ബംഗളുരു: കൊവിഡ് കാലത്ത് ആരോഗ്യപ്രവർത്തകരുടെയും ഡോക്ടർമാരുടെയും എണ്ണം തികയാതെ വരുമ്പോൾ കർണാടകയിൽ ഒരു സർക്കാർ ഡോക്ടർ ജീവിക്കാനായി ഓട്ടോ ഓടിക്കുകയാണ്.
24 വർഷം ഡോക്ടറായി സേവനമനുഷ്ഠിച്ച 53കാരനായ ഡോ. രവീന്ദ്രനാഥ് എം.എച്ചിനാണ് ചില ഉന്നത ഉദ്യോഗസ്ഥരുടെ കല്ലുകടി കാരണം ഓട്ടോ ഡ്രൈവറാകേണ്ടി വന്നത്. 'ഐ.എ.എസുകാരന്റെ ദുർഭരണം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നയാൾ" എന്ന് അദ്ദേഹം തന്റെ ഓട്ടോയ്ക്കു മുന്നിൽ എഴുതിവച്ചിട്ടുണ്ട്.
2018ൽ ഒരു ഐ.എ.എസ് ഓഫീസർക്ക് വഴിവിട്ട മെഡിക്കൽ സഹായം നൽകാൻ വിസമ്മതിച്ചതോടെയാണ് രവീന്ദ്രനാഥിന്റെ ജോലിക്ക് ഭീഷണി ഉണ്ടായത്. പഞ്ചായത്ത് സി.ഇ.ഒയായി എത്തിയ ഉദ്യോഗസ്ഥൻ നിരന്തരം ശല്യപ്പെടുത്താൻ തുടങ്ങി. സാങ്കേതിക തകരാറിനെ തന്റെ തലയിലാക്കി അവർ 2019 ജൂൺ 6ന് തന്നെ സസ്പെൻഡ് ചെയ്തുവെന്നാണ് രവീന്ദ്രനാഥ് പറയുന്നത്. കർണാടക ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ആ വർഷം ഒക്ടോബറിൽ തിരിച്ചുകയറാൻ ഉത്തരവായി. എന്നാൽ, അവിടെ ജോലിചെയ്യാൻ സാധിക്കാത്തതിനാൽ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചു. ഓരോ കാരണങ്ങൾ പറഞ്ഞ് അപേക്ഷ നീട്ടിവച്ചു. ഇതിനിടെയാണ് കൊവിഡ് വ്യാപനമുണ്ടായത്. ആരോഗ്യ പ്രവർത്തകരുടെ ആവശ്യമുള്ളതിനാൽ സ്ഥലംമാറ്റം തരാനാകില്ലെന്ന് അറിയിച്ചു. സ്വകാര്യ ക്ളിനിക് തുടങ്ങിയാലും ലൈസൻസിനായി അവർക്കു മുന്നിൽ പോകാൻ വയ്യ. പകരം എന്ത് എന്ന് ചിന്തിച്ചപ്പോഴാണ് ഓട്ടോറിക്ഷ മനസിലെത്തിയത്. ചില പരിചയക്കാരെ കണ്ട് ഫിനാൻസിലൂടെ ഓട്ടോയെടുത്തു. പുതിയ ജീവിതം തുടങ്ങി. കഴിഞ്ഞ 15 മാസമായി തന്റെ ശമ്പളം പോലും തടഞ്ഞുവച്ചിരിക്കുകയാണെന്നും ബെല്ലാരിയിലെ പ്രാഥമികാരോഗ്യ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ഡോ. രവീന്ദ്രനാഥ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |