നെടുമങ്ങാട്: ലൈഫ് മിഷനിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ച് ഒന്നാമതെത്തിയ നെടുമങ്ങാട് നഗരസഭയ്ക്ക് ഹരിതകേരള മിഷനിലും റെക്കാഡ്. മെറ്റീരിയൽ റിസോഴ്സ് റിക്കവറി ഫെസിലിറ്റി (അജൈവ മാലിന്യ സംഭരണ കേന്ദ്രം) ഫലപ്രദമായി നടപ്പിലാക്കിയ തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയിലും നമ്പർ വൺ നെടുമങ്ങാട് നഗരസഭയാണ്. ടൗണിലും കടകളിലും കുമിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് റോഡ് നിർമ്മിതിക്ക് യോജിച്ച വിധത്തിൽ പൊടിയാക്കുന്ന പദ്ധതി യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്. പുലിപ്പാറ വൃദ്ധസദനത്തിന് സമീപം ഒരു കോടിയോളം രൂപ ചെലവിട്ട് സജ്ജമാക്കിയ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്ററിന്റെ (എം.ആർ.എഫ്) ഉദ്‌ഘാടനം ഉടനെ നടക്കും. പൊടി രൂപത്തിലാക്കി നൽകുന്ന പ്ലാസ്റ്റിക് വില നൽകി ഏറ്റെടുക്കാൻ സർക്കാർ സ്ഥാപനമായ ക്ളീൻ കേരളയുമായി കരാർ ഉറപ്പിച്ചു കഴിഞ്ഞു. ഷ്രഡിംഗ് മെഷീൻ, ട്രാൻസ്‌ഫോർമർ തുടങ്ങി യന്ത്രസാമഗ്രികളെല്ലാം പുലിപ്പാറയിൽ സ്ഥാപിതമായി. 26 അറകൾ അടങ്ങിയ മൈസൂർ മോഡൽ എംആർ.എഫ് സെന്ററാണ് പൂർത്തിയായത്. നഗരസഭ വിലയ്ക്ക് വാങ്ങിയ 60 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പിലാക്കിയത്. കുടുംബശ്രീ തിരഞ്ഞെടുക്കുന്ന 20 ഓളം കുടുംബങ്ങൾക്ക് തൊഴിൽ ലഭ്യതയ്ക്കും വഴിയൊരുങ്ങിയിട്ടുണ്ട്. ഗ്രീൻ ടെക്‌നീഷ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് വിദഗ്ദ്ധ പരിശീലനം നല്കുന്നതിന്റെ ശ്രദ്ധയിലാണ് ഇപ്പോൾ നഗരസഭാധികൃതർ.
നീരുറവകളും പൊതുയിടങ്ങളും ഇനി പ്ലാസ്റ്റിക് മുക്തം
കടകളിലും വീടുകളിലും പോയി പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം ശേഖരിക്കാൻ നഗരസഭ തിരഞ്ഞെടുത്ത ഹരിതകർമ്മ സേനയുടെ പ്രവർത്തനം ഫലപ്രദമായി നടന്നുവരികയാണ്. ഉടമസ്ഥരിൽ നിന്ന് യൂസർ ഫീസ് ഇനത്തിൽ ഈടാക്കുന്ന നിശ്ചിത തുകയാണ് സേനാംഗങ്ങളുടെ വേതനം. തൊഴിൽ രഹിതരായ നിരവധി യുവതികൾക്ക് വലിയ തോതിൽ ആശ്വാസം പകരുന്നതാണ് ഹരിതകർമ്മ സേന. ജല സ്രോതസുകളിലും പൊതുനിരത്തിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും ഹരിത സേനാംഗങ്ങൾ ശേഖരിക്കുന്നുണ്ട്. നീരുറവകളും പൊതുയിടങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കാൻ ഇതുപകരിച്ചു. എം.ആർ.എഫ് പദ്ധതിയുടെ ഭാഗമായുള്ള പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് രണ്ടു വർഷത്തിലേറെയായി പഴകുറ്റി കല്ലമ്പാറയിൽ ലാഭത്തിൽ പ്രവർത്തിച്ചു വരികയാണ്. സംഭരിക്കുന്ന മാലിന്യം തരംതിരിക്കുന്ന ഘട്ടമാണ് ഇവിടെയുള്ളത്. പുലിപ്പാറ സെന്ററിലെ ഷ്രഡിംഗ് മെഷീനിൽ പ്ലാസ്റ്റിക് പൊടിച്ച് ക്ളീൻ കേരളയ്ക്ക് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |