പത്തനംതിട്ട: സംസ്ഥാനത്തെ ആയിരക്കണക്കിനാളുകളുടെ പണം നഷ്ടപ്പെട്ട പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സി.ബി.െഎയ്ക്ക് വിടാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് നിക്ഷേപകർ. കോന്നി വകയാർ കേന്ദ്രമാക്കി പ്രവർത്തിച്ചുകൊണ്ടിരുന്ന പോപ്പുലർ ഫിനാൻസിൽ 2500 കോടിയുടെ തട്ടിപ്പ് നടന്നതായാണ് ഇതുവരെ കണ്ടെത്തിയത്. നാലായിരം കോടിയിലേറെ തട്ടിപ്പു നടന്നതായാണ് നിക്ഷേപകരുടെ പരാതി.
കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നായിരുന്നു നിക്ഷേപകരുടെ ആവശ്യം. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികൾ കോന്നി പൊലീസ് സ്റ്റേഷനിൽ ഒറ്റക്കേസായി പരിഗണിച്ച് അന്വേഷിക്കാനുള്ള ഡി.ജി.പിയുടെ നിർദ്ദേശത്തെ നിക്ഷേപകർ എതിർത്തിരുന്നു. അറസ്റ്റിലായ മാനേജിംഗ് ഡയറക്ടർ തോമസ് ഡാനിയേലിനും ഭാര്യ പ്രഭാ തോമസിനും മക്കളായ റിനുവിനും റേബയ്ക്കും രക്ഷപ്പെടാനുള്ള പഴുതുകൾ ഒറ്റക്കേസായി പരിഗണിക്കുന്നതിലൂടെ ലഭിക്കുമെന്ന് ആക്ഷപം ഉയർന്നിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചാൽ തട്ടിപ്പു നടത്തിയവരെ സമ്മർദ്ദത്തിലാക്കി നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാമെന്നാണ് നിക്ഷേപകർ ചൂണ്ടിക്കാട്ടിയത്. എന്നാൽ, കോന്നിയിൽ കേസുകൾ രജിസ്റ്റർ ചെയ്യാനായിരുന്നു ഡി.ജി.പിയുടെ നിർദേശം.
സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് അന്വേഷിച്ചു തുടങ്ങിയതിനിടെയാണ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള സർക്കാർ തീരുമാനം. കേസിൽ വിദേശ ബന്ധം അന്വേഷിക്കുന്നതിന് ഇന്റർപോളിന്റെ സഹായം വേണ്ടിവരുമെന്ന് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്ന ദക്ഷിണ മേഖല െഎ.ജി ഹർഷിത അട്ടല്ലൂരി പത്തനംതിട്ടയിൽ പറഞ്ഞിരുന്നു.
സ്ഥിര നിക്ഷേപം എന്ന വ്യാജേന നിക്ഷേപകരിൽ നിന്ന് പണം വാങ്ങിയതിന്, ഗൂഢാലോന, തെളിവ് നശിപ്പിക്കൽ, സാമ്പത്തിക കുറ്റകൃത്യം, അന്താരാഷ്ട്ര നാണയ വിപണന നിയമം ലംഘിക്കൽ എന്നിവയ്ക്ക് പൊലീസ് കേസെടുക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. എന്നാൽ, പണം തട്ടിപ്പിനുള്ള കേസ് മാത്രമാണ് കോന്നി പൊലീസിൽ രജിസ്റ്റർ ചെയ്തതെന്നാണ് നിക്ഷേപകരുടെ പരാതി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്ക് നിക്ഷേപകരുടെ കൂട്ടായ്മ പരാതി നൽകിയതിനു പിന്നാലെയാണ് സി.ബി.ഐ അന്വേഷണത്തിന്റെ പ്രഖ്യാപനം. കേസ് സി.ബി.ഐയ്ക്ക് വിടുന്നതിനെ സി.പി.എമ്മും അനു്കൂലിച്ചിരുന്നു.
പാപ്പർ ഹർജി 24ന് പരിഗണിക്കും, പ്രതികളെ റിമാൻഡ് ചെയ്തു
പോപ്പുലർ ഫിനാൻസ് ഉടമകൾ പത്തനംതിട്ട സബ് കോടതിയിൽ നൽകിയ പാപ്പർ ഹർജി പരിഗണിക്കുന്നത് ഇൗ മാസം 24ലേക്ക് മാറ്റി. കേസ് ഫയലുകൾ പഠിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന പരാതിക്കാരുടെ അഭിഭാഷകരുടെ അപേക്ഷ പരിഗണിച്ചാണ് സബ് ജഡ്ജ് കവിതാ ഗംഗാധരൻ കേസ് മാറ്റിവച്ചത്. പരാതിക്കാർക്ക് വേണ്ടി 15 അഭിഭാഷകരാണ് ഇന്നലെ കോടതിയിൽ ഹാജരായത്. കേസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന് കൊച്ചിയിൽ നിന്ന് വന്ന അഭിഭാഷകർ വാദിച്ചപ്പോൾ മറ്റുള്ളവർ എതിർത്തു. പ്രതി താേമസ് ഡാനിയേലിനെ കൊട്ടാരക്കര ജയിലിലും ഭാര്യ പ്രഭ, മക്കൾ റിനു, റേബ എന്നിവരെ അട്ടക്കുളങ്ങര സബ് ജലിലും റിമാൻഡ് ചെയ്തു. കേസ് സി.ബി.ഐയ്ക്ക് വിടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആക്ഷൻ കൗൺസിൽ പ്രസിഡന്റ് സി.എസ്.നായർ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് ഒരു പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തപ്പോൾത്തന്നെ അന്വേഷണത്തിന്റെ രീതി ശരിയല്ലെന്ന് തങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ കുറച്ചുകാണുന്നില്ല. കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് തങ്ങൾ ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് സർക്കാർ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |