കഴക്കൂട്ടം: ഐ.ടി നഗരത്തിലെ ഗതാഗതക്കുരുക്കിനും യാത്രാക്ലേശത്തിനും പരിഹാരം ലക്ഷ്യമിട്ട കഴക്കൂട്ടം ഹൈടെക് ബസ് ടെർമിനൽ പദ്ധതി ഇപ്പോഴും ഫയലുകളുടെ അഴിയാക്കുരുക്കിലാണ്. എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്നതിനാൽ ഇൻഫോസിസ് മുതൽ പള്ളിപ്പുറത്തെ നിർദിഷ്ട ടെക്നോ സിറ്റി വരെ ഗതാഗതക്കുരുക്ക് പതിവാണ്. രോഗികളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലേക്കുമെത്തുന്ന ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽപ്പെടുന്നത് ഇവിടെ പതിവാണ്. ഇതിനുള്ള ശാശ്വത പരിഹാരമെന്ന നിലയിലാണ് ഹൈടെക് ബസ് ടെർമിനൽ നിർമ്മാണവും അനുബന്ധ വികസനവും പ്രഖ്യാപിച്ചത്. 15 കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഒരേസമയം പാർക്കുചെയ്യാനും വിവിധ ഭാഗങ്ങളിൽ നിന്ന് ബസ് ടെർമിനലിലേക്ക് യാത്രക്കാരെ കയറ്റാനും ഇറക്കാനും സൗകര്യമുണ്ടാകുന്നതോടെ ഐ.ടി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകുമെന്നായിരുന്നു കരുതിയത്. ട്രിഡയുടെ കെട്ടിട സമുച്ചയം യാഥാർത്ഥ്യമാകുന്നതോടെ കഴക്കൂട്ടത്ത് വിവിധയിടങ്ങളിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളും നഗരസഭയുടെ കീഴിലുള്ള സ്ഥാപനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരാനായിരുന്നു നീക്കം.
പദ്ധതിയും ' വഴിയിലായി '
-----------------------------------------
2016ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ബസ് ടെർമിനലിന് തറക്കല്ലിട്ടു. കഴക്കൂട്ടം കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം ടെക്നോപാർക്കിന്റെ കൈവശമുള്ള 1.83 ഏക്കർ സ്ഥലം ബസ് ടെർമിനലിനായി ട്രിഡയ്ക്ക് കൈമാറാൻ 2014ൽ വ്യവസായ വകുപ്പ് ഉത്തരവിട്ടിരുന്നു. തെറ്റിയാറിന് സമീപത്തെ സ്ഥലത്ത് ഒരു വർഷത്തിനുള്ളിൽ പദ്ധതി നടപ്പായില്ലെങ്കിൽ സ്ഥലം പാർക്കിന് തിരിച്ചെടുക്കാമെന്നായിരുന്നു വ്യവസ്ഥ. 2010ൽ പാർക്കിൽ ഫയർഫോഴ്സിന് കെട്ടിടം പണിയാൻ പാർക്ക് അധികൃതർ ഭൂമി നൽകിയിരുന്നു. 4 വർഷം കഴിഞ്ഞിട്ടും കെട്ടിടം പണിയാത്തതിനാൽ ആ സ്ഥലം കൂടി ലഭ്യമാക്കിയാൽ ബസ് ടെർമിനലിനൊപ്പം ഷോപ്പിംഗ് കോംപ്ലക്‌സ് അടക്കമുള്ള വികസനം നടത്താമെന്ന് 2015ൽ ട്രിഡ സർക്കാരിനെ അറിയിച്ചിരുന്നു. ഇത് പാർക്ക് അധികൃതർക്കും സമ്മതമായതിനാൽ പദ്ധതിയുമായി ട്രിഡ മുന്നോട്ടുപോയി. അതിനിടെ ഏക്കറിന് പതിനായിരം രൂപ ഇടാക്കി പാട്ടവ്യവസ്ഥയിൽ മാത്രമേ ഭൂമി ലഭ്യമാക്കാൻ കഴിയൂ എന്ന നിലപാട് പാർക്ക് അധികൃതർ സ്വീകരിച്ചതോടെ പദ്ധതിയിൽ തർക്കമായി.
വികസനം വേണം
---------------------------------------
തർക്കത്തെ തുടർന്ന് സർക്കാർ മുൻകൈയെടുത്ത് പരിഹാരം കണ്ടെത്തി. ബസ് ടെർമിനലിനും അനുബന്ധ വികസനങ്ങൾക്കുമായി 5 കോടിയും വാണിജ്യ കേന്ദ്രത്തിനും ഓഫീസിനും 7 കോടിയും വനിതാ ഹോസ്റ്റലിന് 3 കോടിയും ചേർത്ത് മൊത്തം 20 കോടി രൂപയുടെ പദ്ധതി നിർദ്ദേശമാണ് 2015ൽ ട്രിഡ സർക്കാരിന് നൽകിയത്. 2017ൽ പദ്ധതി പൂർത്തീകരിക്കാനും തീരുമാനിച്ചിരുന്നു. തുടർന്ന് 12 കോടി രൂപ ചെലവിൽ ബസ് ടെർമിനലും വാണിജ്യ സമുച്ചയവും പണിയാൻ ഭരണാനുമതിയും നൽകി. 2016 ഫെബ്രുവരിയിൽ ബസ് ടെർമിനലിന് തറക്കല്ലിട്ടു. എന്നാൽ തുടർനടപടികളുണ്ടായില്ല.
പദ്ധതിക്കായി ഏറ്റെടുത്തത് - 1.83 ഏക്കർ
ബസ് ടെർമിനലിന് തറക്കല്ലിട്ടത് - 2016ൽ
ദുരിതത്തിലായി യാത്രക്കാർ
---------------------------------------------------------------
ബസുകളുടെ സമയം അറിയാൻ കഴിയുന്നില്ല
സ്റ്റോപ്പുകളെക്കുറിച്ച് കൃത്യമായ വിവരമില്ല
സ്റ്റോപ്പില്ലാത്തതുകാരണം ഗതാഗതക്കുരുക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |