കടയ്‌ക്കാവൂർ: കടലിന്റെ കാവലിന് പ്രതീക്ഷയോടെ തുടങ്ങിയ അഞ്ചുതെങ്ങ് തീരദേശ പൊലീസ് സ്റ്റേഷൻ അവഗണനയുടെ തടവിൽ. സെന്റ് ആഡ്രൂസ് മുതൽ കാപ്പിൽ തീരം വരെയാണ് സ്റ്റേഷന്റെ പ്രവർത്തന പരിധി. തീരദേശ പട്രോളിംഗിനായി 2019ൽ സ്റ്റേഷന് നൽകിയ ഇന്റർസെപ്‌റ്റർ ബോട്ടായ ജലറാണി പ്രവർത്തന രഹിതമായിട്ട് മാസങ്ങളായി. ഏതാനും മാസങ്ങൾ മാത്രമാണ് ഇന്റർസെപ്റ്റർ ബോട്ട് പട്രോളിംഗിനിറങ്ങിയത്. എൻജിൻ തകരാറായതിനെ തുടർന്ന് സ്റ്റേഷന് സമീപത്തെ ബോട്ട് ജെട്ടിയിൽ വിശ്രമിക്കുകയാണ് ജലറാണി. അപകടങ്ങൾ തുടർകഥയായ മുതലപ്പൊഴിക്ക് സമീപമാണ് അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ. അപകടങ്ങൾ പതിവായിട്ടും സഹായമെത്തിക്കേണ്ട തീരദേശ പൊലീസ് ബോട്ടില്ലാത്തത് കാരണം കരയിൽ നോക്കിയിരിപ്പാണ്. അതേസമയം വിഴിഞ്ഞത്ത് നിന്നെത്തിച്ച ഫിഷറീസ് വകുപ്പിൻെറ ബോട്ട് മുതലപ്പൊഴിയിലുണ്ടെങ്കിലും കോസ്റ്റൽ ഗാർഡുമാരും തീരദേശവാസികളും ഇതിൽ തൃപ്തരല്ല. ഫിഷറീസ് വകുപ്പിന്റെ ബോട്ട് വലുതായതിനാൽ അപകടങ്ങൾ കൂടുതലും നടക്കുന്ന തിരക്കുഴി ഭാഗത്ത് ഇത് അടുപ്പിക്കാനാകില്ല. ഇത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബോട്ടിന്റെ ഉയരക്കൂടുതൽ കാരണം ലൈഫ് ഗാർഡുകൾക്ക് ഇതിൽ നിന്ന് ചാടേണ്ട അവസ്ഥയാണ്.
പതിവാകുന്ന ആശങ്ക
തീരദേശ സ്റ്റേഷന്റെ ഇന്റർസെപ്‌റ്റർ ബോട്ട് സ്ഥിരം തകരാറിലാകുന്നത് മത്സ്യത്തൊഴിലാളികളെയും ആശങ്കയിലാക്കുന്നുണ്ട്. കോസ്റ്റൽ ഗാർഡായി വനിതാ പൊലീസില്ലാത്തതും പ്രവർത്തനത്തിന് ബുദ്ധിമുട്ടാകുന്നു. അപകടം പതിവായ അഞ്ചുതെങ്ങിൽ അടിയന്തരമായി തീരദേശ പൊലീസ് സ്റ്റേഷന്റെ പ്രവർത്തനത്തിനാവശ്യമായ സജീകരണങ്ങൾ നൽകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |