ന്യൂഡൽഹി: ഡിജിറ്റൽ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേണ്ടവിധം പരിശോധിക്കപ്പെടുന്നില്ലെന്നും ഇവയിലൂടെ പലപ്പോഴും മനപൂർവമായ വ്യാജപ്രചരണങ്ങൾ പടർത്തുന്നുണ്ടെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പ്രതിച്ഛായ തന്നെ തകർക്കുന്ന ഇവ ഭീകരവാദം നടത്തുന്നെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചു. അതിനാൽ സുപ്രീംകോടതി തന്നെ ഡിജിറ്റൽ, വെബ് മാദ്ധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഇലക്‌ട്രോണിക് മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്ന തീരുമാനം പാർലമെന്റിലേക്ക് വിട്ടുതരണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
മാർഗരേഖകൾ നൽകണമെന്നാണ് കോടതി തീരുമാനമെങ്കിൽ ആദ്യം ഇവയെ നിയന്ത്രിക്കാൻ കോടതി തയ്യാറാകണമെന്ന് കേന്ദ്രം കോടതിയിൽ അറിയിച്ചു. ഇത് സർക്കാർ കോടതിയ്‌ക്ക് നൽകുന്ന രണ്ടാമത് സത്യവാങ്മൂലമാണ്. സർക്കാർ സർവീസിൽ മുസ്ളീങ്ങൾ നുഴഞ്ഞുകയറുന്നു എന്ന സുദർശൻ ടിവിയുടെ വിവാദ പരാമർശമാണ് കേസിന് ആസ്‌പദമായത്.
ഇലക്‌ട്രോണിക് മാദ്ധ്യമങ്ങൾക്ക് നിയന്ത്രണങ്ങളില്ല. അഥവാ നിയന്ത്രണങ്ങൾ വേണമെങ്കിൽ സുപ്രീംകോടതി വെബ് മാഗസിനുകൾ,വെബ് വാർത്താ ചാനലുകൾ,വെബ് പത്രങ്ങൾ എന്നിവയ്‌ക്കും നിയന്ത്രണം ഏർപ്പെടുത്താൻ സുപ്രീംകോടതി നിർദ്ദേശിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. മുൻപ് സർക്കാർ നൽകിയ സത്യവാങ്‌മൂലത്തിൽ ഡിജിറ്റൽ മാദ്ധ്യമങ്ങളെ നിയന്ത്രിക്കും മുൻപ് വിവിധ വെബ് പോർട്ടലുകൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കോടതി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാരണം ഇവയ്ക്ക് ജനങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കാനാകുന്നുണ്ട്.വാട്‌സ് ആപ്പ്, ട്വിറ്റർ, ഫേസ്‌ബുക്ക്,യൂടൂബ് പോലെയുളള ആപ്പുകൾ വഴി ഡിജിറ്റൽ മാദ്ധ്യമങ്ങൾ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. അതിനാൽ മതിയായ ചട്ടക്കൂടിലുളള ഉത്തരവ് കോടതി പുറപ്പെടുവിക്കണമെന്നാണ് ആദ്യ സത്യവാങ്‌മൂലത്തിലുളളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |