കൊല്ലം: പൊതുവിപണിയിൽ ഒട്ടുമിക്ക പലവ്യഞ്ജനങ്ങളുടെയും വില കഴിഞ്ഞ ദിവസം വർദ്ധിച്ചു. ഓണക്കാലത്ത് കാര്യമായ വിലക്കയറ്റമുണ്ടാകാത്തതിന്റെ ആശ്വാസത്തിൽ നിൽക്കുമ്പോഴാണ് റോക്കറ്റ് പോലെ വില കുതിച്ചുയരുന്നത്.
മുളക്, തേയില, കൊച്ചുള്ളി എന്നിവയുടെ വിലയിലാണ് വലിയ വർദ്ധനവുണ്ടായത്. മുളകിന്റെയും കൊച്ചുള്ളിയുടെയും വിലയിൽ പത്ത് രൂപയുടെ വർദ്ധനവ് ഉണ്ടായപ്പോൾ തേയിലയ്ക്ക് 40 രൂപ വർദ്ധിച്ചു. മുളകിന്റെ സീസൺ കഴിഞ്ഞതാണ് വിലവർദ്ധനവിന് കാരണമായി പറയുന്നത്. മുളക് വില വരും ദിവസങ്ങളിൽ വീണ്ടും കുതിച്ചുയരാൻ സാദ്ധ്യതയുണ്ടെന്നും കച്ചവടക്കാർ പറയുന്നു. ഉല്പാദനം കുറഞ്ഞതാണ് തേയില വില കയറാനുള്ള കാരണം. മറ്റിനങ്ങളുടെ വിലക്കയറ്റത്തിന്റെ കാരണത്തെക്കുറിച്ച് കച്ചവടക്കാർക്ക് കൃത്യമായ മറുപടിയില്ല. ലോക്ക് ഡൗൺ കാലത്ത് പോലും കുത്തനെ ഉയർന്ന ഗ്രീൻ പീസിന്റെ വില ഇപ്പോൾ ഇടിഞ്ഞ് താഴുകയാണ്.
സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ഉണ്ടായത് കൊണ്ടാണ് ഓണക്കാലത്ത് കാര്യമായ വിലക്കയറ്റം ഉണ്ടാകാതിരുന്നത്. പൊതുവിപണിയിൽ എല്ലാക്കാലത്തെയും പോലെ ഇത്തവണ കാര്യമായ കച്ചവടവും ഉണ്ടായിരുന്നില്ല. ഇനി വരുന്ന നാല് മാസം കൂടി സൗജന്യമായി കിറ്റ് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വിതരണത്തിന്റെ ചുമതലയുള്ള സപ്ലൈകോ സെൻട്രലൈസ്ഡ് പർച്ചേസ് കിറ്റിൽ ഉൾപ്പെട്ട എല്ലാ ഇനങ്ങളും സമയത്ത് കിട്ടാതെ വരുമ്പോൾ പ്രാദേശികമായി വാങ്ങാൻ ഡിപ്പോകൾക്ക് അനുമതി നൽകുന്നതാണ് ഇപ്പോഴത്തെ പതിവ്. ഇത് മുന്നിൽ കണ്ട് സപ്ലൈകോയുടെ കൂടി കീശ കൊള്ളയടിക്കുകയെന്ന ലക്ഷ്യം ഇപ്പോഴത്തെ വിലക്കയറ്റത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നു.
ഇനം ഓണക്കാലത്തെ വില, ഇപ്പോഴത്തെ വില
പയർ, 95, 100
ഉഴുന്ന് പരിപ്പ്, 110, 112
കടല,65, 70
വെള്ളക്കടല, 85, 90
കടലപ്പരിപ്പ്, 80, 85
വട പരിപ്പ്, 80, 85
ഗ്രീൻ പീസ്, 160, 150
മുളക്,130, 140
മല്ലി, 85, 85
കൊച്ചുള്ളി, 50, 60
സവാള, 30, 35
വെളിച്ചെണ്ണ, 160, 165
തേയില, 160, 200
സപ്ലൈകോയിലും ആശ്വാസമില്ല
ഇപ്പോൾ വില കൂടിയവയിൽ പയർ, മുളക്, കൊച്ചുള്ളി, സവാള തുടങ്ങിയ ഇനങ്ങൾ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ കിട്ടാനില്ല. ഇത് പൊതുവിപണിയിൽ വില കൂടുതൽ ഉയരാനുള്ള സാഹചര്യം സൃഷ്ടിക്കും. ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തതിനാൽ സ്കൂൾ കിറ്റിൽ ഉൾപ്പെട്ടിട്ടുള്ള കടല, കവർ മുളക്, കവർ മല്ലി എന്നിവയുടെ വില്പന നിറുത്തിവയ്ക്കാനും സാദ്ധ്യതയുണ്ട്.
''
ഇപ്പോഴത്തെ വിലവർദ്ധനവിന് പൊതുവായ കാരണമില്ല. ഓരോ ഇനത്തിനും കാരണം വ്യത്യസ്തമാണ്. ശർക്കര, പച്ചരി അടക്കം പല ഇനങ്ങളുടെയും വില കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞിട്ടുണ്ട്.
ഷാജി, മൊത്തവ്യാപാരി, ചാമക്കട
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |