കാൻബെറ: ഒരു ഭീമാകാരൻ മുതല മുന്നിൽപ്പെട്ടാൽ എന്തു ചെയ്യും എന്ന് ചോദിക്കേണ്ട കാര്യമില്ല, ആരായാലും ജീവനും കൊണ്ട് ഓടും . എന്നാൽ, ആസ്ട്രേലിയൻ ടി.വി അവതാരകനായ മാറ്റ് റൈറ്റ് മുതലയോട് പറഞ്ഞത് ഒന്ന് ശല്യമുണ്ടാക്കാതെ പോകാനാണ്. അനുസരിക്കാത്തതുകൊണ്ട് ചിറിക്കിട്ടൊരു കുത്തും കൊടുത്തു. ഔട്ട്ബാക്ക് റാൻഗ്ളർ എന്ന പരിപാടിയിലൂടെ പ്രശസ്തനാണ് മാറ്റ്. നോർത്ത് ടെറിട്ടറിയിലെ ഒരു പുഴയുടെ കൈവഴി വൃത്തിയാക്കുന്നതിനിടെയാണ് മാറ്റിനും സുഹൃത്ത് ടോമിയ്ക്കുമടുത്തേക്ക് 13 അടി നീളമുളള ബോൺ ക്രഞ്ചർ വിഭാഗത്തിൽപ്പെട്ട മുതല വരുന്നത്. മുതലയെ ഒരു പട്ടിക്കുട്ടിയെ എന്ന പോലെ മാറ്റ് വളരെ കൂളായി കൈകൊണ്ട് മാറ്റി നിറുത്തുകയാണ്. ദേഷ്യം വന്ന മുതല വായ തുറന്നുപിടിച്ച് മാറ്റിനടുത്തേക്ക് വരുന്നതും ഇയാൾ തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലുണ്ട്. അടുത്തു വരുന്ന മുതലയെ ഒരു പേടിയുമില്ലാതെയാണ് മാറ്റ് മുഖത്ത് പിടിച്ച് തള്ളി മാറ്റുന്നത്. വാലിന്റെ അടികൊണ്ട് എതിരാളിയുടെ എല്ലു തകർക്കാൻ ശേഷിയുള്ള ബോൺ ക്രഞ്ചർ വിഭാഗത്തിൽപ്പെട്ട മുതലയെ ആണ് മാറ്റ് ഒരു കളിക്കോപ്പിനെയെന്നപോലെ നേരിടുന്നത്. സാധാരണയായി ഉപ്പുവെള്ളത്തിൽ കാണപ്പെടുന്ന ഇവ വളരെ അപകടകാരികളാണെന്നും മാറ്റ് പറയുന്നു. ഞാൻ ഇവിടെ കൊതുകിനെ കൊല്ലുന്നു നിങ്ങൾ അവിടെ മുതലയെ ഓടിക്കുന്നു എന്നാണ് ഒരു ആരാധകൻ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. രണ്ടര ലക്ഷത്തോളം പേർ ഇതുവരെ വീഡിയോ കണ്ടു കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |