അവസാനഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി ജി. സുധാകരൻ
ആലപ്പുഴ: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട്, രണ്ടു മാസത്തിനുള്ളിൽ ആലപ്പുഴ ബൈപാസ് യാഥാർത്ഥ്യമാകും. ഒക്ടോബറിൽ ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കഴിയുന്ന തരത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്.
92സ്പാനുകളുള്ള ബൈപ്പാസിന്റെ അവസാനത്തെ സ്പാനിന്റെ കോൺക്രീറ്റിംഗ് ഇന്ന് പൂർത്തിയാകും. അവസാനഘട്ട പണികളുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ മന്ത്രി ജി.സുധാകരൻ ഇന്നലെ കുതിരപ്പന്തിയിലെത്തി. 33 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള സ്പാനാണ് ഇന്ന് കോൺക്രീറ്റ് ചെയ്യുന്നത്. ഇത് പൂർത്തിയായിക്കഴിഞ്ഞാൽ 10 ദിവസത്തിനകം അത്യാധുനിക സാങ്കേതിക വിദ്യയിൽ ടാറിംഗ് ആരംഭിക്കും. ടാറിംഗിന് മുന്നോടിയായി പാലത്തിന്റെ ഉപരിതലത്തിൽ ഒരു പാളി (മാസ്റ്റിക് അസ്വാൾട്ട്) നിർമിക്കും. അതിന് മുകളിലാണ് ടാറിംഗ്. ഈ ജോലികൾക്കായി 30 വിദഗ്ദ്ധ തൊഴിലാളികൾ എത്തി. ഇവർ രണ്ടു ഷിഫ്റ്റുകളിലായി ജോലി ചെയ്യും. ടാറിംഗ് ഉൾപ്പടെയുള്ള എല്ലാ ജോലികൾക്കും കൂടി ഒരു മാസം മതിയാകും.
അടുത്തമാസം 30ന് പണികൾ പൂർത്തിയാക്കാനാണ് ലക്ഷ്യം. ചെറിയ ഒരു ഭാഗത്തെ നിർമ്മാണം കൂടി പൂർത്തിയായാൽ അപ്രോച്ച് റോഡ് നിർമ്മാണം അവസാനിക്കും. ടാറിംഗ്, തെരുവ് വിളക്കു സ്ഥാപിക്കൽ എന്നിവ മാത്രമാണ് ശേഷിക്കുന്ന ജോലികൾ. കളർകോട് ജംഗ്ഷൻ മുതൽ കൊമ്മാടി വരെയുള്ള ബൈപ്പാസിന്റെ പൂർത്തീകരണത്തിന് തടസമായി നിന്നത് മാളികമുക്ക്, കുതിരപ്പന്തി എന്നിവടങ്ങളിലെ മേല്പാലത്തിനുള്ള ഗർഡറുകൾ സ്ഥാപിക്കാൻ റെയിൽവേയിൽ നിന്ന് അനുമതി വൈകിയതാണ്. മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്ത് ഈ തടസം നീക്കി. അഞ്ച് ഗർഡുകൾ രണ്ട്ഘട്ടമായി സ്ഥാപിച്ച് കോൺക്രീറ്റ് ജോലികളും പൂർത്തികരിച്ചു. എലിവേറ്റഡ് ഹൈവേ കടന്നുപോകുന്ന ആലപ്പുഴ ബീച്ചിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാൻ കഴിയുന്ന പദ്ധതികൾ ഉദ്ഘാടനത്തിന് മുമ്പ് പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
# ആലപ്പുഴ ബൈപാസ്
നീളം: 6.8 കി. മീറ്റർ
എലിവേറ്റഡ് ഹൈവേ: 3.2കി. മീറ്റർ
...............................
മുന്നിൽ നിന്ന് സർക്കാർ
ബൈപ്പാസിന്റെ ഇരുവശവും മനോഹരമാക്കുന്ന ജോലി വരും ദിവസങ്ങളിൽ പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിക്കാനെത്തിയ മന്ത്രി ജി.സുധാകരൻ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. . ഇരുവശവും റോഡ് നിർമിക്കും. റോഡ് സാദ്ധ്യമല്ലാത്ത സ്ഥലത്ത് പുല്ലും കാടും വെട്ടി വൃത്തിയാക്കും. 2014 മെയിൽ ഈ സർക്കാർ വന്നതിനുശേഷം 92 സ്പാനുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. ഈ സർക്കാർ വരുന്നതിനു മുമ്പ് ബൈപാസിന്റെ 15 ശതമാനം ജോലികൾ മാത്രമേ നടന്നിരുന്നുള്ളൂ. സെപ്തംബർ 30 ഓടെ 100 ശതമാനം പണികളും പൂർത്തിയാക്കാവുന്ന വിധത്തിലാണ് അവസാന വട്ട ജോലികൾ പുരോഗമിക്കുന്നത്. എലിവേറ്റഡ് ഹൈവേയുടെ താഴെയുള്ള ഭാഗത്ത് വ്യാപാരസ്ഥാപനങ്ങൾ അനുവദിക്കാൻ കഴിയുമോ എന്ന് പരിശോധിക്കും. നിയമപരമായ പ്രശ്‌നങ്ങൾ കൂടി ഇതിൽ വരും. ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ ബൈപ്പാസിന്റെ താഴെ ഭാഗം വിനിയോഗിക്കണമെന്നാണ് ആഗ്രഹം.
ജംഗ്ഷൻ വികസനം
കൊമ്മാടി, കളർകോട് ജംഗ്ഷനുകളുടെ വികസനം ഡി.പി.ആറിൽ ഉണ്ടായിരുന്നില്ല. നാലു കോടി രൂപ സംസ്ഥാന സർക്കാർ ഇതിനായി മുടക്കുകയാണ്. കളർകോട് ജംഗ്ഷനിൽ നിന്ന് 200 മീറ്റർ തെക്കോട്ട് കൂടുതലായി വികസിപ്പിക്കുന്നുണ്ട്. ബൈപ്പാസ് പൂർത്തിയാകുന്നതിന് പിന്നിൽ എൻജിനീയർമാരുടെയും തൊഴിലാളികളുടെയും കോൺട്രാക്ടറുടെയും ഒപ്പം മന്ത്രിയുടെ കഠിനാദ്ധ്വാനവും ഉണ്ടെന്നത് തിരിച്ചറിയാതെയാണ് ഒരു വിഭാഗം ഇപ്പോഴും അക്ഷേപവുമായി നടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് ഇതുപോലുള്ള നിരവധി ജോലികളാണ് ഒരേ സമയം പൂർത്തിയാക്കുന്നത്. കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങൾ ഒക്ടോബറിൽ തുറന്നു കൊടുക്കാൻ ഉദ്ദേശിക്കുന്നു. നാഷണൽ ഹൈവേ നാലുവരി ആക്കുന്ന ജോലികൾ കാസർകോട്ട് ആരംഭിച്ചു. കോഴിക്കോട് ബൈപ്പാസിന് 1800 കോടിക്ക് ടെൻഡർ നടപടികളായെന്നും ജി.സുധാകരൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |