ബാങ്കോക്ക്: രണ്ടാം ലോകമഹായുദ്ധ കാലത്ത് തെക്കുകിഴക്കൻ ഏഷ്യയിൽ മുങ്ങിപ്പോയ അമേരിക്കൻ നേവിയുടെ അന്തർവാഹിനിയായ ഗ്രനേഡിയറിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി. തായ്‌ലൻഡിലെ തെക്കൻ പ്രദേശത്ത് നിന്ന് 150 കിലോമീറ്റർ അകലെ മലാക്കാ കടലിടുക്കിൽ 270 അടി താഴ്‌ചയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 77 വർഷം മുൻപ് കാണാതായതാണിത്.
സിംഗപ്പൂർ സ്വദേശിയായ ജീൻ ലൂക്ക് റിവോയറും ഫ്രാൻസ് സ്വദേശി ബെനോയിറ്റ് ലേബറിയും തായ്‌ലൻഡിലെ ഫൂക്കറ്റിലുള്ള ആസ്‌ട്രേലിയക്കാരായ ലാൻസ് ഹൊറോവിറ്റ്‌സും ബെൽജിയം സ്വദേശിയായ ബെൻ റെയ്മാനന്റ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
മത്സ്യത്തൊഴിലാളികളുടെ സഹായവും ഗവേഷകർക്ക് ലഭിച്ചു. കടലിടുക്കിൽ നിന്നുള്ള ഫോട്ടോകളും മറ്റ് തെളിവുകളും യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് നേവൽ ഹിസ്‌റ്ററി ആൻഡ് ഹെറിറ്റേജ് കമാൻഡിലേക്ക് അയച്ച് നൽകി. ഇവർ നടത്തിയ പരിശോധനയിലാണ് ഗ്രനേഡിയറിന്റെ ഭാഗങ്ങളാണ് ഇതെന്ന് വ്യക്തമായത്.
1943 മാർച്ച് 20ന് ആസ്‌ട്രേലിയയിലെ ഫ്രീമാന്റിൽ നിന്ന് മലാക്കാ കടലിടുക്കിലേക്കും വടക്ക് ആൻഡമാൻ കടലിലേക്കും സഞ്ചരിച്ച ഗ്രനേഡിയർ ജപ്പാൻ സൈന്യത്തിന്റെ ആക്രമണത്തിൽ തകർന്നുവെന്നാണ് റിപ്പോർട്ടുകൾ. കപ്പലിൽ ഉണ്ടായിരുന്ന 76ലധികം പേരും ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടുവെങ്കിലും ജപ്പാൻ സൈന്യം ഇവരെ പിടികൂടുകയും രഹസ്യകേന്ദ്രത്തിൽ തടവിലാക്കുകയും ചെയ്‌തു. പട്ടിണിയും മർദ്ദനവും മൂലം ഇവരിൽ പലരും കൊല്ലപ്പെട്ടു. ലോകത്തെ മുഴുവൻ ആശങ്കയിലാഴ്‌ത്തി രണ്ട് വർഷം മുമ്പ് വടക്കൻ തായ്‌ലൻഡിലെ വെള്ളം നിറഞ്ഞ ഗുഹയിൽ കുടുങ്ങിയ വിദ്യാർത്ഥികളെയും പരിശീലകനെയും രക്ഷിച്ച സംഘത്തിലെ അംഗമാണ് മുങ്ങൽ വിദഗ്ദ്ധനായ റെയ്മാനന്റ്സ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |