കൊവിഡ് പ്രതിസന്ധി കാരണം മാസങ്ങളോളം വൈകിയ ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 13-ാം സീസണിന് ഈ മാസം 19-ാം തീയതി യു.എ.ഇയിൽ തുടക്കമാവുകയാണ്. പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിച്ച് ഈ സമയത്ത് നടക്കേണ്ട ട്വന്റി-20 ലോകകപ്പ് ഉൾപ്പടെ മാറ്റിവയ്പ്പിച്ചാണ് ബി.സി.സി.ഐ തങ്ങളുടെ പൊന്മുട്ടയിടുന്ന താറാവായ ഐ.പി.എല്ലിന് വഴിയൊരുക്കിയത്. ടൂർണമെന്റിനായി എട്ട് ടീമുകളും തങ്ങളുടെ ഇന്ത്യൻ താരങ്ങളെയും കൂട്ടി യു.എ.ഇയിലെത്തിക്കഴിഞ്ഞു. വിദേശതാരങ്ങൾ നേരിട്ട് യു.ഇ.ഇയിലെത്തുകയായിരുന്നു. ചെന്നപാടെ കൊവിഡിന്റെ വലയിൽപ്പെട്ട ചെന്നൈ സൂപ്പർകിംഗ്സ് ഒഴികെയുള്ള ടീമുകൾ ക്വാറന്റൈൻ പൂർത്തിയാക്കി പരിശീലനവും തുടങ്ങി. ഇത്തവണത്തെ ടൂർണമെന്റിനുള്ള ടീമുകളുടെ ഇതുവരെയുള്ള തയ്യാറെടുപ്പുകളെക്കുറിച്ചറിയാം...
ചെന്നൈ സൂപ്പർകിംഗ്സ്
ചെന്നപാടേ കഷ്ടകാലം പിടികൂടിയതാണ് ചെന്നൈയെ.ആദ്യം രണ്ട് കളിക്കാരടക്കം സംഘത്തിലെ 13 പേർക്ക് കൊവിഡ് ബാധിച്ചു. പിന്നാലെ വ്യക്തപരമായ കാരണങ്ങളെന്നുപറഞ്ഞ് സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങി. തനിക്ക് ഹോട്ടലിൽ സൗകര്യമുള്ള മുറി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് റെയ്ന ദുബായ് വിട്ടതെന്ന് വാർത്തകൾ പരക്കുകയും ടീമുടമ എൻ.ശ്രീനിവാസൻ താരത്തെ ശക്തമായി അധിക്ഷേപിക്കുകയും ചെയ്തത് വിവാദങ്ങൾക്ക് കൊഴുപ്പുകൂട്ടി. പിന്നീട് ശ്രീനിവാസനും റെയ്നയും തമ്മിലുളള പ്രശ്നം പരിഹരിക്കപ്പെടുകയും ഇരുവരും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ പ്രസ്താവനകൾ ഇറക്കുകയും ചെയ്തു. ടീമിലേക്ക് തിരിച്ചുവരാനുള്ള സാദ്ധ്യതകളും റെയ്ന തുറന്നിട്ടു കഴിഞ്ഞു.
ബൗളർ ദീപക് ചഹറിനും ബാറ്റ്സ്മാൻ റിതുരാജ് ഗെയ്ക്ക്‌വാദിനുമാണ് ചെന്നൈ താരനിരയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ ഒഴികെയുള്ള കളിക്കാരെല്ലാം പരിശോധനയിൽ നെഗറ്റീവാണെന്നും ഇന്നുമുതൽ പരിശീലനം തുടങ്ങുമെന്നുമാണ് ടീം അധികൃതർ അറിയിച്ചിരിക്കുന്നത്. ഷേൻ വാട്സൺ അടക്കമുള്ള പ്രധാന വിദേശതാരങ്ങൾ യു.എ.ഇയിലെത്തിക്കഴിഞ്ഞു. നായകൻ ധോണി അടക്കമുള്ളവർക്കായി ചെന്നൈയിൽ പരിശീലന ക്യാമ്പ് ഉണ്ടായിരുന്നു.
മുംബയ് ഇന്ത്യൻസ്
നിലവിലെ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യൻസ് യു.എ.ഇയിലെ തങ്ങളുടെ ബേസ് ക്യാമ്പിനോട് ചേർന്ന് നെറ്റ്സ് പരിശീലനം ആരംഭിച്ചുകഴിഞ്ഞു. മറ്റ് ടീമുകളിൽ പലതും താരങ്ങളെ മാത്രം യു.എ.ഇയിലേക്ക് കൊണ്ടുപോയപ്പോൾ മുംബയ് കുടുംബാംഗങ്ങളെക്കൂട്ടാൻ അനുവദിച്ചിരുന്നു. നായകൻ രോഹിത് ശർമ്മയടക്കം ഭാര്യയെയും മകളെയും ഒപ്പം കൂട്ടിയിട്ടുണ്ട്.
ടീമിലെ വിദേശതാരങ്ങളിൽ മിക്കവരും വന്നുകഴിഞ്ഞു. കിവീസ് പേസർ ട്രെൻഡ് ബൗൾട്ട് യു.എ.ഇയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. പേസർ ലസിത് മലിംഗ ഈ സീസണിൽ തങ്ങൾക്കൊപ്പം ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ച മുംബയ് ഇന്ത്യൻസ് ടീം പകരക്കാരനായി ആസ്ട്രേലിയൻ പേസർ ജെയിംസ് പാറ്റിൻസണിനെടീമിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് മലിംഗ വിട്ടുനിൽക്കുന്നത്.
രോഹിത് നയിക്കുന്ന ടീമിൽ ജസ്പ്രീത് ബുംറ, കെയ്റോൺ പൊള്ളാഡ്, ഹാർദിക് - ക്രുനാൽ പാണ്ഡ്യ സഹോദരങ്ങൾ, ക്വിന്റൺ ഡി കോക്ക്, ഇശാൻ കിഷൻ,ക്രിസ് ലിൻ,മൈക്കേൽ മക്‌ക്ളെനാഗൻ,രാഹുൽ ചഹർ ,ട്രെന്റ് ബൗൾട്ട് തുടങ്ങിയവർ അണിനിരക്കുന്നു. മുൻ ശ്രീലങ്കൻ നായകൻ മഹേല ജയവർദ്ധനെയാണ് പരിശീലകൻ.
ഡൽഹി ക്യാപിറ്റൽസ്
ടൂർണമെന്റിനായി ആദ്യം യു.എ.ഇയിലെത്തിയ ടീമുകളിലൊന്നാണ് യുവതാരം ശ്രേയസ് അയ്യർ നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ്. മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗാണ് കോച്ച്. പോണ്ടിംഗും ടീമിനൊപ്പം ചേർന്നുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള താരങ്ങളും ദുബായ്‌യിലെ ടീം ഹോട്ടലിൽ എത്തി.
യുവ താരങ്ങളും പരിചയ സമ്പന്നരും അണിനിരക്കുന്ന നിരയാണ് ഡൽഹിയുടേത്. ക്യാപ്ടൻ താരതമ്യേന ചെറുപ്പമാണെങ്കിലും പരിചയ സമ്പന്നരായ നിരവധിപ്പേർ ടീമുലുണ്ട്.ഐ.പി.എല്ലിൽ മുമ്പ് ടീമുകളെ നയിച്ചിട്ടുള്ള അജിങ്ക്യ രഹാനെ,രവിചന്ദ്രൻ അശ്വിൻ,ശിഖർ ധവാൻ എന്നിവരെക്കൂടാതെ പൃഥ്വി ഷാ, റിഷഭ് പന്ത് എന്നീ യുവതാരങ്ങളുടെ സാന്നിദ്ധ്യം ടീമിന്റെ ശക്തി വർദ്ധിപ്പിക്കുന്നു. അമിത് മിശ്ര, അക്ഷർ പട്ടേൽ,ഇശാന്ത് ശർമ്മ,കാഗിസോ റബാദ,അൻറിച്ച് നോർട്ടേ,കാഗിസോ റബാദ, സന്ദീപ് ലാമിച്ചാനെ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
പഞ്ചാബ് കിംഗ്സ് ഇലവൻ
ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത പഞ്ചാബ് കിംഗ്സ് ഇലവൻ ഇത്തവണ രണ്ടും കൽപ്പിച്ചാണ് വണ്ടികയറിയിരിക്കുന്നത്. ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറായിക്കൂടി ഇടം കണ്ടെത്തിയിരിക്കുന്ന കെ.എൽ രാഹുലാണ് ടീമിനെ നയിക്കുന്നത്. അനിൽ കുംബ്ലെയാണ് പരിശീലകൻ.
ട്വന്റി -20 ഫോർമാറ്റിൽ ഏറ്റവുമധികം പരിചയ സമ്പത്തുള്ള രണ്ട് വിദേശ താരങ്ങൾ പഞ്ചാബ് നിരയിലുണ്ട്- ക്രിസ് ഗെയ്ലും, ഗ്ളെൻ മാക്സ്‌വെല്ലും. താരലേലത്തിൽ ആദ്യ ഘട്ടത്തിൽ ആർക്കും വേണ്ടാതിരുന്ന ഗെയ്‌ലിനെ രണ്ടാം ഘട്ടത്തിൽ വെറും രണ്ടുകോടിക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. ഉസൈൻ ബോൾട്ടിന്റെ ബർത്ത്ഡേ പാർട്ടിയിൽ പങ്കെടുത്തെങ്കിലും കൊവിഡിൽ നിന്ന് രക്ഷപെട്ടാണ് ഗെയ്ൽ യു.എ.ഇയിലെത്തിയിരിക്കുന്നത്.
മുഹമ്മദ് ഷമി, സർഫ്രാസ് ഖാൻ, മറുനാടൻ മലയാളിതാരം കരുൺ നായർ,ക്രിസ് യോർദാൻ. ദീപക് ഹൂഡ,മുജീബ് ഉർ റഹ്‌മാൻ, നിക്കോളാസ് പുരാൻ,മായാങ്ക് അഗർവാൾ, ജെയിംസ് നീഷം തുടങ്ങിയവർ പഞ്ചാബ് നിരയിൽ അണിനിരക്കും.
രാജസ്ഥാൻ റോയൽസ്
മലയാളി താരം സഞ്ജു സാംസണിന്റെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധ നേടിയ ടീമാണ് രാജസ്ഥാൻ റോയൽസ്. ആസ്ട്രേലിയൻ മുൻ നായകൻ സ്റ്റീവൻ സ്മിത്താണ് ക്യാപ്ടൻ. ആസ്ട്രേലിയക്കാരനായ ആൻഡ്രൂ മക്ഡൊണാൾഡാണ് കോച്ച്.
ദുബായ്‌യിലെ ടീം ഹോട്ടലിൽ ക്വാറന്റൈൻ പൂർത്തിയാക്കിയശേഷം റോയൽസ് ടീം പരിശീലനം തുടങ്ങിക്കഴിഞ്ഞു. രോഗാവസ്ഥയിലുള്ള അച്ഛനെക്കാണാൻ ന്യൂസിലാൻഡിലേക്ക് പോയിരിക്കുന്ന ഇംഗ്ളീഷ് ആൾറൗണ്ടർ ബെൻസ്റ്റോക്സ് ടീമിനൊപ്പം എത്തിയിട്ടില്ല.ഇംഗ്ളണ്ട് ടീമിൽ കളിക്കുന്ന ജോസ് ബട്ട്‌ലർ, സാം കറാൻ തുടങ്ങിയവരുടെ വരും വൈകും. ഡേവിഡ് മില്ലർ, റോബിൻ ഉത്തപ്പ,ഒഷാനേ തോമസ്,ആൻഡ്രൂ ടൈ,ജയ്ദേവ് ഉനദ്കദ്,മകരന്ദ് മാർഖണ്ഡെ തുടങ്ങിവരാണ് മറ്റ് പ്രധാന താരങ്ങൾ.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
രണ്ട് തവണ കിരീടം നേടിയിട്ടുള്ള ഷാറൂഖ് ഖാന്റെ ടീമിനെ നയിക്കുന്നത് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക് ആണ്. കൊൽക്കത്തയുടെ മുൻ മിന്നും താരവും മുൻ കിവീസ് ക്യാപ്ടനുമായ ബ്രണ്ടൻ മക്കുല്ലമാണ് കോച്ച്.
ആന്ദ്രേ റസൽ, സുനിൽ നരെയ്ൻ എന്നീ കരീബിയൻ താരങ്ങളാണ് തുറുപ്പുചീട്ടുകൾ.പാറ്റ് കമ്മിൻസ് ആസ്ട്രേലിയയിൽ നിന്നും ലോക്കീ ഫെർഗൂസൺ ന്യൂസിലാൻഡിൽ നിന്നും പേസ് ബൗളിംഗ് കരുത്തുമായി എത്തും. കുൽദീപ് യാദവ്, ശിവം മാവി ശുഭ്മാൻ ഗിൽ തുടങ്ങിയ ഇന്ത്യൻ താരങ്ങളും അണിനിരക്കും. അവസരം മുതലാക്കാനായി തമിഴ്നാട് രഞ്ജി ടീമിലേക്ക് മാറയ മലയാളി പേസർ സന്ദീപ് വാര്യരുമുണ്ട്.
സൺറൈസേഴ്സ് ഹൈദരാബാദ്
ആസ്ട്രേലിയൻ വെടിക്കെട്ട് ഒാപ്പണർ ഡേവിഡ് വാർണർ നയിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ് 2016ലെ ഐ.പി.എൽ ചാമ്പ്യന്മാരായിരുന്നു. കഴിഞ്ഞ സീസണിൽ മിന്നുന്ന ഫോമിലായിരുന്നു വാർണർ. മുൻ ആസ്ട്രേലിയൻ കോച്ച് ട്രെവെർ ബെയ്ലിസാണ് പരിശീലകൻ.
മുൻ നായകൻ കൂടിയായ കിവീസ് ക്യാപ്ടൻ കേൻ വില്യംസൺ,വൃദ്ധിമാൻ സാഹ,ബില്ലി സ്റ്റാൻലേക്ക്, മനീഷ് പാണ്ഡെ,റാഷിദ് ഖാൻ, മുഹമ്മദ് നബി,ഷഹ്ബാസ് നദീം, ഭുവനേശ്വർ കുമാർ , സിദ്ധാർത്ഥ് കൗൾ,മിച്ചൽ മാർഷ്, ജോണി ബെയർ സ്റ്റോ,ഖലീൽ അഹമ്മദ്, ഫാബിയൻ അല്ലെൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ്
ഇനിയുമൊരു കിരീടത്തിൽ മുത്തമിടാൻ കഴിയാത്ത ബാംഗ്ളൂരിനായി ചരിത്രം തിരുത്തിക്കുറിക്കാനുറച്ചാണ് വിരാട് കൊഹലിയുടെ വരവ്. വിരാടും എ ബി ഡിവില്ലിയേഴ്സും തന്നെയാണ് ഇക്കുറിയും തുറുപ്പുചീട്ടുകൾ. മുൻ ആസ്ട്രേലിയൻ താരം സൈമൺ കാറ്റിച്ചാണ് പരിശീലകൻ.
ദക്ഷിണാഫ്രിക്കൻ വെറ്ററൻ പേസർ ഡേൽ സ്റ്റെയ്ൻ.ലങ്കൻ പേസർ ഇസുരു ഉഡാന,ഇന്ത്യൻ പേസർമാരായ ഉമേഷ് യാദവ്, നവ്ദീപ് സെയ്നി , മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം ഒാസീസ് സ്പിന്നർ ആദം സാംപ,ഇന്ത്യൻ സ്പിന്നർ വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ , മൊയീൻ അലി തുടങ്ങിയവർ സംഘത്തിൽ . ഇന്ത്യൻ യുവ ആൾറൗണ്ടർ ശിവം ദുബെ, ആസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് എന്നിവരും ടീമിന് മുതൽക്കൂട്ടാണ്. മലയാളി സാന്നിദ്ധ്യമായി ദേവ്ദത്ത് ജി.പടിക്കൽ.
ഇത് മൂന്നാം തവണയാണ് ഐ.പി.എൽ ഇന്ത്യയ്ക്ക് പുറത്ത് നടക്കുന്നത്. 2009ൽ ദക്ഷിണാഫ്രിക്കയിൽ നടന്നപ്പോൾ 2014 ഭാഗികമായി യു.എ.എയിൽ നടന്നു.
ദുബായ്, ഷാർജ,അബുദാബി എന്നിങ്ങനെ മൂന്ന് വേദികളിലായാണ് ഇക്കുറി മത്സരം നടക്കുന്നത്.
കൊവിഡ് സാഹചര്യം പരിഗണിച്ച് കനത്ത സുരക്ഷ. ടീമുകളെല്ലാം ബയോളജിക്കൽ ബബിളിൽ. മത്സരഫിക്സചർ തയ്യാറാക്കിയിട്ടില്ല.
ടൂർണമെന്റിലുടനീളം കൊവിഡ് പരിശോധന നടത്താൻ മാത്രം 10 കോടി രൂപയാണ് ബി.സി.സി.ഐ മാറ്റിവച്ചിരിക്കുന്നത്.
ഇന്ത്യ- ചൈന അതിർത്തിപ്രശ്നം മൂലം വിവോ പിന്മാറിയതിനാൽ ഡ്രീം ഇലവനാണ് ഇക്കുറി ടൂർണമെന്റ് സ്പോൺസർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |