കരകാസ്: വടക്കുകിഴക്കൻ സംസ്ഥാനമായ ഫാൽക്കണിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് സമീപത്തു നിന്ന് അമേരിക്കൻ ചാരനെ പിടികൂടിയതായി വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ.
ആയുധങ്ങളും പണവും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അമുവായ്, കാർഡൺ എന്നീ റിഫൈനറികൾക്ക് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇറാഖിലെ സി.ഐ.എ താവളങ്ങളിൽ ഈ ചാരൻ പ്രവർത്തിച്ചിരുന്നുവെന്നാണ് വിവരം.
രണ്ടുദിവസം മുമ്പ് കരാബോബോ സംസ്ഥാനത്തെ എൽ പലീറ്റോ റിഫൈനറിയിൽ സ്‌ഫോടനം നടത്താനുള്ള നീക്കം പരാജയപ്പെടുത്തിയെന്നും പ്രസിഡന്റ് പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം നൽകിയില്ല.
മഡുറോയെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ കഴിഞ്ഞ മാസം രണ്ട് അമേരിക്കൻ സൈനികരെ വെനസ്വേലൻ കോടതി 20 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഗൂഢാലോചന, ആയുധക്കടത്ത്, ഭീകരപ്രവർത്തനം തുടങ്ങിയ കുറ്റങ്ങളാണ് ലൂക്ക് ഡെൻമാൻ, ഐറാൻ ബെറി എന്നീ അമേരിക്കൻ സൈനികർക്ക് മേൽ വെനസ്വേല ചുമത്തിയത്. കൊളംബിയയിൽ നിന്ന് വെനസ്വേലയിലേയ്ക്ക് അനധികൃതമായി കടൽമാർഗം പ്രവേശിക്കാൻ ശ്രമിച്ച 13 പേരെ മേയിൽ പിടികൂടിയിരുന്നു. ഇതിൽപ്പെട്ടവരാണ് ശിക്ഷിക്കപ്പെട്ട സൈനികർ.
ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് ചാരപ്പണി നടന്നതെന്നുള്ള വെനസ്വേലയുടെ ആരോപണം അമേരിക്ക തള്ളിയിരുന്നു. വെനസ്വേലൻ പ്രസിഡന്റ് ആയി യു.എസ് അംഗീകരിക്കുന്നത് പ്രതിപക്ഷ നേതാവ് ഹുവാൻ ഗയ്‌ഡോയെ ആണ്. വെനസ്വേലയുടെ എണ്ണ സമ്പത്ത് കൊള്ളയടിക്കാനായി പ്രതിപക്ഷവുമായി ചേർന്ന് യു.എസ് അട്ടിമറിശ്രമങ്ങൾ നടത്തുകയാണെന്ന് മഡുറോ ആരോപിക്കുന്നു. എന്നാൽ വെനസ്വേലയെ മഡുറോയുടെ സ്വേച്ഛാധിപത്യ ഭരണം വലിയ സാമ്പത്തികപ്രതിസന്ധിയിലേയ്ക്കും അരാജകത്വത്തിലേയ്ക്കും തള്ളിവിട്ടിരിക്കുകയാണെന്നാണ് അമേരിക്കയുടെ പ്രത്യാരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |