തിരിച്ചടിയായി ക്രൂഡോയിൽ വിലത്തകർച്ച
കുവൈറ്റ് സിറ്റി: അനസ് അൽ-സാലെ 2016ൽ രാജ്യത്തോട് വിളിച്ചു പറഞ്ഞതാണ് ''എണ്ണയെ മാത്രം ആശ്രയിച്ച് ഇനി മുന്നോട്ട് പോകാനാവില്ല. വരുമാനം നേടാൻ മറ്റ് മാർഗങ്ങൾ കൂടി കണ്ടെത്തണം. ചെലവ് ചുരുക്കണം". അന്ന് കുവൈറ്റിന്റെ ധനമന്ത്രി കൂടിയായിരുന്നു അനസ്. പക്ഷേ, അന്ന് ആളുകൾ അനസിനെ പുച്ഛിച്ചുതള്ളി. പരിഹസിച്ചവരിൽ ഭരണപക്ഷത്തുള്ളവർ പോലും ഉണ്ടായിരുന്നു!
നാലു വർഷങ്ങൾക്കിപ്പുറം സമ്പദ്‌പ്രതിസന്ധിയിലൂടെ കുവൈറ്റ് കടന്നുപോകുമ്പോൾ അനസിന്റെ വാക്കുകൾക്ക് ചെവികൊടുഞ്ഞതോർത്ത് വിലപിക്കുകയാണ് രാജ്യം. ഒരുകാലത്ത് ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നായിരുന്ന കുവൈറ്റ് ഇപ്പോൾ ചെലവുകൾക്ക് പണം കണ്ടെത്താൻ പോലും പാടുപെടുന്നു.
ഡിമാൻഡിൽ കവിഞ്ഞ ഉത്‌പാദന വർദ്ധനയും വിപണിവിഹിതം കൂട്ടാനുള്ള കിടമത്സരവുമാണ് എണ്ണവിലത്തകർച്ചയ്ക്കും അതുവഴി ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക ഞെരുക്കത്തിനും വഴിവച്ചത്. അധികപ്പണത്തിൽ (സർപ്ളസ്) വിഹരിച്ചിരുന്ന എണ്ണ ഉത്‌പാദക രാജ്യങ്ങൾ (പ്രധാനമായും ഗൾഫ് രാജ്യങ്ങൾ) ഇപ്പോൾ വർഷങ്ങളായി ധനക്കമ്മിയുടെ (ഡെഫിസിറ്റ്) പിടിയിലാണ്.
കൊവിഡും ലോക്ക്ഡൗണും മൂലും ആഗോള നിരത്തുകൾ സ്‌തംഭിച്ചതോടെ, വൻ പ്രതിസന്ധിയിലാണ് ഈ രാജ്യങ്ങൾ. മിക്ക രാജ്യങ്ങളും തൊഴിലുകളും ശമ്പളവും വെട്ടിക്കുറച്ചു. വിദേശ (കുടിയേറ്റ) തൊഴിലാളികളെ ഒഴിവാക്കി, സ്വദേശിവത്കരണത്തിലേക്ക് പല രാജ്യങ്ങളും തിരിഞ്ഞു.
കുവൈറ്റിന്റെ
വീഴ്‌ച
9,760 കോടി ഡോളറിന്റേതായിരുന്നു 2014ൽ കുവൈറ്റിന്റെ എണ്ണ കയറ്റുമതി വരുമാനം. 2016ൽ ഇത് 4,150 കോടി ഡോളറായി താഴ്‌ന്നു. 6,540 കോടി ഡോളറിലേക്ക് 2018ൽ ഇതു മെച്ചപ്പെട്ടെങ്കിലും തുടർന്ന്, വരുമാനം ഇടിയുകയാണ്. 2020ൽ ഇതുവരെ വരുമാനം 5,290 കോടി ഡോളറാണ്.
ബാരലിന് 150 ഡോളർ വരെ ഉയർന്ന ക്രൂഡോയിൽ വില കഴിഞ്ഞവർഷം 30 ഡോളറിലേക്കാണ് കൂപ്പുകുത്തിയത്. ഇപ്പോൾ ശരാശരി വില 40 ഡോളർ.
മാറാൻ മടിച്ചത്
വിനയായി
വരുമാനത്തിന് കൂടുതൽ വഴികൾ തേടുന്നതിനായും ചെലവു ചുരുക്കാനും മറ്റ് രാജ്യങ്ങൾ ശ്രമിച്ചപ്പോഴും കുവൈറ്റ് മടിച്ച് നിന്നു. കൂടുതൽ നികുതി ഏർപ്പെടുത്തിയ സൗദി, മറ്റ് മേഖലകളിൽ നിക്ഷേപങ്ങളും തുടങ്ങിയിട്ടുണ്ട്. യു.എ.ഇ എണ്ണയ്ക്ക് പകരം ലോജിസ്‌റ്റിക്‌സ്, ധനകാര്യ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി. എന്നാൽ, മാറാൻ മടിച്ച കുവൈറ്റ് നടപ്പുവർഷം 4,600 കോടി ഡോളറിന്റെ ധനക്കമ്മി നേരിടാനൊരുങ്ങുകയാണ്. ഗൾഫ് യുദ്ധകാലത്തിന് സമാനമായ അവസ്‌ഥയാണിത്.
$55,000 കോടി
കുവൈറ്റിന് 55,000 കോടി ഡോളറിന്റെ കരുതൽ ധനശേഖരമുണ്ട്. ഭാവി തലമുറയ്ക്കായുള്ള ശേഖരമായാണ് ഇതിനെ കുവൈറ്റ് കാണുന്നത്. എന്നാൽ, ഇതിൽ നിന്ന് പണം കുവൈറ്റ് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. വരുമാനത്തിന് പുത്തൻ സ്രോതസ് കണ്ടെത്തിയില്ലെങ്കിൽ ഈ ശേഖരം 20 വർഷത്തിനകം പൂജ്യമാകുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |