മലയാലപ്പുഴ: റബറിന്റെ വിലയിടിവ് മൂലം നഷ്ടത്തിലായ ഹാരിസൺ കമ്പനി റബർത്തോട്ടങ്ങളിൽ ഇടവിളയായി കൊക്കോ നടുന്നു. മലയാലപ്പുഴ പഞ്ചായത്തിലെ കുമ്പഴത്തോട്ടത്തിൽ ഹെക്ടർ കണക്കിന് പ്രദേശത്താണ് കൊക്കൊക്കൃഷി വ്യാപകമാക്കുന്നത്. ചെറുകിട കർഷകരും റബർത്തോട്ടങ്ങളിൽ കൊക്കോ തൈകൾ വച്ചു പിടിപ്പിക്കുകയാണ്. 1970 ൽ സംസ്ഥാനത്ത് വ്യാപകമായി കൊക്കോ കൃഷി ആരംഭിച്ചിരുന്നു. തുടക്കത്തിൽ നല്ല വില ലഭിച്ചിരുന്നെങ്കിലും പിന്നിട്ടുണ്ടായ വിലക്കുറവിൽ പലരും കൃഷിയുപേക്ഷിക്കുകയായിരുന്നു. തൈകൾ നട്ട് നാലു വർഷം മുതൽ വിളവെടുക്കാനാകും. ഭാഗികമായ സൂര്യപ്രകാശത്തിൽ വളരുന്ന കൊക്കോ റബറിനൊപ്പം വളർത്താവുന്ന ദീർഘകാല ഇടവിളയാണ്. ഇവ റബറിന്റെ ഉത്പാദനക്ഷമതയെയോ വളർച്ചയേയോ ദോഷകരമായി ബാധിക്കുന്നില്ല. സംസ്ഥാനത്തെ കാലവസ്ഥയ്ക്ക് അനുയോജ്യമായ ഉഷ്ണമേഖല സസ്യമായ കൊക്കോയിൽ നിന്ന് 5 വർഷം പ്രായമാകുമ്പോൾ മുതൽ വിളവ് ലഭിച്ചുതുടങ്ങും പ്രത്യേക പരിചരണം വേണ്ടെന്ന പ്രത്യേകതയുമുണ്ട്. ചോക്ലേറ്റ് ഉൾപ്പെടയുള്ള ഭക്ഷ്യവസ്തുക്കൾക്കായാണ് കൊക്കോ ഉപയോഗിക്കുന്നത്. റബറിനൊപ്പം ഇടവിളയായി കാപ്പി, വാനില, പാഷൻഫ്രൂട്ട് തുടങ്ങിയവയും പല കർഷകരും പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്.
തൈകൾ നടുന്ന വിധം
റബറിന് ഇടവിളയായി ഒരേക്കർ സ്ഥലത്ത് 200 തൈകൾ നടാൻ കഴിയും. രണ്ട് നിര റബർത്തൈകൾക്കിടയിൽ ഒരു നിരയായി ഇവ കൃഷി ചെയ്യാം. ഒന്നരയടി സമചതുരവും താഴ്ചയുമുള്ള കുഴികളെടുത്ത് 6.7, 3. 4 അടി ഇടയകലം നൽകിയാണ് തൈകൾ നടുന്നത്. സി.ടി 40 ഇനം മുന്തിയ കൊക്കോ തൈകളാണ് നടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |