കൊവിഡ് പ്രതിരോധം അയയുന്നു
കൊല്ലം: കൊവിഡിനെ പിടിച്ചുകെട്ടാനുള്ള ജില്ലയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പെരുമഴയും പ്രളയവും വെല്ലുവിളിയാകുന്നു. അഞ്ച് ദിവസമായി തുടരുന്ന മഴ ജില്ലയിൽ കനത്ത നാശം വിതച്ചതോടെ ജനങ്ങളുടെ ശ്രദ്ധയും കൊവിഡിൽ നിന്ന് തിരിഞ്ഞു. റവന്യൂ, പൊലീസ്, ഫയർഫോഴ്സ് വിഭാഗങ്ങൾക്ക് മഴക്കെടുതിയിൽ ജോലി ഭാരം കൂടി.
നിരത്തിലെ വാഹന ബാഹുല്യം ഒഴിവാക്കാൻ ജില്ലാ കളക്ടർ ഏർപ്പെടുത്തിയ ഒറ്റ - ഇരട്ട അക്ക നിയന്ത്രണം കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ഒരേ സമയം കൊവിഡിനെയും മഴയെയും നേരിടുകയെന്ന വെല്ലുവിളിയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഏറ്റെടുത്തിരിക്കുന്നത്. കൊല്ലം, ഇരവിപുരം, കരുനാഗപ്പള്ളി തീരദേശ മേഖലകളിൽ കടൽക്ഷോഭം ജനങ്ങളെ ബാധിച്ച് തുടങ്ങി. ഇത്തിക്കരയാരും പള്ളിക്കലാറും കരകവിഞ്ഞ് നൂറോളം വീടുകളും ഹെക്ടർ കണക്കിന് പാടശേഖരങ്ങളും മുങ്ങി. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലും പെരുമഴയിൽ വെള്ളം പൊങ്ങി. മഴക്കെടുതി, കൃഷിനാശം, ക്ഷീര കർഷകരുടെ ബുദ്ധിമുട്ടുകൾ തുടങ്ങി ജനങ്ങളുടെ ആവലാതികൾക്കിടയിൽ കൊവിഡും പിടിതരാതെ കുതിക്കുകയാണ്.
ജില്ലാ ജയിലിലെ 107 തടവുകാർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ മറ്റ് ജയിലുകളിലൊന്നും നേരിടാത്ത പ്രതിസന്ധിയാണ് കടുത്ത നിയന്ത്രണങ്ങൾക്കിടയിലും കൊല്ലത്തുണ്ടായത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ നാല് ആരോഗ്യ പ്രവർത്തർക്ക് ഞയറാഴ്ച കൊവിഡ് സ്ഥിരീകരിച്ചതും ആശങ്കയായി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ജനങ്ങളെ മാറ്റി പാർപ്പിക്കുകയാണ്. എല്ലായിടത്തും ദുരിതാശ്വാസ ക്യാമ്പുകൾക്കായി കെട്ടിടങ്ങൾ കണ്ടെത്താൻ ദുരന്ത നിവാരണ അതോറിറ്റി മുൻകൂട്ടി നിർദേശം നൽകിയിരുന്നു.
ക്യാമ്പുകളിലെ വെല്ലുവിളി
1. കൊവിഡ് പ്രതിരോധം ഉറപ്പാക്കൽ
2. ആവശ്യ സാധന സംഭരണത്തിലെ ജാഗ്രത കുറവ്
3. മഴക്കാല പൂർവ ശുചീകരണം ഫലപ്രദല്ല
4. പകർച്ച വ്യാധി വ്യാപനം ഉണ്ടാകാനുള്ള സാദ്ധ്യത
5. സാമൂഹിക അകലം പാലിക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |