മോസ്‌കോ: സ്‌പുട്നിക് 5 വാക്‌സിൻ പരീക്ഷിക്കുന്ന ഏഴിൽ ഒരാൾക്ക് എന്തെങ്കിലും തരത്തിലുളള പാർശ്വഫലങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്ന് റഷ്യൻ ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്കോ അറിയിച്ചു. തളർച്ചയും പേശിവേദനയുമാണ് ഇവരിൽ പൊതുവെ അനുഭവപ്പെടുന്നതെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തു.
വാക്‌സിൻ പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടത്തിന്റെ ഫല റിപ്പോർട്ടുകൾ മെഡിക്കൽ പ്രസിദ്ധീകരണത്തിൽ വന്നിട്ടുണ്ട്. ഗൗരവകരമായ പാർശ്വഫലങ്ങളൊന്നും വാക്‌സിന് ഇല്ലെന്നാണ് റിപ്പോർട്ടിലുളളത്. മാത്രമല്ല പരീക്ഷണം നടത്തിയ എല്ലാവരിലും പ്രതിരോധ ശേഷി നേടിയതായും റിപ്പോർട്ടിലുണ്ട്. അവസാനഘട്ട പരീക്ഷണങ്ങൾ ഇപ്പോൾ നടക്കുകയാണ്. 14 ശതമാനം പേർക്കാണ് ചെറിയ ശരീരപ്രശ്‌നങ്ങളും പേശിവേദനയുമുളളത്. എന്നാൽ ലക്ഷണമുളളവരിൽ പിറ്റേന്ന് തന്നെ അവയെല്ലാം ഭേദപ്പെടുന്നുമുണ്ടെന്ന് മുറാഷ്‌കോ അറിയിച്ചു.
മരുന്ന് പരീക്ഷണത്തിന് തയ്യാറായ 40,000 പേരിൽ 300 പേർക്കാണ് ഇതുവരെ പരീക്ഷണം നടത്തിയത്. ആദ്യ ഘട്ട പരീക്ഷണത്തിന് 21 ദിവസ ശേഷമാണ് രണ്ടാംഘട്ട ഇഞ്ചക്ഷൻ നൽകുക. പൊതുജനങ്ങൾക്ക് നവംബറിലോ ഡിസംബർ ആദ്യമോ നൽകുമെന്ന് റഷ്യൻ ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്മെന്റ് ഫണ്ടും ഔഷധനിർമ്മാണ കമ്പനിയായ ഡോ.റെഡ്ഡീസും 100 മില്യൺ ഡോസ് സ്‌പുട്നിക് വാക്‌സിന്റെ ഇന്ത്യയിലെ ക്ളിനിക്കൽ പരീക്ഷണങ്ങൾക്കും വിതരണത്തിനുമായി സഹകരിക്കുന്നതിന് തീരുമാനമായിട്ടുണ്ട്. ഇന്നലെയാണ് സഹകരണ തീരുമാനമുണ്ടായത്. ഇന്ത്യയിലെ റെഗുലേറ്ററി അംഗീകാരം ലഭ്യമായ ശേഷമാകും വാക്‌സിൻ പരീക്ഷണവും വിതരണവും. അനുമതി ലഭിച്ചാൽ ഈ വർഷം തന്നെ രാജ്യത്ത് റഷ്യൻ വാക്സിനെത്തും.
റഷ്യയിലെ ഗമാലേയ ദേശീയ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നും നിർമ്മിക്കുന്ന വാക്‌സിൻ റഷ്യയിൽ രജിസ്‌റ്റർ ചെയ്‌തത് ഓഗസ്‌റ്റ് 15നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |