ന്യൂഡൽഹി:കർഷകരുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത എതിർപ്പിനിടെ കാർഷിക ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷവും കോൺഗ്രസും അവതരണത്തെ എതിർക്കുന്നുണ്ട്. ബിൽ എങ്ങനെയും പാസാക്കിയെടുക്കാനാണ് സർക്കാർ നീക്കം. കഴിഞ്ഞദിവസം ലോക്‌സഭയിൽ ബില്ലുകൾ പാസാക്കിയിരുന്നു. മൃഗീയ ഭൂരിപക്ഷമുളള ലോക്‌സഭയിൽ ബില്ലുകൾ പാസാക്കിയതുപോലെ എളുപ്പമാകില്ല രാജ്യസഭയിൽ. എൻ ഡി എയെ പിന്തുണയ്ക്കുന്ന ചില കക്ഷികൾ കാർഷിക ബില്ലിന്റെ കാര്യത്തിൽ എതിർപക്ഷത്തായതാണ് സർക്കാരിനെ അലട്ടുന്നത്. ഈ സാഹചര്യം മുന്നിൽക്കണ്ട് ബി ജെ പി യും കോൺഗ്രസും അംഗങ്ങൾക്ക് പാർട്ടി വിപ്പ് നൽകിക്കഴിഞ്ഞു. കാർഷികോത്പന്നങ്ങളുടെ വ്യാപാര-വാണിജ്യ ബിൽ, വിലസ്ഥിരതയും സേവനങ്ങളുമായി ബന്ധപ്പെട്ട കർഷകകരാർ ബിൽ, അവശ്യവസ്തു നിയമഭേദഗതി ബിൽ എന്നിവയാണ് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കുന്നത്.
കൊവിഡ് ബാധിച്ച് പല പാർട്ടിയിലെയും നിരവധി അംഗങ്ങൾക്ക് സഭയിൽ എത്താൻ കഴിയാത്തത് ഇരുപക്ഷത്തെയും അങ്കലാപ്പിലാക്കുന്നുണ്ട്. രാജ്യസഭയിലെ 12പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരോട് സമ്പർക്കത്തിൽ വന്നവരും സഭയിലെത്താനിടയില്ല. ഇത് ആരെ തുണയ്ക്കുമെന്നതാണ് ആശങ്ക കൂട്ടുന്നത്. 245 അംഗ രാജ്യസഭയിൽ രണ്ടുസീറ്റ് ഒഴിഞ്ഞുകിടക്കുന്നതിനാൽ ബിൽ പാസാവാൻ 122 വോട്ടുവേണം. ബി.ജെ.പി.ക്കുമാത്രം 86 അംഗങ്ങളുണ്ട്.
ജൂൺ അഞ്ചിന് ഇറക്കിയ ഓർഡിനൻസുകൾ പിൻവലിച്ചാണ് ബില്ലുകൾ കൊണ്ടുവന്നത്. നേരത്തേ ഓർഡിനൻസുകളെ പിന്തുണച്ചിരുന്ന എൻ ഡി എയിലെ ഘകടകക്ഷികളിൽ ചിലർ ബില്ലിനെ എതിർക്കുന്നതാണ് സർക്കാരിന്റെ പ്രധാന തലവേദന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |