ബംഗളൂരു: പാമ്പ് പിടുത്തക്കാരുടെ ജോലി വളരെ അപകടം പിടിച്ചതാണ്. എന്നാൽ, കർണാടകയിലെ പാമ്പ് പിടുത്തക്കാരിയും രക്ഷാപ്രവർത്തകനുമായ നിർസാര ചിട്ടിയ്ക്ക് ഇതൊക്കെ വെറും നിസാരമാണ്. സാരിയുടുത്ത്, സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ, വെറും കൈകൊണ്ട് കൂളായി നിർസാര പാമ്പിനെ പിടിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കയാണ്.
ഏകദേശം രണ്ട് മിനുട്ടോളം ദൈർഘ്യമുള്ള വീഡിയോയിൽ അലമാരയുടെ പുറകിൽ ഒളിച്ചിരിക്കുന്ന മൂർഖനെ പിടിക്കാൻ ഒരു വടിയെടുത്ത് ചെല്ലുന്ന നിർസാരയെ കാണാം. പിടിക്കപ്പെടും എന്നുറപ്പായപ്പോൾ പാമ്പ് തൊട്ടടുത്തുള്ള ചാക്കിന്റെ പുറകിൽ ഒളിക്കുന്നു. പക്ഷെ, നിർസാര ചാക്ക് മാറ്റി പുഷ്പം പോലെയാണ് മൂർഖന്റെ വാലിൽ പിടിക്കുന്നത്. അതും വെറും കയ്യോടെ, സാരിയും ധരിച്ച്.
ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ ആണ് ഒരു വീട്ടിൽ പാമ്പ് കയറിയിട്ടുണ്ടെന്ന വിവരം നിർസാരയ്ക്ക് ലഭിക്കുന്നത്. സാരി മാറി മറ്റൊരു വസ്ത്രം ഉടുക്കാനുള്ള സാവകാശം ഇല്ലാത്തതുകൊണ്ട് നിർസാര നേരെ പാമ്പ് കയറിക്കൂടിയ വീട്ടിലെത്തുകയായിരുന്നു. 'സാരി ധരിച്ച് പാമ്പിനെ പിടിക്കുന്നത് ബുദ്ധിമുട്ടാണെന്നും എന്നാൽ എങ്ങനെയെങ്കിലും പാമ്പിനെ കൈകാര്യം ചെയ്യണം എന്ന ചിന്തയായിരുന്നു മനസിലെന്നും നിർസാര വിഡിയോയിൽ പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ നിർസാരയ്ക്ക് അഭിനന്ദനപ്രവാഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |