത്തി. മൂറിന് ലഭിച്ചതാകട്ടെ 41 ശതമാനവും.
മൂന്ന് റൗണ്ടുകളിലെയും വിജയികളായ ഷോൺ കോണറി, പിയേഴ്സ് ബ്രോസ്‌നൻ, തിമോത്തി ഡാൾട്ടൻ എന്നിവർ തമ്മിലായിരുന്നു ഗ്രാന്റ് ഫിനാലെ. കടുത്ത പോരാട്ടത്തിനൊടുവിൽ 44 ശതമാനം വോട്ടുമായി സ്കോട്ടിഷ് നടനായ കോണറി എക്കാലത്തെയും മികച്ച ബോണ്ടായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഡാൽട്ടൺ (32 ), ബ്രോസ്നൻ ( 23 ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.
ബോഡി ബിൽഡർ കൂടിയായിരുന്ന കോണറി ഡോ. നോ (1962), ഫ്രം റഷ്യ വിത്ത് ലവ് (1963), ഗോൾഡ് ഫിംഗർ (1964), തണ്ടർ ബോൾ (1965), യു ഒൺലി ലീവ് ട്വൈസ് (1967), ഡയമണ്ട്സ് ആർ ഫോറെവർ (1971) എന്നീ ആറ് ചിത്രങ്ങളിലാണ് ജെയിംസ് ബോണ്ടിന്റെ വേഷം അവതരിപ്പിച്ചത്. ഓസ്‌കർ പുരസ്കാര ജേതാവ് കൂടിയാണ് 89 കാരനായ കോണറി.
ജെയിംസ് ബോണ്ട് പരമ്പരയിലെ 25ാമത്തെ ചിത്രമായ 'നോ ടൈം ടു ഡൈ ' ഏപ്രിലിൽ റിലീസ് ചെയ്യേണ്ടിയിരുന്നതാണ്. എന്നാൽ കൊവിഡിനെ തുടർന്ന് റിലീസ് മാറ്റി. വരുന്ന നവംബറിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. ഡാനിയൽ ക്രെയ്ഗ് അവസാനമായി ബോണ്ട് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. 52 കാരനായ ക്രെയ്ഗിന്റെ അഞ്ചാമത്തെ ബോണ്ട് ചിത്രമാണിത്. ബൊഹിമിയൻ റാപ്സൊഡിയിൽ ഗായകൻ ഫ്രെഡി മെർക്കുറിയുടെ വേഷമവതരിപ്പിച്ച് മികച്ച നടനുള്ള ഓസ്കാർ നേടിയ റെമി മാലിക് ചിത്രത്തിൽ ബോണ്ടിന്റെ എതിരാളിയായി എത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |