ന്യൂഡൽഹി: പ്രശസ്ത കലാചരിത്രകാരിയും മുൻ രാജ്യസഭാ എം.പിയുമായ ഡോ. കപില വത്സ്യായൻ (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ രാവിലെ ഡൽഹിയിലെ ഗുൽമോഹർ എൻക്ലേവിലെ വസതിയിലായിരുന്നു അന്ത്യം.വൈകിട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ ലോധി ശ്മശാനത്തിൽ സംസ്കാരം നടത്തി. 2011ൽ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചിരുന്നു.
ഹിന്ദി എഴുത്തുകാരൻ എസ്.എച്ച്. വാത്സ്യായനാണ് ഭർത്താവ്. കവിയും കലാ നിരൂപകനുമായ കേശവ് മാലിക്ക് സഹോദരനാണ്.
കലാചരിത്രം, പുരാവസ്തുശാസ്ത്രം, ക്ലാസിക്കൽ ഡാൻസ് എന്നീ മേഖലകളിൽ അപാരമായ പാണ്ഡിത്യമായിരുന്നു കപില വാത്സ്യായന്. പഞ്ചാബി ആര്യ സമാജം കുടുംബത്തിൽ ജനിച്ച കപില കഥക്, മണിപ്പൂരി നൃത്തങ്ങൾ അഭ്യസിച്ചശേഷമാണ് കലാ ചരിത്രപഠനത്തിലേക്ക് തിരിഞ്ഞത്.
ഡൽഹി സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം മിഷിഗൺ സർവകലാശാലയിൽ നിന്ന് രണ്ടാം എം.എയും ബനാറസ് ഹിന്ദു സർവകലാശാലയിൽ പി.എച്ച്.ഡിയും നേടി.
1970 ൽ സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പരമോന്നത ബഹുമതി, ലളിത കലാ അക്കാദമി ഫെലോഷിപ്പ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടി. വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യ ഇന്റർനാഷണൽ സെന്ററിന്റെ ആജീവനാന്ത ട്രസ്റ്റി, ഐ.ഐ.സിയിലെ ഏഷ്യാ പ്രൊജക്ടിന്റെ അദ്ധ്യക്ഷ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
സ്വയർ ആൻഡ് സർക്കിൾ ഒഫ് ഇന്ത്യൻ ആർട്‌സ്, ഭരത: ദി നാട്യശാസ്ത്ര, മാത്രാലക്ഷണം തുടങ്ങിയവ പ്രധാനകൃതികളാണ്. കേരളവുമായി അടുത്ത ബന്ധം പുലർത്തിയ കപില 'ദ് ആർട്‌സ് ഒഫ് കേരള ക്ഷേത്രം' എന്ന പുസ്തകം രചിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |