ന്യൂഡൽഹി: ഇന്നലെ കാർഷിക ബില്ലുകൾ പാസാക്കുന്നതിനിടെ രാജ്യസഭയിലുണ്ടായ സംഭവങ്ങളുടെ പേരിൽ കേരളത്തിൽ നിന്നുളള എം പിമാരായ കെ.കെ രാഗേഷും എളമരം കരീമും ഉൾപ്പടെ എട്ടുപേരെ രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു സസ്പെൻഡുചെയ്തു. ബി ജെ പി അംഗങ്ങളുടെ പരാതിയെത്തുടർന്നാണ് നടപടി.
അദ്ധ്യക്ഷവേദിയിലെ മൈക്ക് പിടിച്ചുവലിക്കുകയും സഭയുടെ റൂൾബുക്ക് കീറിയെറിയുകയും ചെയ്ത തൃണമൂൽ കോൺഗ്രസ് അംഗം ഡെറിക് ഒബ്രയനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഡെറിക് ഒബ്രയനെ പേരെടുത്ത് പറഞ്ഞാണ് താക്കീതുചെയ്തത്. ഡെറിക്കിനോട് സഭ ചേർന്നയുടൻ തന്നെ പുറത്ത് പോകാൻ വെങ്കയ്യ നായിഡു ആവശ്യപ്പെടുകയായിരുന്നു. കാർഷിക ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്നത് മോശം കാര്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
സഞ്ജയ് സിംഗ്, രാജു സതാവ്, റിപ്പുൻ ബോര, ദോള സെൻ, സെയ്ദ് നാസർ ഹുസൈൻ എന്നിവരാണ് സസ്പെൻഷൻ ലഭിച്ച മറ്റ് എം പിമാർ. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ. സസ്‌പെൻഷൻ ലഭിച്ചവർ പുറത്തുപോകാൻ വിസമ്മതിച്ച് പ്രതിഷേധിച്ചതോടെ സഭകുറച്ചുസമയം നിറുത്തിവയ്ക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |