തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ രണ്ടാമത്തെ മന്ത്രി ആരാണെന്ന് തനിക്കറിയാമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആ മന്ത്രിയുടെ പേര് സർക്കാർ തന്നെ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ലാറ്റിന്റെ പദ്ധതി രേഖകൾ ആവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവെന്ന നിലയിൽ പദ്ധതി രേഖകൾ ആവശ്യപ്പെട്ടിട്ട് ഒരുമാസത്തിന് ശേഷവും മറുപടി ഇല്ലാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും കത്ത് നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ എന്തുകൊണ്ട് നൽകുന്നില്ല എന്ന ചോദ്യത്തിന് അതിപ്പോൾ പറയാനാകില്ല എന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പദ്ധതി സംബന്ധിച്ച് അടിമുടി അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും വൻതുകക്കുള്ള കമ്മീഷൻ ഇടപാട് വിശദാംശങ്ങളും എല്ലാം പുറത്ത് വന്നിട്ടും ഇതേ കുറിച്ച് വൈകാരിക പ്രതികരണങ്ങൾക്ക് അപ്പുറം വസ്തുതകൾ വ്യക്തമാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. രേഖകൾ പുറത്ത് വന്നാൽ അഴിമതി കഥ പുറത്താകുമെന്ന ഭയമാണ് സർക്കാരിനെന്നും ചെന്നിത്തല ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |