നെടുമങ്ങാട്: നടിമാരുടെയും വനിതാ അവതാരകരുടെയും മോർഫ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും അശ്ലീല വെബ്‌സൈറ്റിൽ പ്രചരിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് വീടിനു പുറത്തിറങ്ങിയിട്ട് ഏഴു വർഷം. അടച്ച മുറിയിൽ എപ്പോഴും മൊബൈൽ ഫോണിൽ സല്ലപിക്കുന്ന കരിപ്പൂര് നെട്ടറക്കോണം വീട്ടിൽ സൂരജ് ദിനേഷിന്റെ (25) അറസ്റ്റിൽ പകച്ചിരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും.
കുളിയില്ല, ഭക്ഷണമില്ല, രക്ഷാകർത്താക്കളോടൊ സഹോദരനോടോ സംസാരമില്ല. മൊബൈൽ ഫോണിൽ നെറ്റ് ചാർജ് ചെയ്യാൻ താമസിച്ചാൽ മാത്രം ഒച്ചയെടുക്കും. ചാർജ് ചെയ്യും വരെ അക്രമാസക്തനാകും. പിടിയിലാവുമ്പോൾ ഭക്ഷണം കഴിച്ചിട്ട് മൂന്നും, കുളിച്ചിട്ട് ഒമ്പതും ദിവസം കഴിഞ്ഞെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇന്റർനെറ്റിൽ നിന്ന് ചിത്രങ്ങളെടുത്ത ശേഷം അശ്ലീല വീഡിയോയും ഫോട്ടോയും ഓഡിയോയും എഡിറ്റ് ചെയ്ത് ചേർക്കും. വീഡിയോ എഡിറ്റ് ചെയ്യുന്നതും സൂരജാണെന്ന് പൊലീസ് പറയുന്നു. അപമാനം ഭയന്ന് നിരവധിപേർ പണം നല്കിയെന്നും 35 സിനിമ, സീരിയൽ താരങ്ങൾ വലയിൽ കുരുങ്ങിയിട്ടുണ്ടെന്നുമാണ് കണ്ടെത്തൽ. തിരുവനന്തപുരത്തെ പ്രമുഖ നടി നല്കിയ പരാതിയിൽ സിറ്റി-റൂറൽ സൈബർ സെല്ലുകൾ നടത്തിയ അന്വേഷണത്തിൽ കരിപ്പൂരിലെ വീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്.
സമ്പാദിച്ച പണം എവിടെ !
പൊളിയാറായ വീട്ടിൽ കൂലിപ്പണിക്കാരിയായ അമ്മയ്ക്കും അമ്മൂമ്മയ്ക്കും സഹോദരനുമൊപ്പമാണ് യുവാവ് താമസിച്ചിരുന്നത്. അച്ഛൻ ദിനേശ്കുമാർ മൂന്ന് വർഷം മുമ്പ് ആത്മഹത്യ ചെയ്തു. നെടുമങ്ങാട് മുനിസിപ്പാലിറ്റി ലൈഫ് പദ്ധതിയിലൂടെ നിർമ്മിച്ച വീട്ടിൽ കുടുംബം താമസമാക്കിയിട്ട് ഒരു മാസമായതേയുള്ളൂ. അധികൃതർ നൽകിയ നാല് ലക്ഷം രൂപ വീട് പണിക്ക് തികയാതെ അമ്മ ഷീജയും വൃദ്ധ മാതാവും കടം വാങ്ങാൻ നെട്ടോട്ടമോടി. ലക്ഷങ്ങൾ സമ്പാദിച്ചെന്ന് പൊലീസ് കണ്ടെത്തിയ യുവാവ് ചില്ലി കാശ് പോലും നല്കിയിട്ടില്ല.
കൂലിപ്പണിക്കാരാണെങ്കിലും പ്രമുഖ സ്വകാര്യ ഇംഗ്ളീഷ് മീഡിയം സ്കൂളിലാണ് സൂരജിനെയും ജ്യേഷ്ഠനെയും പഠിപ്പിച്ചതത്. സൂരജ് ഏഴാം ക്ലാസിൽ പഠനം നിറുത്തി. മാനസിക പ്രശ്നമുണ്ടെന്ന് അദ്ധ്യാപകർ പറഞ്ഞതിന്റെ മറവിൽ വീട്ടിൽ അക്രമം പതിവായി. ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിൽ മിടുക്കനായിരുന്നു. നടിമാരുടെ ഫോൺ നമ്പരുകൾ തേടിപ്പിടിച്ച് സന്ദേശങ്ങളയച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടിയിരുന്നതായും പൊലീസ് പറയുന്നു. എന്നാൽ പണം എവിടെ ഒളിപ്പിച്ചെന്ന് ഇനിയും വ്യക്തമായിട്ടില്ല.
റാക്കറ്റിലെ കണ്ണിയോ ?
മൂത്ത സഹോദരനു മൊബൈൽ കമ്പനിയിലായിരുന്നു ജോലി. തനിച്ചിരിക്കുന്ന കൂടപ്പിറപ്പിന് മൊബൈൽ ഫോൺ വാങ്ങി നല്കിയത് സഹോദരനാണ്. സൂരജിന് സഹായികളില്ലെന്നും കബളിപ്പിക്കപ്പെടുന്നവരുമായി ചാറ്റിംഗിലൂടെ ബന്ധപ്പെട്ട് പണം തട്ടുകയായിരുന്നു എന്നുമുള്ള പൊലീസിന്റെ ഭാഷ്യം രക്ഷിതാക്കളും പരിചയക്കാരും മുഖവിലയ്‌ക്കെടുക്കുന്നില്ല. സൂരജ് അശ്ലീല വെബ്‌സൈറ്റ് റാക്കറ്റിലെ കണ്ണി മാത്രമാണെന്നും അന്വേഷണം ഊർജിതപ്പെടുത്തണമെന്നുമാണ് ഇവരുടെ ആവശ്യം. കന്റോൺമെന്റ് എ.സിയുടെ മേൽനോട്ടത്തിൽ വട്ടിയൂർക്കാവ് സി.ഐ ശാന്തകുമാർ എ.എസാണ് കേസന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |