ദുബായ് : മുൻ കേരള രഞ്ജി ട്രോഫി ക്യാപ്ടൻ കെ.എൻ അനന്തപത്മനാഭനെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ എലൈറ്റ് അമ്പയർമാരുടെ പാനലിൽ ഉൾപ്പെടുത്തി.71 രഞ്ജി ട്രോഫി മത്സരങ്ങളും 24 ഐ.പി.എൽ മത്സരങ്ങളും നിയന്ത്രിച്ചിട്ടുള്ള അനന്തപത്മനാഭന് ഇനി അന്താരാഷ്ട്ര മത്സരങ്ങളിൽ അമ്പയറാകാനാകും.
നിലവിൽ ഐ.സി.സി എലൈറ്റ് പാനലിൽ ഉൾപ്പെടുന്ന നാലാമത്തെ ഇന്ത്യൻ അമ്പയറാണ് അനന്തപത്മനാഭൻ. സി.ഷംസുദ്ദീൻ,അനിൽ ചൗധരി ,വീരേന്ദർ ശർമ്മ എന്നിവരാണ് മറ്റുള്ളവർ. കേരളത്തിൽ നിന്ന് അന്താരാഷ്ട്ര അമ്പയറാകുന്ന നാലാമത്തെയാളും എലൈറ്റ് പാനലിലെത്തുന്ന ആദ്യത്തെയാളുമാണ് 51 കാരനായ ഇദ്ദേഹം. ജോസ് കുരിശിങ്കൽ,ഡോ.കെ.എൻ രാഘവൻ,എസ്.ദണ്ഡപാണി എന്നിവരാണ് മറ്റുമൂന്നുപേർ.
തിരുവനന്തപുരം സ്വദേശിയായ കെ.എൻ അനന്തപത്മനാഭൻ രഞ്ജി ട്രോഫിയിൽ 2000 റൺസും 200 വിക്കറ്റുകളും തികയ്ക്കുന്ന ആദ്യ കേരള താരമാണ്. 105 ഫസ്റ്റ് ക്ളാസ് മത്സരങ്ങളും 54 ലിസ്റ്റ് എ മാച്ചുകളും ഇൗ ലെഗ് സ്പിന്നർ കളിച്ചിട്ടുണ്ട്.
അനന്തേട്ടൻ പണ്ടേ എലൈറ്റാ...
കെ.എൻ അനന്തപത്മനാഭൻ എലൈറ്റ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വാർത്തയറിഞ്ഞപ്പോൾ ഒരു പ്രമുഖ കേരള ക്രിക്കറ്ററുടെ പ്രതികരണം ഇങ്ങനെയായിരുന്നു. അത് വാസ്തവമാണുതാനും. കേരള ക്രിക്കറ്റിനെ ദീർഘകാലം കേരളത്തിന്റെ കുപ്പായം അണിഞ്ഞ അദ്ദേഹം കേരളത്തെ രഞ്ജിയിൽ എലൈറ്റ് തലത്തിലേക്ക് കൈപിടിച്ചുയർത്തിയ ശേഷമാണ് കളം വിട്ടത്. രാജ്യം കണ്ട ഏറ്റവും മികച്ച ലെഗ്സ്പിന്നർമാരിൽ ഒരാളാണെങ്കിലും ആ സമയത്ത് അനിൽ കുംബ്ളെ എന്ന മഹാപ്രതിഭ നിറഞ്ഞുനിന്നതിനാൽ ഇന്ത്യൻ ടീമിലേക്ക് എത്തിപ്പെടാനാകാതെപോയ നിർഭാഗ്യവാനാണ് അനന്തപത്മനാഭൻ. എന്നാൽ നിർഭാഗ്യവാനെന്ന വിശേഷണം അദ്ദേഹം ഇഷ്ടപ്പെടുന്നില്ല, ക്രിക്കറ്റ് പാരമ്പര്യമില്ലാതെ വന്ന തനിക്ക് കേരള ക്രിക്കറ്റിൽ ഒരു കസേര കിട്ടിയത് തന്നെ വലിയ ഭാഗ്യമെന്നാണ് അദ്ദേഹം പറയാറ്. ഇൗ എലൈറ്റായ കാഴ്ചപ്പാടുതന്നെയാണ് ഇപ്പോൾ അദ്ദേഹത്തെ എലൈറ്റ് പാനലിൽ എത്തിച്ചിരിക്കുന്നതും.
അഗ്രഹാരത്തിൽ നിന്ന്
തിരുവനന്തപുരത്തെ അഗ്രഹാരത്തിൽ നിന്നാണ് അനന്തപത്മനാഭൻ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് എത്തുന്നത്. 1981 നവംബറിൽ വിജയ് മെർച്ചന്റ് ട്രോഫിയിൽ അണ്ടർ-15 ടീമിനായാണ് ആദ്യമായി കേരളത്തിന്റെ കുപ്പായം അണിയുന്നത്. തുടർന്ന് കുച്ച് ബിഹർ ട്രോഫി,സി.കെ നായ്ഡു ട്രോഫി തുടങ്ങിയ ടൂർണമെന്റുകളിൽ കളിച്ചു.
1988 നവംബറിൽ ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. 2004 ഡിസംബറിൽ പാലക്കാട് കോട്ട മൈതാനത്ത് ജമ്മു കാശ്മീരിനെതിരെ അവസാന രഞ്ജി മത്സരം. ഇൗ മത്സരത്തിലെ അവസാന ഇന്നിംഗ്സിൽ അഞ്ചുവിക്കറ്റ് വീഴ്ത്തി,ടീമിനെ 161 റൺസിലെത്തിച്ച് അവിസ്മരണീയമായ വിടവാങ്ങൽ.കേരളം എലൈറ്റ് ഡിവിഷനിലേക്ക് ആദ്യമായി യോഗ്യത നേടിയതും ഇൗ സീസണിലായിരുന്നു.344 വിക്കറ്റുകളും 2891 റൺസുമാണ് ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിലെ സമ്പാദ്യം.
ഇന്ത്യ വിളിച്ചു, വിളിച്ചില്ല
മറ്റൊരു സമയത്തായിരുന്നുവെങ്കിൽ ഇന്ത്യൻ കുപ്പായമണിയാൻ നിസംശയം കഴിയുമായിരുന്നു അനന്തന്.പക്ഷേ 1990 കളിൽ അതിപ്രതാപവനായി അനിൽ കുംബ്ളെ നിറഞ്ഞുനിന്നു. വെങ്കിടപതി രാജുവും രാജേഷ് ചൗഹാനും കൂടിയായപ്പോൾ ഇന്ത്യൻ ടീമിലേക്കുളള പ്രവേശനം വഴിമുട്ടി. എ ടീമിലും റെസ്റ്റ് ഒഫ് ഇന്ത്യ ടീമിലുമൊക്കെ സ്ഥിരസാന്നിദ്ധ്യമായിരുന്നെങ്കിലും പതിയെ ഇന്ത്യൻ മോഹം ഉപേക്ഷിച്ചു. 1993ൽ ഇറാനി ട്രോഫിയിലും വിൽസ് ട്രോഫിയിലും കളിച്ചു. 1997-98 സീസണിലെ ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ സീനിയേഴ്സിനെതിരെ അഞ്ചുവിക്കറ്റ് നേട്ടം കരസ്ഥമാക്കി. ഇതേത്തുടർന്ന് ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചെങ്കിലും ബാറ്റിംഗിലെ അധിക മികവ് കണക്കിലെടുത്ത് സൈരാജ് ബഹുതുലെയ്ക്ക് അവസരം നൽകുകയായിരുന്നുവെന്ന് അന്ന് ചീഫ് സെലക്ടറായിരുന്ന രമാകാന്ത് ദേശയി വെളിപ്പെടുത്തിയിട്ടുണ്ട്.
സെലക്ടറും കോച്ചും
2005ൽ ബി.സി.സി.ഐയുടെ ജൂനിയർ ടീം സെലക്ഷൻ കമ്മിറ്റി മെമ്പറായിരുന്നു. 2007ൽ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ നിന്ന് ലെവർ 2 കോച്ചിംഗ് പരീക്ഷ പാസായി. കുറച്ചുകാലം മുമ്പ് തിരുവനന്തപുരം മലയൻകീഴിൽ സ്വന്തമായി അക്കാഡമി തുടങ്ങി.
അമ്പയറിംഗ് കരിയർ
2006ൽ ബി.സി.സി.ഐയുടെ അമ്പയറിംഗ് പരീക്ഷ പാസായി.2008 മുതൽ പ്രധാന ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിക്കാൻ തുടങ്ങി. 2015-16 സീസണിൽ രഞ്ജി ട്രോഫി സെമിയിൽ അമ്പയറായി. 2016 സീസൺ മുതൽ ഐ.പി.എല്ലിലും അമ്പയറായി.കഴിഞ്ഞ വർഷം ബി.സി.സി.ഐ അമ്പയർ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കൻ ആഭ്യന്തര ക്രിക്കറ്റിൽ പങ്കാളിത്തം.
കുടുംബം
ഭാര്യയും രണ്ട് ആൺമക്കളുമാണ് അനന്തപത്മനാഭന്.മൂത്തമകൻ ആദിത്യ നാരായണൻ ജൂനിയർ തലത്തിൽ കേരളത്തിനായി കളിച്ചിട്ടുണ്ട്. ഇപ്പോൾ ഹൈദരാബാദിൽ ജോലി നോക്കുന്നു. ഇളയവർ ആകാശ് അയ്യർ പന്ത്രണ്ടാം ക്ളാസിൽ പഠിക്കുന്നു. ക്രിക്കറ്റ് പരിശീലനവുമുണ്ട്. പക്ഷേ തന്നെപ്പോലെ സ്പിന്നറല്ല മീഡിയം പേസറും ഒാപ്പണിംഗ് ബാറ്റ്സ്മാനുമാണെന്ന് അനന്തപത്മനാഭൻ പറയുന്നു. ഭാര്യ ദീപ സന്നദ്ധസംഘടനാ പ്രവർത്തനങ്ങളിൽ സജീവം.
ഇൗ നേട്ടത്തിൽ സന്തോഷമുണ്ട്.വലിയ ഉത്തരവാദിത്തമാണിത്. അതിന്റേതായ ടെൻഷനുമുണ്ട്. വിജയകരമായി നിറവേറ്റാമെന്ന പ്രതീക്ഷയിലാണ്.
കെ.എൻ അനന്തപത്മനാഭൻ
കണക്കുകൾ കളി പറയുന്നു
105 ഫസ്റ്റ് ക്ളാസ് മത്സരങ്ങൾ
54 ലിസ്റ്റ് എ മത്സരങ്ങൾ
2891 റൺസ് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ
344 ഫസ്റ്റ് ക്ളാസ് വിക്കറ്റുകൾ
3 സെഞ്ച്വറികൾ
200 ഉയർന്ന സ്കോർ.
71 രഞ്ജി മത്സരങ്ങൾ നിയന്ത്രിച്ചു.
24 ഐ.പി.എൽ മത്സരങ്ങളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |