മുംബയ്: നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവർത്തിയെ സി.ബി.ഐ എട്ടു മണിക്കൂറോളം ചോദ്യം ചെയ്തു. ഡി.ആർ.ഡി.ഒ ഗസ്റ്റ്ഹൗസിൽ നടന്ന ചോദ്യം ചെയ്യലിൽ പ്രധാനമായും പത്ത് ചോദ്യങ്ങളാണ് സി.ബി.ഐ റിയയോട് ചോദിച്ചത്.
അതിനെല്ലാം റിയ മറുപടി നൽകിയെന്നാണ് വിവരം. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും അറിയുന്നു. ജൂൺ 8ന് സുശാന്തിന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്,നമ്പർ ബ്ളോക്ക് ചെയ്തത് എന്നിവയുടെ കാരണവും സഹോദരനൊപ്പം ചേർന്ന് സുശാന്തുമായി ആരംഭിച്ച ബിസിനസിനെക്കുറിച്ചുമെല്ലാം സി.ബി.ഐ ചോദിച്ചറിഞ്ഞു.
രണ്ട് ദിവസം മുൻപ് റിയ ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തെ ആസ്പദമാക്കിയായിരുന്നു ചോദ്യങ്ങളിലേറെയും. സുശാന്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടു. സുശാന്തിന്റെ സുഹൃത്തും സഹവാസിയുമായിരുന്ന സിദ്ധാർത്ഥ് പിഥാനി, റിയയുടെ സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്റെ സഹായി നീരജ് എന്നിവരെയും സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |