വാഷിംഗ്ടൺ: ഇന്തോ- അമേരിക്കൻസ് രാജ്യത്തിന്റെ സാമ്പത്തിക ഉന്നതിയിൽ സുപ്രധാന പങ്കുവഹിച്ചെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയും മുൻ വൈസ് പ്രസിഡന്റുമായ ജോ ബൈഡൻ. ഇന്തോ- അമേരിക്ക സംഘടിപ്പിച്ച വെർച്ച്വൽ ധന സമാഹരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പ്രസിഡന്റ് എന്ന നിലയിൽ എച്ച്-1 ബി വിസ, നിയമാനുസൃത കുടിയേറ്റം എന്നിങ്ങനെ ഇന്ത്യൻ - അമേരിക്കൻ സമൂഹം ഉയർത്തുന്ന വിവിധ വിഷയങ്ങളിൽ ഇടപെടലുകൾ ഉണ്ടാകുമെന്നും ഏറ്റവും മികച്ചവരെ അമേരിക്കയിലേക്ക് ആകർഷിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ഒരു സമൂഹം രാജ്യത്തിനായി എന്തെല്ലാം ചെയ്തുവെന്ന് ആലോചിക്കണമെന്നും ബൈഡൻ പറഞ്ഞു.
യു.എസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ബിസിനസ് സംരംഭങ്ങൾ നടത്തുന്നവർ, സിലിക്കൺവാലിയുടെ അടിസ്ഥാനപരമായ കണ്ടുപിടിത്തങ്ങൾ നടത്തിയവർ, ലോകത്തെ ഏറ്റവും സുപ്രധാന കമ്പനികളെ നയിക്കുന്നവർ അങ്ങനെയല്ലാവരും ഈ സമൂഹത്തിൽ നിന്നുമുള്ളവരാണ്.’ - ബൈഡൻ പറഞ്ഞു.
അമേരിക്കയിലെ ചലനാത്മകമായ സാമ്പത്തിക സാംസ്‌കാരിക വ്യവസ്ഥയിൽ സുപ്രധാന പങ്കുവഹിച്ചവരാണ് ഇന്തോ - അമേരിക്കകാരെന്ന് പല തവണ ആവർത്തിച്ച ബൈഡൻ കുടിയേറ്റക്കാരുടെ രാജ്യമാണ് അമേരിക്ക എന്നും പറഞ്ഞു.
എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടുകൾക്കെതിരെയും ബൈഡൻ സംസാരിച്ചു. എച്ച് -1ബി വിസ, വംശീയത, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെ തെറ്റായ തീരുമാനങ്ങളെല്ലാം വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഈ പ്രസിഡന്റ് കാര്യങ്ങൾ നേരെയാക്കുന്നവനല്ല, എല്ലാം വഷളാക്കുന്നവനാണ്’- ട്രംപിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് ബൈഡൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |