200 ഓളം വീട്ടുകാരെ ഒഴിപ്പിച്ചു, ഗതാഗതം വഴിതിരിച്ചുവിട്ടു
കാസർകോട്: ദേശീയപാതയിൽ ചെർക്കളയ്ക്കും ന്യു ബേവിഞ്ചയ്ക്കും ഇടയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു വാതകം ചോർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചക്ക് രണ്ടര മണിയോടെ ചെർക്കള കഴിഞ്ഞുള്ള വലിയ ഇറക്കത്തിലെ ഹെയർപിൻ വളവിലാണ് സംഭവം. മംഗളുരുവിൽ നിന്ന് വരികയായിരുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വാഹനമാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്.
അപകടത്തിൽപെട്ട ടാങ്കർ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ടാങ്കറിൽ നിന്ന് നേരിയ തോതിൽ വാതക ചോർച്ച ഉണ്ടായതിനെ തുടർന്ന് പരിസരത്തെ 200 ഓളം വീട്ടുകാരെ ഒഴിപ്പിച്ചു. ദേശീയപാത വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ഈ വഴി വരുന്ന വാഹനങ്ങൾ പൊലീസ് വഴിതിരിച്ചുവിട്ടു. വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ പൊലീസും അഗ്നിശമന സേനാവിഭാഗവും ചേർന്ന് വൈകീട്ടോടെ അപകടസാധ്യത നിയന്ത്രണവിധേയമാക്കി. സന്ധ്യയോടെ മംഗളൂരുവിൽ നിന്ന് സാങ്കേതിക വിദഗ്ദ്ധർ എത്തി ചോർച്ചയുണ്ടായ ഭാഗം അടച്ചു. കാസർകോട് ഡിവൈ.എസ്.പി പി ബാലകൃഷ്ണൻ നായർ, വിദ്യാനഗർ ഇൻസ്‌പെക്ടർ വി.വി മനോജ്, എസ്.ഐ എം.വി വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാ നടപടികൾ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |