ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ശ്രീനാരായണ ഗുരുദേവന്റെ 166-ാമത് ജയന്തി ഇന്ന് നാടെങ്ങും ആഘോഷിക്കും.
കണിച്ചുകുളങ്ങര, ചേർത്തല, അമ്പലപ്പുഴ, ചേപ്പാട്, കായംകുളം, മാവേലിക്കര, കാർത്തികപ്പള്ളി, മാന്നാർ, ചാരൂംമൂട്, കുട്ടനാട് സൗത്ത്, കുട്ടനാട്, ചെങ്ങന്നൂർ യൂണിയനുകളിലും ശാഖാ തലത്തിലും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുമാണ് ജയന്തി ആഘോഷം. ലളിതമായി ജയന്തി ആഘോഷിക്കാൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർദ്ദേശം നൽകിയിരുന്നു. ഘോഷയാത്രയും സമ്മേളനങ്ങളും ഒഴിവാക്കിയെങ്കിലും ജയന്തി ആഘോഷത്തിന്റെ ഭാഗമായി വീഥികൾ പീതപതാകകളും കൊടിതോരണങ്ങളും കൊണ്ട് നിറഞ്ഞു. ശാഖാപ്രവർത്തകർ, വനിതാസംഘം, യൂത്ത്മൂവ്മെന്റ്, കുമാരിസംഘം പ്രവർത്തകർ, ബാലജനയോഗം, എംപ്ളോയീസ് ഫോറം കുടുംബയൂണിറ്റ്, ഗുരുധർമ്മ പ്രചരണസഭ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഗുരുക്ഷേത്രങ്ങളിൽ ശാന്തിഹവനം, ഗുരുദേവ കൃതികളുടെ പാരായണം, ഭവനങ്ങളിൽ പ്രാർത്ഥന തുടങ്ങിയ ആചാരപരമായ ചടങ്ങുകളാണ് നടക്കുന്നത്.
ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ
കൊവിഡ് മാനദണ്ഡം പാലിച്ച് യൂണിയൻ ആസ്ഥാനത്തും യൂണിയനിലെ 50 ശാഖകളിലും ആചാരപരമായ ചടങ്ങുകളോടെ ജയന്തി ആഘോഷിക്കും. രാവിലെ യൂണിയൻ ആസ്ഥാനത്തെ ഗുരുക്ഷേത്രത്തിൽ പ്രത്യേക പൂജയും പ്രാർത്ഥനയും നടക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ജോയിന്റ് കൺവീനർമാരായ രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, കമ്മിറ്റി അംഗങ്ങളായ വിനുധർമ്മരാജ്, സുരേഷ് പള്ളിക്കൽ, വനിതാസംഘം, യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. ശാഖകളിലും ഗുരുക്ഷേത്രങ്ങളിലും ഭവനങ്ങളിലും പ്രാർത്ഥന, ഗുരുദേവ കൃതികളുടെ ആലാപനം, പാരായണം, പൂജകൾ തുടങ്ങിയ ചടങ്ങുകൾ നടക്കും.
കുട്ടനാട് സൗത്ത് യൂണിയൻ
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യൂണിയനിലെ 44ശാഖകളിലും ആചാരപരമായ ചടങ്ങുകൾ നടക്കും. ഗുരുക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പ്രാർത്ഥനയും ഭവനങ്ങളിൽ ഗുരുദേവ ചിത്രത്തിന് മുന്നിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും. യൂണിയൻ ആസ്ഥാനത്ത് രാവിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ജെ.സദാനന്ദൻ പതാക ഉയർത്തും. കൺവീനർ അഡ്വ. സുപ്രമോദ്, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
കുട്ടനാട് യൂണിയൻ
ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജയന്തി സമ്മേളനം, പ്രാർത്ഥനായജ്ഞം, 166 ജയന്തി ദീപം തെളിക്കൽ പായസദാനം തുടങ്ങിയ ചടങ്ങുകൾ നടക്കും. വൈകിട്ട് മൂന്നിന് യൂണിയൻ പ്രാർത്ഥനാ മന്ദിരത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കുന്ന ജയന്തി സമ്മേളനം യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം എം.പി.പ്രമോദ്, അഡ്വ. എസ്.അജേഷ് കുമാർ, എ.കെ.ഗോപിദാസ്, കെ.കെ.പൊന്നപ്പൻ, പി.ബി.ദിലീപ്, യൂത്ത് മൂവ്‌മെൻറ്റ് യൂണിയൻ പ്രസിഡന്റ് കെ.പി.സുബീഷ്, സെക്രട്ടറി പി.ആർ.രതീഷ്, ജോയിന്റ് സെക്രട്ടറി ടി.ആർ.അനീഷ്,വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ്, വൈസ് പ്രസിഡന്റ് സ്മിത മനോജ് സെക്രട്ടറി സജിനി മോഹനൻ, സൈബർ സേന യൂണിയൻ കൺവീനർ എസ്.ശരത്കുമാർ തുടങ്ങിയവർ സംസാരിക്കും. യോഗത്തിന് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സ്വാഗതവും യൂത്ത് മൂവ്‌മെന്റ് യൂണിയൻ ജോയിന്റ് സെക്രട്ടറി രഞ്ജു വി.കാവാലം നന്ദിയും പറയും.
ചാരുംമൂട് യൂണിയൻ
യൂണിയനിലെ 35 ശാഖകളിലും രാവിലെ പതാക ഉയർത്തലും പ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും. തുടർന്ന് ഭവനങ്ങളിൽ പ്രാർത്ഥന നടക്കുമെന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ജയകുമാർ പാറപ്പുറം, കൺവീനർ ബി.സത്യപാൽ, വൈസ് ചെയർമാൻ ആർ.രഞ്ജിത്ത് എന്നിവർ അറിയിച്ചു.
കായംകുളം യൂണിയൻ
യൂണിയനിലെ മുഴുവൻ ശാഖകളിലും ഭവനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചാരപരമായ ചടങ്ങുകൾ നടക്കും. പ്രാർത്ഥന, ഗുരുദേവ കൃതികളുടെ ആലാപനം, പാരായണം ഗുരുക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും നടക്കും. രാവിലെ 8ന് യൂണിയൻ ആസ്ഥാനത്ത് പ്രാർത്ഥനയും പൂജയും നടക്കും. നാല് ശാഖകളിൽ ഗുരുകീർത്തന പുരസ്കാര വിതരണം നടക്കും.
അമ്പലപ്പുഴ യൂണിയൻ
ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് നടത്താനിരുന്ന ആഘോഷപരിപാടികൾ പൂർണമായി ഒഴിവാക്കി ഭക്തിനിർഭരമായ ചടങ്ങുകൾ എസ്. എൻ. ഡി. പി.യോഗം അമ്പലപ്പുഴ യൂണിയന്റെ കീഴിലുള്ള ശാഖകളിൽ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശാഖാ തലങ്ങളിൽ ഭവനങ്ങളിൽ പ്രാർത്ഥന, ഗുരുദേവ പുഷ്പാർച്ചന, ഗുരുപ്രഭാഷണങ്ങൾ, ഗുരുമന്ദിരങ്ങളിൽ പ്രത്യേക പൂജ തുടങ്ങിയ ചടങ്ങുകൾ നടക്കും. ആഘോഷപരിപാടികൾ ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ നടക്കും. രാവിലെ 9.30ന് യൂണിയൻ ആസ്ഥാനത്ത് ഗുരുദേവ ചിത്രത്തിൽ യൂണിയൻ നേതാക്കൾ പുഷ്പാർച്ചന നടത്തും.
ചേപ്പാട് യൂണിയൻ
യൂണിയനിലെ 52 ശാഖകളിലും കൊവിഡ് മാനദണ്ഡം പാലിച്ച് വൈദികചടങ്ങുകളുടെ ഭാഗമായി പ്രാർത്ഥന, ഗുരുദേവപാരായണം, ഭവനങ്ങളിൽ ഗുരുദേവ ചിത്രങ്ങൾ അലങ്കരിച്ച് പുഷ്പാർച്ചന, പ്രാർത്ഥന എന്നിവ നടത്തും.
കാർത്തികപ്പള്ളി യൂണിയൻ
യൂണിയനിലെ 64 ശാഖകളിലുള്ള ഭവനങ്ങളിലും യൂണിയൻ ആസ്ഥാനത്തും വൈദിക ചടങ്ങുകൾ അനുസരിച്ച് ഗുരുദേവ ചിത്രത്തിന് മുന്നിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും. ഗുരുക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും പ്രാർത്ഥന, ഗുരുദേവ ഭാഗവതപാരായണവും നടക്കും.
മാന്നാർ യൂണിയൻ
യൂണിയനിലെ മുഴുവൻ ശാഖകളിലും യൂണിയൻ ആസ്ഥാനത്തും ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, മഹാശാന്തി ഹോമം, പ്രാർത്ഥനയും ഗുരുക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും ഗുരുഭാഗവത പാരായണവും ഭവനങ്ങളിൽ ചതയജ്യോതി തെളിച്ച് അംഗങ്ങൾ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തും. വൈദിക ആചാരാപ്രകാരമുള്ള ചടങ്ങുകൾ നടക്കും.
ഗുരുധർമ്മ പ്രചാരണസഭ
ശ്രീനാരായണ ഗുരുദേവന്റെ 166-ാം മഹാജയന്തി ഭക്തിനിർഭരമായ ചടങ്ങുകളോടെ ഗുരുധർമ്മ പ്രചാരണസഭയുടെ യൂണിറ്റുകൾ ആഘോഷിക്കും. സഭയുടെ എല്ലാ പ്രവർത്തകരും ജയന്തി-മഹാസമാധി ദിവസം ഭവനങ്ങളിൽ ഗുരുപൂജ, പ്രാർത്ഥന, ഗുരുഭാഗവത പാരായണം, ഉപവാസം തുടങ്ങിയ ചടങ്ങുകൾ നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യൂണിറ്റ്, മണ്ഡലം തലത്തിൽ പരിപാടികൾ സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |