ഇളവുകൾ അതേപടി തുടരേണ്ടതില്ല, തീരുമാനം ബാങ്കുകളുടേതെന്നും കേന്ദ്രം
കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും
ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ബാങ്ക് വായ്പകളുടെ തിരിച്ചടവിന് ഏർപ്പെടുത്തിയ മോറട്ടോറിയം രണ്ട് വർഷത്തേക്ക് നീട്ടിയേക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. എന്നാൽ ഇളവുകൾ അതേപടി തുടരില്ല. വായ്പ തിരിച്ചടവിന് ബുദ്ധിമുട്ടുന്നവർക്ക് ഇളവുകൾ തീരുമാനിക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ടെന്നും ആർ.ബി.ഐ. സർക്കുലറിനെ മുൻനിറുത്തി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.
ഇന്നലെ അവസാനിച്ച മോറട്ടോറിയം കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിന്മേലാണ് സോളിസിറ്റർ ജനറൽ സത്യവാങ്മൂലത്തിലൂടെ കേന്ദ്ര നിലപാട് അറിയിച്ചത്. ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് രാവിലെ 10.30ന് വീണ്ടും കേസ് പരിഗണിക്കും. ആഗസ്റ്റ് ആറിന് റിസർവ് ബാങ്ക് പുറത്തിറക്കിയ സർക്കുലറിന്റെ അടിസ്ഥാനത്തിലാവും വായ്പ ഇളവുകളെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. നിലവിലുള്ള വായ്പാകാലാവധി മോറട്ടോറിയത്തോടെയോ അല്ലാതായോ രണ്ട് വർഷം വരെ നീട്ടാൻ ബാങ്കുകൾക്ക് അധികാരമുണ്ടാവും. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യമാണ് കഴിഞ്ഞ മൂന്ന് തവണയും വാദത്തിൽ കേന്ദ്രം പറഞ്ഞതെന്ന് വിമർശിച്ച കോടതി, ഇന്ന് അന്തിമ തീരുമാനം അറിയിക്കണമെന്ന് നിർദ്ദേശിച്ചു.
കേന്ദ്രം നിർദ്ദേശിക്കുന്ന
പുതിയ ഇളവുകൾ
*പലിശ നിരക്ക് കുറയ്ക്കൽ, പിഴപ്പലിശ ഒഴിവാക്കൽ,
*പലിശ കുടിശ്ശിക പുതിയ വായ്പയാക്കി മാറ്റി തിരിച്ചടവ് പുനഃക്രമീകരിക്കൽ അല്ലെങ്കിൽ അധിക വായ്പ അനുവദിക്കൽ
*ഓരോ വായ്പക്കാരന്റെയും സാഹചര്യം പരിശോധിച്ച് ഇളവുകൾ
ബാങ്കുകൾക്ക് തീരുമാനിക്കാം
അത്യാവശ്യക്കാർക്ക്
മാത്രം ഇളവുകൾ
വായ്പകളുടെ തിരിച്ചടവിന് മോറട്ടോറിയം ആദ്യം അനുവദിച്ചപ്പോൾ ഉള്ളതിന്റെ ഇരട്ടിയിൽ അധികം പേർ മോറട്ടോറിയം നീട്ടിയപ്പോൾ അതിന്റെ ആനുകൂല്യം വിനിയോഗിച്ചുവെന്നാണ് ബാങ്കുകളുടെ നിലപാട്. അതിനാൽ മോറട്ടോറിയം ഇനി എല്ലാവർക്കുമായി നീട്ടരുതെന്നും, ഇളവുകൾ അത്യാവശ്യക്കാർക്ക് മാത്രം മതിയെന്നുമാണ് കേന്ദ്ര സർക്കാരും ആർ.ബി.ഐയും ബാങ്കുകളുടെ സംഘടനകളും പറയുന്നത്.
ഇളവുകൾ നീട്ടാനായി കേരളം ഉൾപ്പെടെ നൽകിയ കത്ത് കേന്ദ്രം പരിഗണിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നാളെ മാദ്ധ്യമങ്ങളെ കാണും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |