ആയിരക്കണക്കിന് കാൻസർ രോഗികൾ നട്ടം തിരിയും
തൃശൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാൻസർ രോഗികളുടെ വാർഡ് അടച്ച് സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നീക്കം. അടുത്തിടെ കൊവിഡ് പ്രതിരോധ പ്രവർത്തനം പോലും പാളിയ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് നീക്കം നടക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനം അടുത്ത ദിവസം ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചർച്ചകൾ നടന്നിരുന്നു.
പുതിയ സംവിധാനം ഏർപ്പെടുത്തിയാൽ ആയിരക്കണക്കിന് സാധാരണക്കാരായ രോഗികൾ ദുരിതത്തിലാക്കും. പ്രവർത്തനം മുഴുവൻ സർക്കാർ സംവിധാനത്തിലാണെന്ന് പറയുന്നുണ്ടെങ്കിലും രോഗികളെയും ജീവനക്കാരെയും സംബന്ധിച്ച് പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയാണ്. നിലവിൽ കാൻസർ രോഗികളെ ചികിത്സിക്കുന്ന നെഞ്ച് രോഗാശുപത്രിയിലെ വാർഡ് കൊവിഡ് വാർഡാക്കി മാറ്റുന്നുവെന്ന കാരണം പറഞ്ഞാണ് സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ മാറ്റുന്നത്.
നെഞ്ചു രോഗാശുപത്രിയിലെ 120 കിടക്കകൾ ഇതിനോടകം കൊവിഡ് വാർഡാക്കി മാറ്റുന്നതിന് വിട്ടു നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കാൻസർ ചികിത്സാ വാർഡ് പോലും ഏറ്റെടുക്കുന്നത്. നിലവിൽ വിട്ടുകൊടുത്ത വാർഡുകളിൽ പോലും രോഗികളെ പൂർണമായി കിടത്തിയിട്ടില്ല. കൊവിഡ് സ്ഥിരീകരിച്ചവരെ പ്രദേശികതലങ്ങളിൽ തയ്യാറാക്കിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റെ സെന്ററുകളിലാണ് പ്രവേശിപ്പിക്കുന്നത്. ചികിത്സയ്ക്ക് മെഡിക്കൽ കോളേജിലെ കാൻസർ വിഭാഗം ഡോക്ടർമാരെ അങ്ങോട്ട് നിയമിക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
തീരുമാനം വന്നാൽ കാൻസർ സംബന്ധമായ ചികിത്സ തേടിയെത്തുന്നവർക്ക് സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് പോകേണ്ട സ്ഥിതി വിശേഷം ഉണ്ടാകും. ഇത് രോഗികളെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. തൃശൂർ, പാലക്കാട്. മലപ്പുറം ജില്ലകളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തുന്നത്. വർഷങ്ങളായി കാൻസർ ചികിത്സ നടത്തുന്ന രോഗികൾ നിരവധിയാണ്. ഇവർ ചികിത്സ തേടിയെത്തിയാൽ തന്നെ ഇവരുടെ മെഡിക്കൽ റിപ്പോർട്ട് എത്തിക്കുന്നതിനും അന്ന് തന്നെ ചികിത്സ നടത്തുന്നതിനും ഏറെ ബുദ്ധിമുട്ട് നേരിടുമെന്ന ആശങ്കയുണ്ട്.
രോഗികൾക്കും ജീവനക്കാർക്കും താമസിക്കേണ്ട സ്ഥിതിയും വരും. ഇപ്പോൾ തന്നെ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് നേരിടുന്ന നെഞ്ചുരോഗാശുപത്രിയിൽ നിന്ന് കാൻസർ ചികിത്സയ്ക്ക് ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും മാറ്റുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കും. ലോക്ഡൗൺ പ്രഖ്യാപിച്ച മാസങ്ങളിൽ പോലും പതിനായിരത്തിൽ താഴെ കാൻസർ രോഗികൾ ഒ.പിയിൽ എത്തിയിരുന്നു.
രോഗികളുടെ ബുദ്ധിമുട്ട്
രോഗികളെ മാറ്റുന്നത് കൊവിഡ് പ്രതിരോധം പാളിയ അശുപത്രിയിലേക്ക്
മാറ്റം കാൻസർ വാർഡും കൊവിഡ് വാർഡാക്കുന്നതിന്റെ ഭാഗമായി
ഗവ. മെഡി. കോളേജിലെ രോഗികളുടെ തുടർചികിത്സയ്ക്ക് തടസമാകും
മെഡിക്കൽ റിപ്പോർട്ടും രേഖകളും ലഭ്യമാക്കാൻ വെകും, ചികിത്സ വൈകും
കൊവിഡ് സ്ഥിരീകരിച്ച ഫെബ്രുവരി മുതൽ കാൻസർ ചികിത്സയുമായി
ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയവർ
ഐ.പി - 32396
ഒ.പി--46706
കീമോ -22240
കോബാൾട്ട്- 9936
പ്രതിമാസ കണക്ക്
ഫെബ്രുവരി
ഐ.പി- 4442
ഒ.പി- 8590
കീമോ- 2096
കോബാൾട്ട്- 1706
മാർച്ച്
ഐ.പി- 4011
ഒ.പി- 6299
കീമോ- 2601
കോബാൾട്ട്- 700
ഏപ്രിൽ
ഐ.പി- 3105
ഒ.പി- 4918
കീമോ- 1552
കോബാൾട്ട്- 696
മേയ്
ഐ.പി- 4343
ഒ.പി- 6079
കീമോ- 1983
കോബാൾട്ട്- 1545
ജൂൺ
ഐ.പി- 4161
ഒ.പി- 6468
കീമോ- 2052
കോബാൾട്ട്- 1598
ജൂലായ്
ഐ.പി- 4499
ഒ.പി- 6642
കീമോ- 2194
കോബാൾട്ട്- 1778
ഓഗസ്റ്റ്
ഐ.പി- 4759
ഒ.പി- 3916
കീമോ- 8329
കോബാൾട്ട്- 1123
സെപ്തംബർ ഇതുവരെ
ഐ.പി- 3076
ഒ.പി- 3794
കീമോ- 1433
കോബാൾട്ട്- 790
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |