തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ അന്വേഷണത്തിന് മടിച്ച് സംസ്ഥാന സർക്കാർ. രണ്ട് കോടി എഴുപത്തിനാലു ലക്ഷം രൂപയാണ് ട്രഷറി സോഫ്‌റ്റ്‌വെയറിലെ പിഴവ് മുതലാക്കി ജീവനക്കാരനായ ബിജുലാൽ തട്ടിയെടുത്തത്. കേസ് വിജിലൻസിന് കൈമാറണമെന്ന് പ്രത്യേക പൊലീസ് സംഘം ശുപാർശ നൽകി ഒരുമാസം കഴിഞ്ഞിട്ടും ആഭ്യന്തര വകുപ്പ് തുടർനടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല.
ധനകാര്യ വകുപ്പിലെ ഉന്നതരെ സംരക്ഷിക്കാനാണ് വിജിലൻസ് അന്വേഷണ ശുപാർശയ്‌ക്ക് മേൽ സർക്കാർ തീരുമാനമെടുക്കാത്തത് എന്നാണ് പ്രധാന ആക്ഷേപം. അന്വേഷണം വ്യാപിപ്പിച്ചപ്പോൾ സോഫ്‌റ്റ്‌വെയർ പിഴവുകൾ കണ്ടെത്തുന്നതിൽ ട്രഷറിയിലെ ഉന്നത ഉദ്യോഗസ്ഥർക്കും വീഴ്ച പറ്റിയെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന് നഷ്‌ടം വരുത്തിയ മുഴുവൻ ഉദ്യോഗസ്ഥരെയും കണ്ടെത്താൻ വിജിലൻസ് അന്വേഷണത്തിന് പൊലീസ് ശുപാർശ നൽകിയത്.
സിറ്റി പൊലീസ് കമ്മിഷണർ ഇക്കാര്യമനുസരിച്ച് ഡി.ജി.പിക്ക് കത്തയച്ചു. ഡി.ജി.പി കത്ത് ആഭ്യന്തര വകുപ്പിന് കൈമാറുകയും ചെയ്‌തു. മാസമൊന്നു കഴിഞ്ഞിട്ടും ആഭ്യന്തര വകുപ്പ് തുടർ നടപടിയെടുത്തിട്ടില്ല. സോഫ്‌റ്റ്‌വെയറിലെ പിഴവാണ് തട്ടിപ്പിന് ഇടയാക്കിയത് എന്ന് കണ്ടെത്തിയതിനാൽ സോഫ്റ്റ്‍വെയർ നിർമ്മാണ കരാറിനെ കുറിച്ചടക്കം വിജിലൻസ് അന്വേഷണം വേണ്ടി വരും. ഇത് ധനകാര്യ വകുപ്പിലെ ഉന്നതരിലേക്ക് നീളാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മറ്റ് സർക്കാർ സ്ഥാപനങ്ങളിലെ സോഫ്‌റ്റ്‌വെയറുകളെ കുറിച്ചും അന്വേഷണം നടത്തേണ്ടി വരുന്ന സാഹചര്യമുണ്ടാകുമെന്നും സർക്കാർ കരുതുന്നു. ഈ രണ്ട് സാദ്ധ്യതകളും കണക്കിലെടുത്താണ് വിജിലൻസ് അന്വേഷണ ശുപാർശയിന്മേൽ ആഭ്യന്തരവകുപ്പ് ഇഴഞ്ഞുനീങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |