കൊല്ലം: തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്കെതിരെ കൊല്ലം തീരത്ത് നിരീക്ഷണം ശക്തമാക്കി. തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന വള്ളങ്ങളാണ് രാത്രിയിൽ കൊല്ലം തീരത്ത് അനധികൃത മാർഗങ്ങളിലൂടെ മത്സ്യബന്ധനം തുടരുന്നത്. പരിശോധനയും നടപടികളും കർശനമാക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിൽ നീണ്ടകര മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റൽ പൊലീസും അഴീക്കൽ മുതൽ പരവൂർ വരെ കടലിൽ നടത്തിയ സംയുക്ത പരിശോധനയിൽ തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ വള്ളം പിടിച്ചെടുത്തിരുന്നു. അഞ്ചുതെങ്ങ് സ്വദേശിയുടെ വള്ളത്തിൽ നിന്ന് ആറ് എൽ.ഇ.ഡി ലൈറ്റുകൾ, ബാറ്ററി എന്നിവ പിടിച്ചെടുത്തു.
തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം മത്സ്യസമ്പത്ത് കുറയാൻ ഇടയാക്കും. ഇതിലൂടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യലഭ്യത കുറയും. ഇതാണ് പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്.
പരിശോധനകൾക്ക് മറൈൻ എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ എസ്.എസ്. ബൈജു, കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ എസ്.ഷെരീഫ് എന്നിവർ നേതൃത്വം നൽകി. പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |