കോട്ടയം: കൊച്ചിയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ നുഴഞ്ഞു കയറിയ അൽ ക്വ ഇദ ഭീകരരെ എൻ.ഐ.എ പിടികൂടിയതിനു പിന്നാലെ ജില്ലയിലും അതീവ ജാഗ്രതാ നിർദേശം. സംസ്ഥാനത്ത് ആദ്യമായി ഭീകര ക്യാമ്പ് നടന്നെന്നു കണ്ടെത്തിയത് ജില്ലയിലായിരുന്നു. ഈ സാഹചര്യത്തിൽ ജില്ലയിലെ നാലു സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രതയോടെയുള്ള പരിശോധനകളാണ് പുരോഗമിക്കുന്നത്.
ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ കുമരകം, മുൻപ് സിമി ക്യാമ്പ് നടന്നതായി കണ്ടെത്തിയ വാഗമൺ, ഈരാറ്റുപേട്ട, ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന പായിപ്പാട് എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലാണ് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഈ സ്ഥലങ്ങളിലെ രഹസ്യാന്വേഷണ വിഭാഗങ്ങളോട് ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും സംശയാസ്‌പദമായ സാഹചര്യങ്ങളിൽ കാണുന്നവരെ നിരീക്ഷിക്കാനും ആവശ്യമെങ്കിൽ കസ്റ്റഡിയിൽ എടുക്കാനുമാണ് നിർദേശം.
പായിപ്പാട് ഒന്നാമത്
കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ അടക്കം കർശന നിരീക്ഷണത്തിൽ നിർത്തിയിരിക്കുന്ന സ്ഥലമാണ് ചങ്ങനാശേരിയിലെ പായിപ്പാട്. പൊലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തെ അടക്കം ഞെട്ടിച്ച് പായിപ്പാട് ഇതരസംസ്ഥാന തൊഴിലാളികൾ ലോക്ക് ഡൗൺ ലംഘിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. മുൻപ് സിമിക്യാമ്പ് നടന്ന വാഗമണ്ണാണ് മറ്റൊരു കേന്ദ്രം. ഇത് കൂടാതെ വി.വി.ഐ.പിമാരടക്കം എത്തുന്ന കുമരകത്തും മത സംഘടനകൾക്ക് കൂടുതൽ സ്വാധീനമുള്ള ഈരാറ്റുപേട്ടയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നിരീക്ഷണത്തിൽ
സ്ഥിരമായി താമസ സ്ഥലം മാറുന്ന അന്യസംസ്ഥാന തൊഴിലാളികൾ
ലോക്ക് ഡൗണിലും നാട്ടിൽ പോകാതിരിക്കുന്നവരുടെ ഇടപാടുകൾ
ജോലിയ്ക്കു പോകാതെ താമസ സ്ഥലത്തു തന്നെ തമ്പടിക്കുന്നവർ
നിഷേധിച്ച് പൊലീസ് മേധാവി
ജില്ലയിൽ പ്രത്യേക പരിശോധന നടത്താൻ നിർദേശം നൽകിയിട്ടില്ല. സാധാരണ കരുതൽ മാത്രമേ ഉള്ളൂ. ഒരു ഏജൻസിയും മറിച്ചുള്ള നിർദേശങ്ങൾ നൽകിയിട്ടില്ല.
ജി.ജയദേവ്, ജില്ലാ പൊലീസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |