ഇരിട്ടി: ഉളിക്കലിൽ മതപഠനത്തിനെത്തുന്ന കുട്ടികളെ കരുവാക്കി വീട്ടിൽ നിന്നും സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒളിവിൽ പോയ മദ്രസ അദ്ധ്യാപകൻ പിടിയിൽ. ഉളിക്കൽ നുച്ചിയാട് മദ്രസയിലെ അബ്ദുൾകരീം (60) ആണ് കാസർകോട് വച്ച് പിടിയിലായത്. പ്രതിയുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെത്തുടർന്ന് ഉളിക്കൽ എസ്.ഐ അടക്കം ഏഴ് പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലായി.
കഴിഞ്ഞ ആഴ്ച ഉളിക്കലിലെ ഒരു വീട്ടിൽനിന്ന് അഞ്ചരപ്പവൻ സ്വർണ്ണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കരീമിന്റെ തട്ടിപ്പുകൾ പുറത്താകുന്നത്. ഇതിനിടയിൽ മുങ്ങിയ കരീം മലപ്പുറത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അന്വേഷണം തുടരുന്നതിനിടെയാണ് ചൊവ്വാഴ്ച പുലർച്ചെ 3 മണിയോടെ കാസർകോട് നിന്നും പിടിയിലാകുന്നത്.
മത പഠനത്തിനെത്തുന്ന വിദ്യാർത്ഥികളെ ഭയപ്പെടുത്തിയാണ് ഇദ്ദേഹം തട്ടിപ്പു നടത്തി വന്നിരുന്നത്. താൻ ദിവ്യനാണെന്നും നബിയെ കണ്ടിട്ടുണ്ടെന്നും കുട്ടികൾക്ക് ദിവ്യാദ്ഭുത ശേഷിയുണ്ടാവുമെന്നും ദൈവത്തെ നേരിൽ കാണാമെന്നുമൊക്കെ പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് കബളിക്കൽ. ഒരു ഗ്ലാസിൽ പേപ്പർ കഷ്ണങ്ങൾ മുറിച്ചിട്ട് കുലുക്കിയ ശേഷം ചോക്കലേറ്റും അണ്ടിപ്പരിപ്പും എടുത്ത് കാണിച്ചാണ് കൺകെട്ടിലൂടെ കുട്ടികളെ കബളിപ്പിച്ചിരുന്നതെന്നാണ് തട്ടിപ്പിനിരായായ കുട്ടികൾ മൊഴി നൽകിയിരിക്കുന്നത്.
ഇത് രക്ഷിതാക്കളോട് പറഞ്ഞാൽ കുട്ടികളുടെ തല പൊട്ടിത്തെറിക്കുമെന്നും ഭയപ്പെടുത്തിയിരുന്നു. ഇയാൾക്കെതിരെ അഞ്ചിലധികം പരാതികൾ കിട്ടിയതായും പൊലീസ് പറഞ്ഞു. നാല് വർഷത്തിലേറെയായി നുച്യാട് കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പു നടത്തി വന്നിരുന്നത്. ഉളിക്കലിലെ തന്നെ മറ്റൊരു പള്ളി കേന്ദ്രീകരിച്ചും തട്ടിപ്പു നടന്നിട്ടുണ്ടെന്നും സംശയമുണ്ട്. കൊവിഡ് നെഗറ്റീവായതിന് ശേഷം ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു. ഉളിക്കൽ എസ്.ഐ കെ.വി. നിഷിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡാണ് കേസ് അന്വേഷിക്കുന്നത്.
തട്ടിപ്പ് മറച്ചുവയ്ക്കാൻ 'ചെകുത്താനെ'യും കൂട്ടുപിടിച്ചു
പൊലീസിൽ പരാതി നൽകിയ കുടുംബം താമസിക്കുന്ന വീട്ടിൽ പുറമെ നിന്നാരും വരാതിരുന്നതോടെയാണ് സ്വർണം നഷ്ടമായ വഴി കണ്ടെത്തുന്നത്. വീട്ടുകാർ പൊലീസിനെ സമീപിക്കുമെന്ന് കുട്ടികളിൽ നിന്ന് മനസിലാക്കിയ മദ്രസ അദ്ധ്യാപകൻ രക്ഷിതാക്കളെ തന്നെ വന്ന് കാണാൻ ഉപദേശിക്കുകയായിരുന്നു. തന്നെവന്ന് കണ്ട കുടുംബാംഗങ്ങളെ കബളിപ്പിക്കാൻ പിന്നീടിയാൾ മുന്നിലിരുന്ന് കണ്ണടച്ച് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് സ്വർണാഭരണങ്ങളിലൊന്ന് ഇയാൾ കാണിച്ചുകൊടുത്തു. ബാക്കി ആഭരണങ്ങൾ വീട്ടിൽ തന്നെയുണ്ടെന്നും താൻ നേരിട്ട് വന്ന് എടുത്തുനല്കാമെന്നും അദ്ധ്യാപകൻ അറിയിച്ചു. പെൺകുട്ടിക്ക് ചെകുത്താന്റെ ഉപദ്രവമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉപദേശിച്ചതോടെയാണ് വീട്ടുകാർക്ക് സംശയം ബലപ്പെട്ടത്. ഇയാൾ കണ്ണടച്ച് പ്രാർത്ഥിക്കുന്നതിനിടെ കുടുംബത്തിലെ മുതിർന്ന സ്ത്രീ കുഴഞ്ഞുവീണതും ചെകുത്താന്റെ ആക്രമണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമമുണ്ടായെങ്കിലും വീട്ടുകാർ പൊലീസിൽ പരാതി നല്കിയതോടെ അബ്ദുൾകരീം മുങ്ങുകയായിരുന്നു.