അന്വേഷണം സുഹൃത്തുക്കളിലേക്കും ജുവലറി ഉടമകളിലേക്കും
തിരുവനന്തപുരം: ബാങ്കിൽ നിന്ന് 50 പവനും 50,000 രൂപയുമായി പുറത്തിറങ്ങിയ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ മോഹനനെ കാണാതായിട്ട് മൂന്ന് മാസം. ആര്യനാട് കുളപ്പട സുവർണ നഗർ ഏദൻ നിവാസിൽ കെ. മോഹനനെയാണ് (58) മേയ് 8ന് ബാങ്കിൽ നിന്ന് സ്‌കൂട്ടറിൽ മടങ്ങിവരുമ്പോൾ പേരൂർക്കട നെടുമങ്ങാട് റോഡിൽ വച്ച് കാണാതായത്. തിരോധാനത്തെക്കുറിച്ച് ഇതുവരെ തുമ്പ് ലഭിക്കാത്തത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചെങ്കിലും മോഹനൻ കാണാമറയത്തു തന്നെയാണ്. ഫോൺ രേഖകളും സാമ്പത്തിക ഇടപാടുകളുമടക്കം പരിശോധിച്ച് സാദ്ധ്യതകളെല്ലാം വിലയിരുത്തിയ പൊലീസ് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുകയാണ്. നിലവിൽ മോഹനന്റെ മുൻ സുഹൃത്തുക്കളെയും പ്രദേശത്തെ ജുവലറി ഉടമകളെയും കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് റൂറൽ ക്രൈംബ്രാഞ്ച് സംഘം എ.സി. പ്രമോദ് പറഞ്ഞു. കാണാതാവും മുമ്പ് മോഹനനുമായി അടുപ്പം സ്ഥാപിച്ചവരെയും പൊലീസ് നിരീക്ഷിക്കും. മോഹനന്റെ ജീവിതത്തിലുണ്ടായ ചെറിയ സംഭവങ്ങളും കേസിൽ നിർണായകമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
കാണാതായത് ബാങ്കിൽ
നിന്നും മടങ്ങുംവഴി
പത്തോളം ശാഖകളുള്ള ഐശ്വര്യ ഫിനാൻസ് ഉടമ ജയകുമാറിന്റെ സഹോദരീ ഭർത്താവാണ് മോഹനൻ. പണയമായി ലഭിക്കുന്ന സ്വർണം പേരൂർക്കട സഹകരണബാങ്കിൽ പണയം വയ്ക്കുകയും അവിടെ നിന്നു തിരികെ എടുക്കേണ്ട ഉരുപ്പടികൾ ഫിനാൻസിൽ എത്തിക്കുന്നതും മോഹനനാണ്. രാവിലെ 9ഓടെ ഫിനാൻസിൽ നിന്നു പുറപ്പെട്ട് 12ന് മുമ്പ് തിരികെ മടങ്ങുന്നതാണ് പതിവ്. കാണാതായ ശേഷം ഫോൺ സ്വിച്ച് ഓഫാണ്. മോഹനന്റെ കെ.എൽ 21 പി 2105 നമ്പർ ആക്ടീവയും ഇതുവരെ കണ്ടെത്തിയിട്ടില്ല. പേരൂർക്കട നിന്ന് കരകുളം ആറാംകല്ല് വരെ മോഹനൻ സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ വിവിധ സിസി ടിവികളിലുണ്ട്. 11.09നാണ് അവസാന ദൃശ്യം ലഭിച്ചത്. കരകുളം പഞ്ചായത്ത് ഓഫീസിന് എതിർവശത്തെ കടയുടെ സി.സി ടിവി ദൃശ്യങ്ങളിൽ മോഹനന്റെ യാത്ര വ്യക്തമാണ്. ഇവിടെ നിന്നും 200 മീറ്റർ കഴിഞ്ഞുള്ള കാമറയിൽ മോഹനൻ കടന്നുപോകുന്ന ദൃശ്യമില്ല. പ്രദേശത്തെ ഇടറോഡുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അന്വേഷണം വ്യാപിപ്പിച്ചിട്ടും ഫലമുണ്ടായില്ല
മോഹനനെ കാണാതായ പ്രദേശത്തും ഉഴമലയ്‌ക്കലിലെ വീട്ടുപരിസരങ്ങളിലും അരിച്ചുപെറുക്കിയിട്ടും ഒരു തുമ്പും കിട്ടിയില്ല. നാട്ടുകാർ പണയംവച്ച സ്വർണമാണ് മോഹനന്റെ കൈയിലുണ്ടായിരുന്നത്. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം വിജയിക്കാതിരുന്നതോടെ മറ്റ് വഴികളിലേക്ക് അന്വേഷണം നടത്തിയെങ്കിലും ഗുണമുണ്ടായില്ല. നെടുമങ്ങാട് ഡിവൈ.എസ്.പിയായിരുന്ന സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്. സൈബർ സെല്ലടക്കം ഇടപെട്ട് അന്വേഷണം ഏകോപിപ്പിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല.
കവർച്ചാസാദ്ധ്യതയും പരിശോധിക്കും
മോഹനൻ മനപൂർവം മാറി നിൽക്കുന്നതാണോ എന്ന സംശയവും പൊലീസ് പരിശോധിക്കും. മോഹനനെ ആരെങ്കിലും അപായപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്തോ എന്ന രീതിയിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാൽ സംസ്ഥാനം വിടാനുള്ള സാഹചര്യം പൊലീസ് തള്ളിക്കളയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |