തിരുവനന്തപുരം: നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി മൂന്നു കോടി രൂപയ്ക്ക് 14 സർക്കാർ സ്കൂൾ കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് പൂർത്തിയാക്കിയ 34 ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 3129 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. 250 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. 350 ലധികം വിദ്യാലയങ്ങളിൽ പ്ളാൻ ഫണ്ടുപയോഗിച്ച് അടിസ്ഥാന സൗകര്യം ഒരുക്കുന്നുണ്ട്. ഉദ്ഘാടനം ചെയ്യുന്ന സ്കൂളുകളെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ ചിലർ തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചു.
നാട്ടിൽ നടക്കുന്ന നല്ലകാര്യങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ലൈഫ് മിഷന്റെ കാര്യത്തിലും ഇത് സംഭവിച്ചു. രണ്ടേകാൽ ലക്ഷം വീടുകളാണ് വീടില്ലാത്തവർക്ക് നൽകിയത്. സാധാരണ മനുഷ്യരെക്കുറിച്ച് താത്പര്യമുള്ള എല്ലാവരും ഇത്തരം പദ്ധതികൾ സ്വാഗതം ചെയ്യും. കിഫ്ബി ഫണ്ടുപയോഗിച്ചാണ് സ്കൂളുകൾ നിർമ്മിച്ചത്. നവകേരളം സൃഷ്ടിക്കാനുള്ള പ്രവർത്തനത്തിൽ കിഫ്ബി പ്രധാന പങ്ക് വഹിക്കുന്നു. പക്ഷപാതമില്ലാതെ എല്ലാ മണ്ഡലങ്ങളിലും മികവിന്റെ കേന്ദ്രങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ, ഡയറക്ടർ കെ. ജീവൻബാബു, കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത്, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുത്തു. അഞ്ച് കോടി രൂപയാണ് ഓരോ സ്കൂളുകൾക്കും കിഫ്ബി വഴി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |