വാഷിംഗ്ടൺ : യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാതിക്രമണ പരാതിയുമായി 48 കാരിയായ മുൻ ഫാഷൻ മോഡൽ. നവംബറിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപിനെതിരെ ആരോപണവുമായി മോഡലായ എമി ഡോറിസ് രംഗത്തെത്തുന്നത്. ബ്രിട്ടീഷ് മാദ്ധ്യമായ ദ ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് എമിയുടെ വെളിപ്പെടുത്തൽ. 1997 സെപ്റ്റംബർ 5ന് ന്യൂയോർക്കിൽ നടന്ന യു.എസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിനിടെ വി.ഐ.പി സ്യൂട്ടിൽ വച്ചാണ് ട്രംപ് പീഡിപ്പിച്ചതെന്ന് എമി പറയുന്നു. എന്നാൽ എമിയുടെ ആരോപണം അഭിഭാഷകർ വഴി ട്രംപ് തള്ളി.
വി.ഐ.പി സ്യൂട്ടിലെ ശുചിമുറിയ്ക്ക് പുറത്ത് വച്ച് ട്രംപ് കടന്നുപിടിച്ചതായും തടുക്കാൻ ശ്രമിച്ചപ്പോൾ കൂടുതൽ ബലം പ്രയോഗിച്ച് പീഡനത്തിനിരയാക്കിയതായും എമി അഭിമുഖത്തിൽ പറഞ്ഞു. ഇതാദ്യമായല്ല ട്രംപിന് നേരെ ലൈംഗികാരോപണങ്ങൾ ഉയരുന്നത്. 1990കളിൽ ട്രംപ് തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് അമേരിക്കൻ കോളമിസ്റ്റ് ജീൻ കാരോൾ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. 2016 ൽ ഇലക്ഷന് മുമ്പ് 2005 ൽ ലൈംഗിക ചുവയോടെ ട്രംപ് സംസാരിക്കുന്ന ടേപ്പ് റെക്കോർഡിംഗും പുറത്തുവന്നിരുന്നു. ട്രംപ് ഇത് തള്ളിയെങ്കിലും പിന്നീട് ക്ഷമാപണം നടത്തിയിരുന്നു.
സംഭവം നടക്കുമ്പോൾ എമിയ്ക്ക് 24 വയസായിരുന്നു പ്രായം. ട്രംപിന് 51 വയസും. രണ്ടാം ഭാര്യയായ മാർലാ മാപ്പിൾസ് ആയിരുന്നു അന്ന് ട്രംപിന്റെ പങ്കാളി. അന്ന് ട്രംപുമായി എടുത്ത ചിത്രങ്ങളും ട്രംപിന്റെ ലൈംഗിക അതിക്രമത്തെ പറ്റി താൻ തുറന്ന് പറഞ്ഞവരേയും എമി തെളിവായി അഭിമുഖത്തിൽ നിരത്തി. എന്നാൽ എമിയുടെ വാദം വാസ്തവ വിരുദ്ധമാണെന്നും എമിയ്ക്കെതിരെ അതിക്രമം ഉണ്ടായിട്ടുണ്ടെങ്കിൽ സാക്ഷികൾ എവിടെയെന്നും ട്രംപിന്റെ അഭിഭാഷകർ ഗാർഡിയനോട് പ്രതികരിച്ചു. നവംബർ 3ന് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ പ്രേരിതമായ ഒരു ആരോപണമാണ് ഇതെന്നും അഭിഭാഷകർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |