പുനലൂർ: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓൺ ലൈൻ പഠന ക്ലാസുകൾ ഒരു ദിവസം രണ്ട് മണിക്കൂറിൽ കൂടരുതെന്ന് സംസ്ഥാന ബാലാവാകാശ കമ്മിഷൻ ഉത്തരവിറക്കി. തിരുവല്ലയിലെ സ്വകാര്യ സ്‌കൂളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30വരെ ഓൺലൈൻ ക്ലാസ് നടത്തുന്നതിനാൽ തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിക്കേണ്ടി വരുന്ന വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് ചൂണ്ടികാട്ടി ഒരു കുട്ടിയുടെ രക്ഷിതാവായ ടി.പി.വിനോദ് കുമാർ നൽകിയ പരാതിയിലാണ് കമ്മിഷൻ ഇടപെടൽ. ഒരു ക്ലാസിന്റെ സമയം പരമാവധി അര മണിക്കൂറായി നിശ്ചയിക്കണം. ഇതിന് ശേഷം 15മുതൽ 30 മിനിറ്റ് വരെ വിശ്രമ വേള നൽകണമെന്നും കമ്മിഷൻ അംഗം റെനി ആന്റണി നൽകിയ ഉത്തരവിൽ പറയുന്നു. ടേം പരീക്ഷക്ക് സമാനമായ ഓൺ ലൈൻ എഴുത്ത് പരീക്ഷകൾ നടത്താൻ പാടില്ല. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ജവഹർ നവോദയ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽമാർ ഓരോ മാസത്തെയും ഓൺലൈൻ ക്ലാസുകളുടെ ടൈം ടേബിൾ ജില്ലാ കളക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവർക്ക് നൽകണം. ഡിജിറ്റിൽ വിദ്യാഭ്യാസം സംബന്ധിച്ച് മനുഷ്യവിഭവ ശേഷിവികസന മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള മാർഗ നിർദ്ദേശങ്ങൾ പാലിച്ചാണ് ഓൺലൈൻ പഠന ക്ലാസുകൾ നടക്കുന്നതെന്ന് എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും ഉറപ്പ് വരുത്തണമെന്നും കമ്മിഷന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |