തിരവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തെ ബന്ധപ്പെടുത്തി ' ആറ്റുകാൽ ടൗൺഷിപ്പി ' നായുള്ള ചർച്ചകൾ തുടങ്ങി 16 വർഷം കഴിഞ്ഞിട്ടും പദ്ധതി എങ്ങുമെത്തിയില്ല. നിയമസഭയ്‌ക്കകത്തും പുറത്തുമൊക്കെ പ്രഖ്യാപനങ്ങളും വന്നു, പണവും അനുവദിച്ചു. പദ്ധതി രേഖകളും തയ്യാറാക്കി. ആറ്രുകാൽ ടൗൺഷിപ്പ് പദ്ധതിയുടെ ഭാവി എന്താണെന്നാണ് തലസ്ഥാന വാസികളുടെ ചോദ്യം. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വരുന്ന ആറ്രുകാലിൽ തീർത്ഥാടകരുടെ സൗകര്യത്തിനായി ഉപകേന്ദ്രങ്ങളും ഗതാഗത സൗകര്യവും ഷോപ്പിംഗ് കോംപ്ലക്‌സുകളും പദ്ധതിയിലുണ്ടായിരുന്നു. 250 കോടിയുടെ പദ്ധതിയായിരുന്നു ഇത്. 2016 ജനുവരിയിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായി സിഡ്‌കോ കരട് പദ്ധതി രേഖ തയ്യാറാക്കിയ ട്രിഡയ്ക്ക് സമർപ്പിച്ചിരുന്നു. തിരുവനന്തപുരം ഡെവലപ്മെന്റ് അതോറിട്ടിക്ക് (ട്രിഡ) ആയിരുന്നു പദ്ധതിയുടെ ചുമതല. 29 വാർഡുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വികസനം മൂന്ന് ഘട്ടങ്ങളിൽ
അമ്പലത്തിന്റെ ചുറ്റുവട്ടത്തുള്ള 50 ഏക്കർ സ്ഥലത്താണ് ഒന്നാംഘട്ടം. ഇവിടെ പിൽഗ്രിം സബ് സെന്റർ, പാർക്കിംഗ് ഏരിയ, ഉദ്യാനം, മെഡിക്കൽ സെന്റർ, ഷോപ്പിംഗ് കോംപ്ലക്‌സ്, ഫയർസ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. ആറ്രുകാൽ ടൗൺഷിപ്പിന് മാത്രമായി സ്വിവറേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കാനും തീരുമാനിച്ചതാണ്. ആറ്രുകാലുമായി ബന്ധപ്പെട്ട പ്രധാന റോഡുകളുടെ വീതികൂട്ടലും പദ്ധതിയിലുണ്ടായിരുന്നു.
രണ്ടാംഘട്ടം
ആറ്റുകാൽ ക്ഷേത്രപരിസരത്തിന് ചുറ്റുമായി ഏകദേശം 480 ഏക്കർ സ്ഥലമാണ് സമഗ്ര ആസൂത്രിത നഗര പ്രദേശമാക്കി മാറ്റാനുള്ള രണ്ടാം മേഖല. (കിള്ളിപ്പാലം അട്ടക്കുളങ്ങര റോഡ്, അട്ടക്കുളങ്ങര കളിപ്പാൻകുളം ചിറമുക്ക്, ചിറമുക്ക് കാലടി, കിള്ളിയാർ എന്നീ പ്രദേശങ്ങളാണ് ഇതിൽ)
മൂന്നാംഘട്ടം
പദ്ധതി നടപ്പാക്കുന്ന 29 വാർഡുകളെയും മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്താനായിരുന്നു തീരുമാനം. വാർഡ് തലത്തിൽ നടപ്പാക്കാൻ കഴിയുന്ന പദ്ധതികളും നഗര വികസനമായി ബന്ധപ്പെടുന്ന വാർഡുകളിലെ പ്രധാന വികസന പദ്ധതികളും ഈ ഘട്ടത്തിലാണ് നടപ്പിലാക്കാൻ ഉദ്ദേശിച്ചത്.
100 കോടി വകയിരുത്തി
2016-17ലെ റിവൈസ്ഡ് ബഡ്‌ജറ്റിൽ പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തിയിരുന്നു. ആറ്റുകാൽ പൊങ്കാല സമയത്ത് വിവിധ സർക്കാർ വകുപ്പുകൾ നിരവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്. വാട്ടർ അതോറിട്ടി, നഗരസഭ, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയ വിഭാഗങ്ങളെല്ലാം അവരുടേതായ പ്രവർത്തനത്തിലേർപ്പെടും. പൊങ്കാല വന്നാൽ റോഡുകളെല്ലാം ധൃതി പിടിച്ച് ടാറിടും. പൊങ്കാലയ്ക്ക് വരുന്ന ജനങ്ങൾ തിരിച്ചുപോകുന്നതോടെ ടാറും പോകും. പൊങ്കാല സമയത്ത് കൃത്യമായി അഴുക്കുചാൽ ശുചീകരണം നടത്താറുണ്ട്. കുടിവെള്ളത്തിനുള്ള സംവിധാനവും താത്കാലികമായി ഒരുക്കും. എന്നാൽ സ്ഥിരമായ വികസനമാണ് ഈ പദ്ധതി കൊണ്ടുദ്ദേശിച്ചത്. പദ്ധതിക്ക് അനുവദിച്ച പണം കൊണ്ട് ഈ പരിപാടികൾ നടത്തുകയാണ് അധികൃതർ ചെയ്‌തത്.
ആദ്യം ട്രിഡയാണ് പദ്ധതിയുമായി മുന്നോട്ടുവന്നത്. ട്രിഡ ജിറ്റ്പാക്കിനെ പദ്ധതിരേഖ ഉണ്ടാക്കാൻ ചുമതലപ്പെടുത്തിയിരുന്നു. അവർക്ക് കൃത്യമായി പണം കൊടുത്തോ എന്നറിയില്ലെന്നാണ് അധികൃതർ പറയുന്നത്. പിന്നെയാണ് സിഡ്കോയെ ചുമതല ഏല്പിച്ചത്.
ഭൂമിയും പ്രശ്‌നമായി
വികസനം വേണമെങ്കിലും റോഡ് വേണമെങ്കിലും ഭൂമി വേണം. 2013ലെ പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ 500 കോടി രൂപയെങ്കിലും കെട്ടിവച്ചാലേ ഭൂമിയേറ്റെടുക്കാനാകൂ എന്ന സ്ഥിതിയായി. ആറ്റുകാൽ ട്രസ്റ്റിന്റെ കൈവശവും വേണ്ടത്ര ഭൂമിയില്ല. അവർ ഭൂമി പല സമയത്തായി പലരിൽ നിന്നും വാങ്ങിയതാണ്. ഭൂമി കണ്ടെത്തൽ തന്നെയാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രതികൂല ഘടകം. മണക്കാട് - ചിറമുക്ക്, മണക്കാട് - കൊഞ്ചിറവിള, ചിറമുക്ക് - അമ്പലത്തറ റോഡുകളുടെ വീതി കൂട്ടാമെന്ന് നിയമസഭയിൽ 2016ൽ സ്ഥലം എം.എൽ.എ ഒ. രാജഗോപാലിന് അധികൃതർ ഉറപ്പുനൽകിയിരുന്നതാണ്.
വിവിധ വകുപ്പുകൾ ഒരുമിച്ചാൽ മാത്രമേ ഈ പദ്ധതി നടത്താനാവൂ.
അതിനുള്ള ആർജവം സർക്കാർ കാണിക്കണം
ഒ. രാജഗോപാൽ എം.എൽ.എ
ഞാൻ നൽകിയ പ്രോജക്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പണം അനുവദിച്ചത്.
വിചാരിച്ചാൽ സ്ഥലമേറ്റെടുപ്പ് പ്രശ്‌നമാകില്ല.
വി. ശിവൻകുട്ടി, മുൻ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |