തിരുവനന്തപുരം: വഴുതക്കാട്ടെ വനം ആസ്ഥാനത്തെ ഗാന്ധിപ്രതിമയ്‌ക്കു മുന്നിലായി കൃഷ്ണശിലയിൽ നിർമ്മിച്ച മൂന്ന് മീറ്റർ ഉയരമുള്ള ഒരു രക്തസാക്ഷി സ്‌തൂപമുണ്ട്. പുറംലോകം കാണാതെ, അറിയാതെ പോകുന്ന ഈ സ്മാരകം കാടിനും മരങ്ങൾക്കും വേണ്ടി ജീവത്യാഗം ചെയ്തവരുടെ സ്മരണയ്ക്കായുള്ളതാണ്.
2018 ലാണ് വനം വകുപ്പ് ആസ്ഥാനത്തെ മുഖ്യ മന്ദിരത്തിനു മുന്നിൽ 400 ചതുരശ്ര അടി വിസ്തീർണത്തിൽ വന രക്തസാക്ഷി മണ്ഡപം പണിതീർത്തത്. വനം കൊള്ളക്കാരെയും വന്യമൃഗങ്ങളെയും നേരിട്ട് ജീവൻ പൊലിഞ്ഞവരുടെ ഓർമ്മകളാണ് ഈ സ്‌മാരകത്തെ പ്രോജ്വലിപ്പിക്കുന്നത്. രാജ്യത്താകെ 1400 ലധികം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വന സംരക്ഷണത്തിനിടെ മരിച്ചത്. ഇതിൽ 20 പേർ കേരളത്തിലുള്ളവരാണ്.
വനരക്തസാക്ഷി ദിനത്തിനു പിന്നിൽ
രാജസ്ഥാനിലെ ജോധ്പൂർ രാജാവിന് കൊട്ടാരം പണിയാൻ ഖേജ്‌രി വൃക്ഷങ്ങൾ മുറിക്കാനായി വനത്തിലെത്തിയ ഭടന്മാരെ ബിഷ്‌ണോയി സമൂഹം എതിർത്തു. അഗ്നിദേവൻ കുടികൊള്ളുന്നു എന്ന് ബിഷ്‌ണോയി സമൂഹം വിശ്വസിക്കുന്ന ഈ വൃക്ഷത്തിന്റെ തടിയാണ് യാഗശാലയിൽ അരണി കടഞ്ഞ് തീയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. അമൃതാദേവി ബിഷ്‌ണോയി എന്ന സ്ത്രീയുടെ നേതൃത്വത്തിൽ നടന്ന ചെറുത്തുനില്പിൽ മുന്നൂറോളം പേരാണ് മരിച്ചത്. ഒടുവിൽ മരംമുറി ഒഴിവാക്കി ഭടന്മാർ മടങ്ങി. 1730 സെപ്തംബർ 11 നായിരുന്നു അത്. തേക്ക് തോട്ടങ്ങളുടെ ഉപജ്ഞാതാവായ മലബാർ കളക്ടർ കനോളി ക്രൂരമായി കൊല്ലപ്പെട്ടതും ഒരു സെപ്തംബർ 11 നായിരുന്നു. 2013 മുതലാണ് ഇന്ത്യയിൽ വന രക്തസാക്ഷി ദിനമായി സെപ്തംബർ 11 ആചരിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചത്.