പത്തനംതിട്ട : രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് രോഗബാധിതർക്ക് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിലും ചികിത്സയിൽ കഴിയാമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. കൊവിഡ് പ്രതിരോധ നടപടികൾ അവലോകനം ചെയ്യാൻ ചേർന്ന വീഡിയോ കോൺഫറൻസ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയുടെ നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് രോഗബാധിതർക്ക് മാനദണ്ഡങ്ങളോടു കൂടി വീടുകളിൽ ചികിത്സയിൽ കഴിയാം എന്ന തീരുമാനം നടപ്പാക്കുന്നത്. ഇതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. ഇതോടൊപ്പം ജില്ലയിലെ കൊവിഡ് ആശുപത്രികളിൽ മറ്റു ചികിത്സകൾക്കായി എത്തുന്നവരുടെ ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
രോഗലക്ഷണങ്ങൾ ഇല്ലാത്ത ആളുകൾ വീടുകളിൽ തന്നെ ചികിത്സയിൽ കഴിയാമെന്ന് താത്പര്യം പ്രകടിപ്പിക്കുകയും അതിനുള്ള സാഹചര്യങ്ങൾ ഉണ്ടെന്ന് ഉറപ്പു വരുത്തുകയുമാണെങ്കിൽ അവർക്ക് വീടുകളിൽ ചികിത്സയിൽ കഴിയാവുന്നതാണ്. അറുപത് വയസിൽ താഴെ പ്രായമുള്ളതും മറ്റു രോഗങ്ങൾ ഇല്ലാത്തതുമായ ആളുകൾക്കാണ് വീടുകളിൽ കഴിയാൻ അനുമതിയുള്ളത്. വീടുകളിൽ കഴിയണമെങ്കിൽ അറ്റാച്ച്ഡ് ബാത്ത്‌റൂം, ചികിത്സാ സഹായത്തിനായി പൂർണ ആരോഗ്യമുള്ള ഒരു വ്യക്തി, വീടുകളിലേക്ക് ഗതാഗത സൗകര്യം എന്നിവ ഉണ്ടായിരിക്കണം. മറ്റു രോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ, 60 വയസിന് മുകളിൽ പ്രായമുള്ളവർ, 10 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ തുടങ്ങിയവർ വീട്ടിൽ ഉണ്ടാകാൻ പാടില്ല. ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ ഉറപ്പായും പാലിക്കുകയും വേണം. ഇവർക്കു വേണ്ട ചികിത്സാ സൗകര്യങ്ങൾ ആരോഗ്യ വകുപ്പും മറ്റു സഹായങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉറപ്പുവരുത്തും.
വീടുകളിൽ ചികിത്സയിൽ കഴിയാമെന്ന തീരുമാനം ഉചിതമാണെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. എം.എൽ.എമാരായ അഡ്വ. മാത്യു.ടി തോമസ്, രാജു എബ്രഹാം, വീണാ ജോർജ് , ചിറ്റയം ഗോപകുമാർ , കെ.യു.ജനീഷ് കുമാർ,
ജില്ലാ കളക്ടർ പി.ബി. നൂഹ്, എ.ഡി.എം അലക്‌സ് പി തോമസ്, തിരുവല്ല സബ് കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.എൽ. ഷീജ, അടൂർ ആർ.ഡി.ഒ എസ്. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |