ഗോൺസാലസിനെതിരെ അന്വേഷണം
പാരിസ്:ഫ്രഞ്ച് ലീഗിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ മാഴ്സ താരം അൽവാരോ ഗോൺസാലസിന്റെ തലയ്ക്ക് പിന്നിൽ ഇടിച്ചതിന് പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ രണ്ടു മത്സരങ്ങളിൽ നിന്ന് വിലക്കിയതായി ലീഗ് 1 സംഘാടകർ പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം അൽവാരോ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന നെയ്മറുടെ ആരോപണം അന്വേഷിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.പി.എസ്.ജി ഡിഫൻഡർ ലെവിൻ കുർസാവയെ ആറു മത്സരങ്ങളിൽ നിന്നാണ് വിലക്കിയിരിക്കുന്നത്. മാഴ്സ താരം ജോർദാൻ അമാവിക്ക് മൂന്നു മത്സര വിലക്കും ലഭിച്ചു.
പി.എസ്.ജി മാഴ്സ മത്സരത്തിന്റെ ഇൻജുറി ടൈമിലായിരുന്നു ഇരു ടീമിലെയും താരങ്ങൾ തമ്മിൽ മൈതാനത്ത് ഏറ്റുമുട്ടിയത്. നെയ്മർ ഉൾപ്പെടെ അഞ്ചു പേർക്കാണ് ചുവപ്പ് കാർഡ് ലഭിച്ചത്. 12 താരങ്ങൾക്ക് മഞ്ഞക്കാർഡും കിട്ടി.
മത്സരത്തിൽ പി.എസ്.ജി ഏകപക്ഷീയമായ ഒരുഗോളിന് തോൽക്കുകയും ചെയ്തു.